അബൂദബി: ദല്‍മ റേസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് വെള്ളിയാഴ്ച മുതല്‍ മേയ് 15വരെ ദല്‍മ ഐലന്‍ഡ്-ജബല്‍ ധന്ന റൂട്ടില്‍ സൗജന്യ ബോട്ട് സവാരിയൊരുക്കി അബൂദബി മാരിടൈം. അൽദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദല്‍മ ജലമേള നടത്തുന്നത്. 60അടി നീളമുള്ള പരമ്പരാഗത പായ്ക്കപ്പല്‍ മത്സരത്തില്‍ മൂവായിരത്തിലേറെ നാവികര്‍ പങ്കെടുക്കും. 125 കി.മീറ്ററാണ് യാത്രാദൂരം.
സന്ദര്‍ശകര്‍ക്കായി ഒട്ടേറെ പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. യു.എ.ഇ പൈതൃകം യുവാക്കളിലേക്ക് പകരുകയാണ് ജലമേളയുടെ ലക്ഷ്യമെന്ന് അബൂദബി മാരിടൈം മാനേജിങ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സെയിഫ് അല്‍ മഹീരി പറഞ്ഞു. മേള നടക്കുന്ന ദിവസങ്ങളില്‍ സൗജന്യ യാത്രയൊരുക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. വെബ്സൈറ്റ് വഴി എല്ലാവര്ക്കും ടിക്കറ്റ് സൗജന്യമായി ബുക്ക് ചെയ്യാം. കള്‍ചറല്‍ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി അബൂദബി, അബൂദബി മറൈന്‍ സ്പോര്‍ട്സ് ക്ലബ്, അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരമ്പരാഗത കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക, ഫെസ്റ്റിവല്‍ ടൂറിസത്തിന്റെ പ്രാധാന്യം വിളിച്ചോതുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. മത്സരം ആദ്യം പൂര്‍ത്തിയാക്കുന്ന 100 പായ്ക്കപ്പലുകള്ക്കായി 25 ദശലക്ഷം ദിര്‍ഹം വീതിച്ചുനല്കുന്നതാണ് രീതി. ദല്‍മ ദ്വീപില്‍ നിന്നാരംഭിക്കുന്ന പതാക യാത്ര സര്‍ബനിയാസ്, ഘാസ, ഉമ്മുല്കുര്കും, അല്‍ ഫതായര്, അല്‍ ഫായ്, മറവ, ജനാന എന്നീ എട്ടു ദ്വീപുകള്‍ പിന്നിട്ട് അല്‍ മിര്‍ഫ സിറ്റിയില്‍ സമാപിക്കും.
മേളയുടെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം, സൈക്ലിങ്, ഓട്ടമത്സരം, നാടോടിയിനങ്ങള് മുതലായവ അരങ്ങേറും. ഇതിനു പുറമെ എല്ലാ പ്രായക്കാർക്കുമായി വിനോദപരിപാടികളും കരകൗശല ഉല്പന്നങ്ങളുടെ പ്രദര്‍ശനങ്ങളും ഭക്ഷണ മേളകളും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.