ദുബൈ: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നതിെൻറ ഭാഗമായി മുലയൂട്ടുന്ന സ്ത്രീകൾക്കും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഫൈസർ-ബയോടെക് വാക്സിൻ സ്വീകരിക്കാമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) പ്രഖ്യാപിച്ചു. കോവിഡ് രോഗ വിമുക്തി നേടിയവർ മൂന്നുമാസത്തിന് ശേഷമേ വാക്സിൻ സ്വീകരിക്കാവൂ എന്ന നിബന്ധനക്കും മാറ്റം വരുത്തിയിട്ടുണ്ട്. മിതമായ അണുബാധയുള്ളതോ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതോ ആയവർക്ക് ക്വാറൻറീൻ പൂർത്തീകരിക്കുന്ന പക്ഷം വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഏറ്റവും പുതിയ അന്തർദേശീയ പഠനങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസൃതമായി, യു.എ.ഇയിലെ കോവിഡ് -19 ശാസ്ത്രീയ സമിതി എടുത്ത തീരുമാനം അന്താരാഷ്ട്ര മാർഗനിർദേശങ്ങളുമായി യോജിക്കുന്നതാണെന്ന് ഡി.എച്ച്.എയുടെ ക്ലിനിക്കൽ സപ്പോർട്ട് സർവിസസ്, നഴ്സിങ് സെക്ടർ സി.ഇ.ഒയും കോവിഡ് -19 വാക്സിനേഷൻ സ്റ്റിയറിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഡോ. ഫരീദ അൽ ഖജ പറഞ്ഞു.
സജീവമായ കോവിഡ് അണുബാധയുള്ള രോഗിയാണെങ്കിൽ വാക്സിനേഷൻ എടുക്കുന്നതിന് ക്വാറൻറീൻ കാലാവധി പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം. അണുബാധ കഠിനമായി ആശുപത്രിയിൽ പ്രവേശിക്കേണ്ടതുണ്ടെങ്കിൽ, അണുബാധക്ക് ശേഷം വാക്സിനേഷൻ നൽകാനുള്ള സമയപരിധി രോഗിയെ ചികിത്സിച്ച മെഡിക്കൽ ടീമിെൻറ തീരുമാനത്തെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, എല്ലാ മിതമായ കേസുകൾക്കും രോഗലക്ഷണങ്ങളില്ലാത്ത കേസുകൾക്കും ക്വാറൻറീൻ കാലയളവ് പൂർത്തിയാക്കിയ ശേഷം വാക്സിൻ എടുക്കാം -അൽ ഖജ പറഞ്ഞു.
മുലയൂട്ടുന്ന അല്ലെങ്കിൽ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് എം.ആർ.എൻ.എ വാക്സിൻ സുരക്ഷിതമാണെന്ന് ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു.വാക്സിനുകൾക്കോ ഏതെങ്കിലും വാക്സിൻ ഘടകങ്ങൾക്കോ മെഡിക്കൽ വൈരുധ്യങ്ങളില്ലെങ്കിൽ, ഏറ്റവും പുതിയ ഡി.എച്ച്.എ വാക്സിൻ മാർഗനിർദേശങ്ങൾ അനുസരിച്ച് മുലയൂട്ടുന്ന അമ്മമാർക്ക് ഇപ്പോൾ വാക്സിൻ സ്വീകരിക്കാൻ കഴിയും.
വാക്സിൻ സ്വീകരിക്കുന്നതിനുമുമ്പോ ശേഷമോ മുലയൂട്ടൽ നിർത്തേണ്ട ആവശ്യമില്ല -ലത്തീഫ ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ സി.ഇ.ഒ ഡോ. മുന തഹ്ലക് പറഞ്ഞു.കോവിഡ് വാക്സിനുകൾക്ക് രോഗമുണ്ടാക്കാതെ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാൻ കഴിയുമെന്നും അവയിൽ തത്സമയ വൈറസ് അടങ്ങിയിട്ടില്ലെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും ഡോ. തഹ്ലക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.