ദുബൈ: ദുബൈയിലെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ കോവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെൻറർ, ദേര സിറ്റി സെൻറർ എന്നിവിടങ്ങളിലാണ് പരിശോധന. പൊതുജനങ്ങൾക്ക് ബുക്ക് ചെയ്ത ശേഷം മാളുകളിൽ എത്തി സൗകര്യം പ്രയോജനപ്പെടുത്താം. കോവിഡ് പരിശോധന നിർബന്ധമാക്കപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പരിശോധന തുടങ്ങിയിരിക്കുന്നത്.രാവിലെ 11 മുതൽ വൈകീട്ട് ആറു വരെയായിരിക്കും പ്രവർത്തനം. എല്ലാ ദിവസവും ഇവ പ്രവർത്തിക്കും.
ഡി.എച്ച്.എയുടെ ടോൾ ഫ്രീ നമ്പറായ 800342ൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം വേണം പരിശോധനക്ക് പോകാൻ. 150 ദിർഹമാണ് നിരക്ക്. 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.അതേസമയം, പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ മാളുകളിലെ പരിശോധന കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ല. ചികിത്സപരമല്ലാത്ത ആവശ്യങ്ങൾക്കായാണ് പരിശോധന. ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ പി.സി.ആർ പരിശോധനഫലം നിർബന്ധമാണ്.
അബൂദബിയിലേക്ക് പ്രവേശിക്കണമെങ്കിൽ പി.സി.ആർ പരിശോധനയുടെയോ ലേസർ പരിശോധനയുടെയോ ഫലം ആവശ്യമാണ്. ഇവർക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് സെൻററുകൾ സജ്ജീകരിച്ചിരിക്കുന്നത്. ദിവസം 180 പരിശോധനകൾ നടത്താനുള്ള സൗകര്യം ഓരോ കേന്ദ്രങ്ങളിലുമുണ്ട്.ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖ്വത്തമി മൂന്നു കേന്ദ്രങ്ങളും സന്ദർശിച്ചു.
ദുബൈ കോവിഡ് കൺട്രോൾ സെൻറർ മേധാവി ഡോ. അമർ അഹ്മദ് ഷരീഫ്, ഡി.എച്ച്.എ നഴ്സിങ് സെക്ടർ സി.ഇ.ഒ ഡോ. ഫരീദ അൽ ഖാജ, ജോയൻറ് കോർപറേറ്റ് സപ്പോർട്ട് സർവിസ് സി.ഇ.ഒ അഹ്മദ് അൽ നുഐമി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.