അബൂദബി: തലസ്ഥാനത്തേക്ക് ചരക്കുമായി വരുന്ന ട്രക്കുകളുടെയും ഹെവി വാഹനങ്ങളുടെയും എല്ലാ ഡ്രൈവർമാരും ഏഴു ദിവസത്തിനിടെ കോവിഡ് നെഗറ്റിവായതിെൻറ പി.സി.ആർ പരിശോധന ഫലം ഹാജരാക്കണമെന്ന് നിർദേശം. ഫെബ്രുവരി ഒന്ന് മുതലാണ് ട്രക്ക് ഡ്രൈവർമാർക്ക് അബൂദബിയിലേക്ക് പ്രവേശിക്കാൻ പുതിയ നിയന്ത്രണം നിലവിൽ വരുന്നത്. അതേസമയം, കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ഡ്രൈവർമാർക്ക് സൗജന്യ പി.സി.ആർ പരിശോധന നൽകും. അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റി അപ്ഡേറ്റ് ചെയ്ത പുതിയ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, വാക്സിൻ എടുക്കാത്ത മുഴുവൻ ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഏഴ് ദിവസം കൂടുമ്പോൾ പി.സി.ആർ പരിശോധനയും നിർബന്ധമാക്കി. ഒരു ഡോസ് വാക്സിനെടുത്ത ജീവനക്കാർക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നത് വരെയും ഈ നിബന്ധന തുടരും. രണ്ടാമത്തെ ഡോസ് എടുത്തവർ വാക്സിൻ നടപടി പൂർത്തിയാക്കി എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യപരമായി വാക്സിനെടുക്കാൻ കഴിയാത്ത ജീവനക്കാർ ഇതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം ഓരോ ഏഴ് ദിവസവും പി.സി.ആർ പരിശോധനക്ക് വിധേയമാക്കാനും സർക്കാർ നിർദേശിച്ചു. സർക്കാറിന് വേണ്ടി ജോലി ചെയ്യുന്ന കൺസൾട്ടൻസികളുടെ ജീവനക്കാരും വിദഗ്ധരും ഓരോ മൂന്ന് ദിവസം കൂടുമ്പോഴും പി.സി.ആർ പരിശോധന നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.