ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദും ശൈഖ് മക്തൂം ബിൻ മുഹമ്മദും ചർച്ചയിൽ
ദുബൈ: പരിസ്ഥിതി സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം നൽകി യു.എ.ഇയുടെ 2033 അജണ്ടയായ ഡി 33 നടപ്പാക്കാൻ തീരുമാനം. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നേതൃത്വം നൽകിയ യോഗത്തിൽ യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ‘ഡി 33’ പ്രഖ്യാപിച്ചത്. അടുത്ത 10 വർഷത്തേക്ക് യു.എ.ഇ നടപ്പാക്കുന്ന പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ ദുബൈ ഗ്രീൻ, സുസ്ഥിര വ്യവസായ പദ്ധതികളാണ് നടപ്പാക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുക, ദുബൈയുടെ സാമ്പത്തികനില ശക്തമാക്കുക, പുതിയ സാമ്പത്തിക മേഖലകളിലേക്ക് യുവജനങ്ങളെ ആകർഷിക്കുക തുടങ്ങിയവക്ക് പ്രാധാന്യം നൽകുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ലോജിസ്റ്റിക്സ്, ഡിജിറ്റൽ, നിയമപരം, സാമ്പത്തികം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലെ വികസനവും ഉൾപ്പെടും. പരിസ്ഥിതിയെ സംരക്ഷിച്ച് സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നത്. ദുബൈയെ പുതിയ ഉൽപന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പരീക്ഷണ, വിപണന വേദിയാക്കാൻ ലക്ഷ്യമിടുന്ന ‘സാൻഡ്ബോക്സ് ദുബൈ’ പദ്ധതിയും ആദ്യ ഘട്ടത്തിലുണ്ട്. പുതുതലമുറയെ വ്യാപാര ലോകത്തേക്ക് ആകർഷിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന ട്രേഡേഴ്സ് പദ്ധതിയും ഉൾപ്പെടുന്നു. ശൈഖ് മുഹമ്മദിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കാൻ തയാറാണെന്ന് ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു.
ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബൈയെ ഒരുക്കിയെടുക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസമാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്.
നൂറിലധികം സംരംഭങ്ങളിലൂടെ കോടിക്കണക്കിന് ദിർഹം സമ്പദ്വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കാനാണ് ലക്ഷ്യം. ഇതുവഴി സാമ്പത്തിക ശക്തിയിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാകാനുള്ള ഒരുക്കത്തിലാണ് ദുബൈ. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള 400 നഗരങ്ങളുമായി പുതിയ വ്യാപാര പാതകൾ തുറക്കും. 30 സ്വകാര്യ കമ്പനികളെ ഒരു ബില്യൺ ഡോളറിന്റെ മൂല്യമുള്ളവയാക്കി വളർത്താനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കും. ഡിജിറ്റൽ പദ്ധതികൾ വഴി പ്രതിവർഷം 100 ബില്യൺ ദിർഹം ദുബൈയുടെ സമ്പദ്വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.