ഷാർജ: പുതിയ അധ്യയനവർഷാരംഭത്തിൽ കുട്ടികളുടെ ബസ് യാത്ര സുഗമമാക്കുന്നതിനായി സുരക്ഷ ശിൽപശാല സംഘടിപ്പിച്ചു. ഷാർജയിലെ ചൈൽഡ് സേഫ്റ്റി ഡിപാർട്ട്മെന്റ് (സി.എസ്.ഡി) ആണ് അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ ‘സ്കൂൾ ബസ് സേഫ്റ്റി ഗോൾഡൻ റൂൾസ്’ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചത്. ഷാർജയിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ നിന്നുമുള്ള 1,200ഓളം ബസ് ഡ്രൈവർമാരും സൂപ്പർവൈസർമാരും പങ്കെടുത്തു.
ഷാർജ പൊലീസ്, എമിറേറ്റ്സ് ട്രാൻസ്പോർട്ട്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച പ്രത്യേക പരിശീലനവും മാർഗനിർദേശവും നൽകി. വേഗപരിധി പാലിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കുക, അപകടമോ തീപിടിത്തമോ ഉണ്ടാകുമ്പോൾ ശരിയായ മാർഗങ്ങളും നടപടിക്രമങ്ങളും പാലിക്കുക തുടങ്ങിയ നിർണായക സുരക്ഷാ വശങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി.
2023-2024 അധ്യയനവർഷത്തോടനുബന്ധിച്ചുള്ള ശിൽപശാല സി.എസ്.ഡിയുടെ സമഗ്രമായ വാർഷിക പ്രചാരണ കാമ്പയിനായ ‘അവരുടെ സുരക്ഷ ആദ്യം’ എന്നതിന്റെ തുടർച്ചയാണ്.
അടിയന്തര ഘട്ടങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഹോട്ട്ലൈൻ നമ്പർ 800700 ൽ വിവരം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.