അബൂദബി: ചുഴലിക്കാറ്റ്, സൂനാമി, മണൽക്കാറ്റ് എന്നിവ സംബന്ധിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാവുന്ന സംവിധാനം യു.എ.ഇയും ഇന്ത്യയും സംയുക്തമായി വികസിപ്പിക്കാൻ ധാരണ. ഇതിനായി ഇരു രാജ്യങ്ങളും റഡാർ ശൃംഖലകൾ സംയോജിപ്പിക്കുകയും ഉപഗ്രഹ വിവരങ്ങൾ കൈമാറുകയും ചെയ്യും. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുക്കുന്ന ചുഴലിക്കാറ്റ് ഒമാൻ തീരത്ത് എത്തുമ്പോൾ വൻ നാശത്തിന് കാരണമാകാമെങ്കിലും യു.എ.ഇക്കും സൗദി അറേബ്യക്കും ഇതിെൻറ സമ്മർദം കൂടുതലായിരിക്കാമെന്നും വിലയിരുത്തുന്നു.
യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രവും ഇന്ത്യൻ ഭൗമശാസ്ത്ര മന്ത്രാലയവും സംയുക്തമായി നടത്തിയ ഓൺലൈൻ മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടത്. ഭൂകമ്പ വിവരങ്ങൾ പങ്കിടൽ, പൊടി പടലങ്ങളെയും കൊടുങ്കാറ്റുകളെയും കുറിച്ച് മുന്നറിയിപ്പ്, ശാസ്ത്രീയ കണ്ടുപിടിത്തം, ഗവേഷണം, പരിശീലനം എന്നിവയിൽ വിദഗ്ധരുടെയും പരിചയ സമ്പന്നരുടെയും കൈമാറ്റവും കരാറിൽ ഉൾപെടുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) ഡയറക്ടർ അബ്ദുല്ല അൽ മാൻഡൂസ് അറിയിച്ചു. യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ നടപടിയെ സ്വാഗതം ചെയ്തു. ദുരന്തനിവാരണം മെച്ചപ്പെടുത്താനും ഉഷ്ണമേഖല ചുഴലിക്കാറ്റ് പ്രവചന സംവിധനം മെച്ചപ്പെടുത്താനും ഉപകരിക്കും. കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ എന്നിവയയും പ്രവചിക്കാൻ കഴിയും.
ചുഴലിക്കാറ്റ് അറേബ്യൻ ഉപദ്വീപിൽ സാധാരണമാണ്. 2007ൽ ഗോനു ചുഴലിക്കാറ്റ് ഒമാനിൽ വൻ നാശനഷ്്ടം ഉണ്ടാക്കിയിരുന്നു. ഫുജൈറ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ 10 യാത്രക്കാർ ഉൾപ്പെടെ എൺപതോളം പേർ മരിച്ചു. 2018ൽ ഉണ്ടായ മെകുനു ചുഴലിക്കാറ്റിൽ ഒമാനിൽ 30 ലധികം പേരാണ് മരിച്ചത്. കൊടുങ്കാറ്റുകൾ സാധാരണ യു.എ.ഇയെ നേരിട്ട് ബാധിക്കാറില്ലെങ്കിലും രാജ്യത്തിെൻറ കിഴക്കൻ തീരത്ത് നാശത്തിന് ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.