ദുബൈ: ഓവർടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ തൊഴിൽ മന്ത്രാലയം. ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജീവനക്കാർക്ക് അധികസമയം ജോലി നൽകാൻ പാടില്ലെന്ന് മന്ത്രാലയം നിർദേശിക്കുന്നു. എന്നാൽ, ചില ഇളവുകളും ഇക്കാര്യത്തിൽ മന്ത്രാലയം നൽകുന്നുണ്ട്. ഓവർ ടൈം ജോലി ചെയ്യണമെന്ന് ജീവനാക്കാരോട് ആവശ്യപ്പെടാൻ തൊഴിൽ ദാതാവിന് അവകാശമുണ്ട്. എന്നാൽ, ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയ ജോലി ചെയ്യിക്കാൻ പാടില്ലെന്ന് യു.എ.ഇ തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർ ടൈം ജോലി ചെയ്യിക്കാം.
സ്ഥാപനത്തിന് നാശനഷ്ട സാഹചര്യം ഉടലെടുക്കുക, അടിയന്തര ഘട്ടങ്ങളോ സംഭവങ്ങളോ ഉണ്ടാവുക, പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും നഷ്ടത്തിന്റെ തോത് കുറക്കാനും ജീവനക്കാരന്റെ സേവനം ആവശ്യം വരിക എന്നിങ്ങനെയുള്ള ഘട്ടങ്ങളിൽ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർ ടൈം ജോലിയെടുപ്പിക്കാം. പക്ഷെ, മൂന്നാഴ്ചയിൽ മൊത്തം ജോലി സമയം 144 മണിക്കൂറിൽ അധികമാകരുതെന്ന് മന്ത്രാലയം കർശന നിർദേശം നൽകുന്നു.
സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിട്ട നിർദേശങ്ങളിലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. യു.എ.ഇ തൊഴിൽ നിയമവും എക്സിക്യൂട്ടീവ് റെഗുലേഷൻസും അനുസരിച്ച മാനദണ്ഡമാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശക്തമായ നിയമങ്ങളാണ് യു.എ.ഇ നടപ്പിലാക്കി വരുന്നത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഏർപെടുത്തിയ ഇൻഷ്വറൻസ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ജോലി പോയാൽ മൂന്ന് മാസം വരെ ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ജീവനക്കാർക്ക് മാസം അഞ്ച് ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷ്വറൻസിന്റെ ഭാഗമാകാം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.