ദുബൈ: കോവിഡ് മഹാമാരി രൂക്ഷമായ കാലയളവില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രവര്‍ത്തനമാണ് കെ.എം.സി.സി നിര്‍വഹിച്ചതെന്നും കൊറോണ വൈറസിന് മുന്നില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പോലും അന്തിച്ചുനിന്ന ഘട്ടത്തില്‍ മനുഷ്യ സമൂഹത്തെ രക്ഷിച്ചെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി ഘടകങ്ങള്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും മലപ്പുറം ജില്ല പ്രസിഡൻറുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി ദുബൈ ഫ്ലോറ ഇന്‍ ഹോട്ടലില്‍ ഒരുക്കിയ വിവിധ സംസ്ഥാനങ്ങളിലെ കെ.എം.സി.സികളുടെ ഉന്നതതല സമിതിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂര്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സംഘമായി നീങ്ങുമ്പോള്‍ അല്ലാഹുവിെൻറ സഹായം ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് ആത്മാർഥതയുടെ നിറകുടങ്ങളായ കെ.എം.സി.സി പ്രവര്‍ത്തകരെ ഇത്രയും ഉന്നതമായ നന്മ നിറവേറ്റാന്‍ പ്രചോദിപ്പിച്ചിട്ടുള്ളത്. കോവിഡ് കാലയളവില്‍ മാത്രമല്ല, അതിന് മുമ്പ് സംഭവിച്ച രണ്ടു പ്രളയ ഘട്ടങ്ങളിലും സര്‍ക്കാറുകള്‍ പോലും നോക്കിനില്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പോലും, മുസ്ലിം ലീഗും കെ.എം.സി.സിയും അടക്കമുള്ള മനുഷ്യസ്നേഹികള്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ എത്ര ഉൽകൃഷ്ടമാണെന്നത് നമുക്ക് മുന്നില്‍ ചരിത്രമായുണ്ട്.
കെ.എം.സി.സിയുടെ സേവനം കണ്ട് സംസ്ഥാന സര്‍ക്കാറിന് ആ മഹത്തായ മാതൃക പിന്‍പറ്റേണ്ടി വന്നു. കെ.എം.സി.സി എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം അടിയന്തര ഘട്ടങ്ങളില്‍ അര്‍ഹര്‍ക്ക് സഹായമെത്തിക്കുന്നു. ബംഗളൂരുവില്‍ ഒരു അത്യാഹിതമുണ്ടായപ്പോള്‍ അവിടെ സഹായവുമായി കെ.എം.സി.സി രംഗത്ത് വന്നു. കെ.എം.സി.സിയുള്ളതിനാലാണ് തങ്ങള്‍ക്ക് മോചനം ലഭിച്ചതെന്നും ഇങ്ങനെയൊരു സംഘടന തങ്ങള്‍ക്കില്ലാതെ പോയല്ലോ എന്നും പറയുന്ന അസംഖ്യം പേര് ഇന്ന് സമൂഹത്തിലുണ്ടായത് അഭിമാനകരമാണ്.
ഹാമിദ് കോയമ്മ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡൻറ് അഷ്റഫ് പള്ളിക്കണ്ടം, അഡ്വൈസറി ബോര്‍ഡ് അംഗം സി.കെ. അബ്ദുല്‍ മജീദ്, വിവിധ സംസ്ഥാന കെ.എം.സി.സി നേതാക്കളായ ഷുക്കൂറലി കല്ലുങ്ങല്‍ (അബൂദബി), ഹുസൈനാര് ഹാജി എടച്ചാക്കൈ (ദുബൈ), സൂപ്പി പാതിരിപ്പറ്റ (അജ്മാന്), അബ്ദുല്ല ചേലേരി (ഷാര്‍ജ), സെയ്തലവി തായാട്ട് (റാസല്‍ഖൈമ), ഹാഷിം തങ്ങള്‍ (അല്‍ ഐന്‍), അബൂബക്കര്‍ ഹാജി (ഉമ്മുല്ഖുജവൈന്), റാഷിദ് ജാതിയേരി (ഫുജൈറ) എന്നിവര്‍ സംസാരിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍ (ദുബൈ), അസീസ് കാളിയാടന്‍ (അബൂദബി), സിറാജ് (ഫുജൈറ), ഹംസ തൊട്ടിയില്‍, ഇസ്മായില്‍ ഏറാമല (ദുബൈ), നൗഷാദ് (അല്‍ ഐന്‍) എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര സ്വാഗതവും വൈസ് പ്രസിഡൻറ് എം.പി.എം. റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.