ദുബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ ജാഗ്രത വേണമെന്ന് അധികൃതർ. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്. ഡിസംബർ ആറിന് പ്രതിദിന രോഗികൾ 48 ആയിരുന്നിടത്തുനിന്ന് കേസുകൾ പത്തിരട്ടിയിലേറെയാണ് രണ്ടാഴ്ചക്കകം വർധിച്ചത്. ബുധനാഴ്ച മാത്രം 665 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂടിച്ചേരലുകളിൽ കരുതലുണ്ടാവുക തുടങ്ങിയവ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് വക്താവ് ഡോ. നൂറ അൽ ഗൈത്തി പറഞ്ഞു. വ്യക്തിശുചിത്വം പാലിച്ചും പ്രതിരോധ നടപടികളുമായി സഹകരിച്ചും രോഗപ്രതിരോധത്തിന് സഹായിക്കണമെന്ന് സമൂഹത്തിലെ അംഗങ്ങളോട് അഭ്യർഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
18 വയസ്സ് പിന്നിട്ട മുഴുവൻ യു.എ.ഇ താമസക്കാരും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവരാണ് ബൂസ്റ്ററിന് ബുക്ക് ചെയ്യേണ്ടത്. ബൂസ്റ്റർ കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറക്കാൻ സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് വർധിച്ചിട്ടില്ല എന്നത് ആശ്വാസം പകരുന്നുണ്ട്. നിലവിൽ ആശുപത്രികളിൽ 55 ശതമാനം ഐ.സി.യു കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഒമിക്രോൺ വകഭേദം ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യസാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ആരോഗ്യവകുപ്പ് വെളിപ്പെടുത്തി.
അബൂദബിയിൽ ജീവനക്കാർക്ക് ആഴ്ചയിൽ പി.സി.ആർ
അബൂദബി: അബൂദബിയിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഏഴുദിവസം കൂടുമ്പോൾ നിർബന്ധമായി പി.സി.ആർ പരിശോധനക്ക് വിധേയരാവണമെന്ന് നിർദേശം. ഡിസംബർ 26 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നതെന്ന് അബൂദബി സർക്കാറിെൻറ മീഡിയ ഓഫിസ് അറിയിച്ചു. അബൂദബി ദുരന്ത നിവാരണ കമ്മിറ്റിയും സർക്കാർ ഡിപാർട്ട്മെൻറുകളും സഹകരിച്ച് പി.സി.ആർ പരിശോധന സൗകര്യം ഏർപ്പെടുത്തുമെന്നും മീഡിയ ഓഫിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.