അബൂദബി: കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് അബൂദബി. വ്യാപാര സ്ഥാപനങ്ങളിലും വിനോദ കേന്ദ്രങ്ങളിലെ ചടങ്ങുകളിലും ഇ.ഡി.എ, തെര്‍മല്‍ സ്കാനറുകള്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം,
ഷോപ്പിങ് മാളുകള്‍ അടക്കമുള്ള പ്രധാന പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അൽഹുസ്ന് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് അനിവാര്യമാണ്.
കഴിഞ്ഞവര്‍ഷം മുതലാണ് പ്രവേശനകവാടങ്ങളില്‍ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിച്ചറിയുന്നതിന് മുഖം സ്കാന്‍ ചെയ്യുന്ന ഇ.ഡി.ഇ സ്കാനറുകള്‍ നിര്‍ബന്ധമാക്കിയത്. ശരീര താപനില കണ്ടെത്തുന്നതിനാണ് തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചത്.
പൊതു ഇടങ്ങളില്‍ നിര്‍ബന്ധമാക്കിയിരുന്ന ഇ.ഡി.ഇ, തെര്‍മല്‍ സ്കാനര്‍ സംവിധാനങ്ങള്‍ ഒഴിവാക്കിയതായും പകരം അൽഹുസ്ൻ ആപ്പിലെ ഗ്രീന്‍ പാസ് ഉപയോഗിക്കാമെന്നും അബൂദബി സാമ്പത്തിക വികസന വകുപ്പ് വിജ്ഞാപനത്തില്‍ അറിയിച്ചു. കോവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവുവന്നതിനെ തുടര്‍ന്നാണ് നടപടി.
ഗ്രീന്‍ പാസിന്റെ സാധുത 30 ദിവസമായി വര്‍ധിപ്പിച്ചും ഐസൊലേഷന്‍ കാലാവധി അഞ്ചുദിവസമാക്കി കുറച്ചും അബൂദബിയില്‍ പ്രവേശിക്കുന്ന ക്രൂസ് ഷിപ്പുകളിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഗ്രീന്‍ പാസ് കാണിക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിച്ചും അബൂദബി കഴിഞ്ഞമാസം ഒട്ടേറെ കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ക്രൂസ് ഷിപ്പുകള്‍ നല്കുന്ന കാര്‍ഡുകളോ റിസ്റ്റ് ബാന്‍ഡുകളോ കാണിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
വീടകങ്ങളില്‍ ചികിത്സ പദ്ധതിയുമായി റാക് ഹോസ്പിറ്റല്‍
റാസല്‍ഖൈമ: ആരോഗ്യസേവനങ്ങള്‍ വീടകങ്ങളിലെത്തിക്കാന് ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് പദ്ധതിയുമായി റാക് ഹോസ്പിറ്റല്‍. ബസില്‍ സര്‍വ സൗകര്യങ്ങളുമൊരുക്കിയാണ് റാക് ഹോസ്പിറ്റല്‍ വടക്കന്‍ എമിറേറ്റുകളിലെ ആദ്യ സഞ്ചരിക്കുന്ന ആശുപത്രി സേവനത്തിന് തുടക്കം കുറിക്കുന്നതെന്ന് റാക് ഹോസ്പിറ്റല്‍ എക്സി. ഡയറക്ടര്‍ ഡോ. റാസാ സിദ്ദീഖി പറഞ്ഞു.
അത്യാധുനിക ആരോഗ്യ സേവനങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പ്രതിരോധ കുത്തിവെപ്പുകള്‍, വിശദ പരിശോധനക്കുള്ള സാമ്പിള്‍ ശേഖരണം തുടങ്ങിയവയെല്ലാം ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.