ദുബൈ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ തരംഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വാക്സിൻ ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് അധികൃതർ. ഡിസംബർ രണ്ടിലെ ദേശീയ ദിനാഘോഷത്തിെൻറ കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിക്കവെയാണ് സർക്കാർ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. പല രാജ്യങ്ങളിലും പുതിയ തരംഗത്തിന് കാരണമായത് മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്തതും വാക്സിനേഷൻ പൂർത്തിയാക്കാത്തതിനാലുമാണെന്നും സർക്കാർ വക്താവ് ചൂണ്ടിക്കാട്ടി.
നിലവിൽ രാജ്യത്ത് സിനോഫാം വാക്സിനെടുത്ത് ആറുമാസം പിന്നിട്ടവരാണ് പ്രധാനമായും ബൂസ്റ്റർ സ്വീകരിക്കുന്നത്. പ്രായമായവരെയും രോഗബാധിതരായവരെയും ബൂസ്റ്റർ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. യാത്ര ആവശ്യങ്ങൾക്കായി ബൂസ്റ്റർ സ്വീകരിച്ചവരും ഏറെയുണ്ട്. എന്നാൽ മുഴുവൻ പേരും ബൂസ്റ്റർ സ്വീകരിക്കൽ അനിവാര്യമായിത്തീരും എന്നാണ് അധികൃതർ സൂചന നൽകിയിരിക്കുന്നത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയദിനാഘോഷത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു. വ്യക്തികൾ 1.5 മീറ്റർ ശാരീരിക അകലം പാലിക്കുക, അഭിവാദ്യം ചെയ്യുന്നത് ദൂരെ നിന്നാവുക, വേദികൾ 80 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കുക എന്നിവ ഇവയിൽ പ്രധാനപ്പെട്ട നിർദേശങ്ങളാണ്. മാസ്ക് ധരിക്കുന്നതും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
96 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് ഒത്തുചേരലുകളിലും പരിപാടികളിലും പങ്കെടുക്കാൻ എത്തുന്നവർ ഹാജരാക്കണമെന്നും നിർദേശത്തിൽ പറയുന്നു. സുരക്ഷിതമായി ആഘോഷിക്കണമെന്നും ആരോഗ്യത്തിനും സുരക്ഷക്കും വേണ്ടി നടത്തിയ പരിശ്രമങ്ങൾ സംരക്ഷിക്കുന്നതിന് സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വക്താവ് ഡോ. താഹിർ അൽ അമീരി പറഞ്ഞു. യു.എ.ഇയിൽ നിലവിൽ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ പേർ ഇതിനകം വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 99ശതമാനത്തിന് മുകളിൽ ആളുകളും ഒരു ഡോസെങ്കിലും സ്വീകരിച്ചവരുമാണ്. ചൊവ്വാഴ്ച യു.എ.ഇയിൽ 70 പുതിയ കോവിഡ് കേസുകളും 86 കോവിഡ് വിമുക്തിയുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.