ദുബൈ: കുട്ടികൾക്ക് പേരിടുക എന്നത് വളരെ ശ്രമകരവും രസകരവുമായ കാര്യമാണ്. അത് സിംഹക്കുട്ടികളാണെങ്കിലോ? രണ്ട് സിംഹക്കുട്ടികൾക്ക് പേരു നൽകാൻ ഇതാ നമ്മുടെ കുട്ടികൾക്ക് അവസരം. ദുബൈസഫാരി പാർക്കിൽ ഇൗയിടെ പിറന്ന ആൺ പെൺ വെള്ള സിംഹങ്ങൾക്ക് ദുബൈ നഗരസഭയുടെ സോഷ്യൽമീഡിയാ പേജുകൾ വഴിയാണ് ആകർഷകമായ പേരുകൾ നിർദേശിക്കേണ്ടത്. മികച്ച പേര് നിർദേശിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൈ നിറയെ സമ്മാനങ്ങൾ കിട്ടും.
കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും മൃഗങ്ങളെയും പരിസ്ഥിതിയെയും കുറിച്ച് കൂടുതൽ അറിവു പകരാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഉദ്യമമെന്ന് ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത അറിയിച്ചു. ദുബൈ സഫാരിയിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന വിജ്ഞാന^ബോധവത്കരണ പരിപാടികളുമുണ്ടാവും.ഇൗ മാസം ആദ്യം പിറന്ന സിംഹക്കുട്ടികൾ അമ്മയുടെ ലാളനയിലും ഡോക്ടർമാരുടെ പരിചരണത്തിലുമാണ്. തെക്കെ ആഫ്രിക്കയിലെ തിംബാവതി മേഖലയിൽ നിന്നാണ് വെള്ള സിംഹങ്ങളെ ലഭിച്ചത്.
ഏറെ അപൂർവമായ ഇൗ വിഭാഗത്തെ വംശനാശം സംഭവിച്ച മൃഗങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടില്ല, എന്നാൽ സംരക്ഷണത്തിനായി പ്രത്യേക ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. ഇൗ വർഷം തന്നെ പൊതുജനങ്ങൾക്കായി തുറന്നു െകാടുക്കുന്ന ദുബൈ സഫാരിയിൽ സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. കാലാവസ്ഥ അനുകൂലമാവുന്നതോടെ ഉദ്ഘാടനം ചെയ്യാനാണ് ആലോചന. 119 ഹെക്ടർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ദുബൈ സഫാരിയിൽ വിവിധ വിഭാഗത്തിൽപ്പെട്ട 3,000 തരം ജന്തുവർഗങ്ങളാണുണ്ടാവുക. ഏഷ്യൻ വില്ലേജ്,ആഫ്രിക്കൻ വില്ലേജ്, ഒാപ്പൺ സഫാരി വില്ലേജ്, കുട്ടികളുടെ പാർക്ക് എന്നിങ്ങനെ പല രീതിയിൽ തിരിച്ചാണ് ഇവിടെ വിനോദങ്ങളൊരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.