ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) കോവിഡ് വാക്സിനേഷൻ കാമ്പയിൻ വിപുലീകരിക്കുന്നു. താമസ വിസയുള്ള 40 വയസ്സും അതിനുമുകളിൽ പ്രായമുള്ള എല്ലാ താമസക്കാർക്കും വാക്സിൻ എടുക്കാനായി രജിസ്ട്രേഷൻ നടത്താമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. മറ്റ് എമിറേറ്റുകളിൽനിന്ന് താമസ വിസ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവർ ദുബൈയിൽ താമസിക്കുന്നവരാണെങ്കിൽ അത്തരക്കാർക്കും വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യാമെന്നും ഡി.എച്ച്.എ അധികൃതർ വ്യക്തമാക്കി.
സമൂഹത്തിെൻറ ആരോഗ്യവും സുരക്ഷയും ഏറ്റവും ഉയർന്ന തോതിൽ ഉറപ്പാക്കുന്നതിന് സമഗ്രമായ നടപടികൾ സ്വീകരിക്കാനുള്ള ശൈഖ് മുഹമ്മദ് ബിൻ റാഷിദിെൻറ നിർദേശങ്ങളെ തുടർന്നാണ് പ്രവാസികൾ ഉൾപെടെയുള്ള എല്ലാ താമസക്കാർക്കും കോവിഡ് വാക്സിൻ എടുക്കാനുള്ള സൗകര്യമൊരുങ്ങുന്നത്. വാക്സിൻ സ്വീകരിക്കാനുള്ള പ്രായപരിധി വിപുലീകരിച്ചത് മലയാളികളുൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് ഏറെ സൗകര്യപ്രദമാകും.
സജീവമായി വാക്സിൻ സ്വീകരിക്കുന്നതിനിടെ ഇടക്കുവെച്ച് 60 വയസ്സ് പിന്നിട്ടവർക്ക് മാത്രമായി വാക്സിനേഷൻ പരിമിതപ്പെടുത്തിയിരുന്നു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശത്തോടെ പഴയരീതി പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ് ദുബൈയിലുടനീളമുള്ള ഡി.എച്ച്.എ വാക്സിനേഷൻ കേന്ദ്രങ്ങൾ. പുതുതായി ഉൾപ്പെടുത്തിയ വിഭാഗങ്ങൾക്ക് ബുധനാഴ്ച മുതൽ ഡി.എച്ച്്.എ ആപ് അല്ലെങ്കിൽ ഡി.എച്ച്്്.എ കോൺടാക്റ്റ് സെൻറർ വഴി വാക്സിനേഷൻ അപ്പോയിൻറ്മെൻറ് എടുക്കാനാവും. 800 342 നമ്പറിൽ വിളിച്ച് സെൻററുമായി ബന്ധപ്പെടാം.
വാക്സിൻ സ്വീകരിക്കാൻ യോഗ്യതയുള്ളവർ
1. എല്ലാ ഇമാറാത്തി പൗരന്മാരും (16 വയസ്സും അതിൽ കൂടുതലുമുള്ളവർ),
2. 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ താമസക്കാർ,
3. 40 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ സാധുവായ ദുബൈ വിസ ഉടമകൾ
4. വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്ന സാധുവായ ദുബൈ റസിഡൻറ് വിസ ഉടമകൾ
5. നിശ്ചയദാർഢ്യ വിഭാഗത്തിൽപെടുന്നവർ (16 വയസ്സും അതിൽ കൂടുതലുമുള്ളവർ),
6. കോവിഡ് മുൻനിര പോരാളികൾ
7. സുപ്രധാന മേഖലയിലെ തൊഴിലാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.