ദുബൈ: 'ചുറ്റും ഇരുട്ട് മാത്രമായിരുന്നു. കൂടെയുള്ളത് രണ്ടു കുഞ്ഞുങ്ങളും ഭാര്യയും മാത്രം. കാറിന്റെ ടയറുകൾ പൂർണമായും മണലിൽ പൂണ്ടുകഴിഞ്ഞു. സമയം കഴിയുന്തോറും കണ്ണിലും ഇരുട്ട് കയറുന്നതുപോലെ. ദുബൈ പൊലീസിന്റെ 999 എന്ന നമ്പറിൽ വിളിച്ചാൽ സഹായമെത്തും എന്ന് ഏതോ വിഡിയോയിൽ കണ്ട ഓർമയുണ്ട്. ഇടക്കിടെ മിന്നിമായുന്ന റേഞ്ചിന്റെ സഹായത്തോടെ പൊലീസിനെ വിളിച്ചു. മണിക്കൂറുകൾ നീണ്ട ഓപറേഷനൊടുവിൽ ദൈവദൂതരെ പോലെ അവർ ഞങ്ങളെ തേടിയെത്തി'-മലപ്പുറം സ്വദേശി അബ്ദുൽ റഹീമിന് ശനിയാഴ്ചയുണ്ടായ അനുഭവമാണിത്. വഴിതെറ്റി മരുഭൂമിയിൽ കുടുങ്ങിയ മലപ്പുറം പടിക്കൽ ആയിക്കര അബ്ദുൽ റഹീമിനെയും ഭാര്യ ജംഷിയയെയും മൂന്നു വയസ്സുകാരൻ മുഹമ്മദ് രഷ്ദാനെയും എട്ടു വയസ്സുകാരി റിംഷ ഫാത്തിമയെയും ആറുമണിക്കൂറോളം നീണ്ട ഓപറേഷനൊടുവിലാണ് ദുബൈ പൊലീസ് രക്ഷിച്ചത്.
ദുബൈ-അൽഐൻ റോഡിൽ ലിയാസിലെ മരുഭൂമിയിലാണ് കുടുംബം കുടുങ്ങിയത്. വൈകീട്ട് മൂന്നുമണിയോടെയാണ് ഇവർ യാത്ര പുറപ്പെട്ടത്.
ഇവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ഇരുട്ടായി. തിരികെ പോകാൻ നോക്കിയപ്പോൾ വഴി മനസ്സിലാകുന്നില്ല. ഗൂഗ്ൾ മാപ്പിൽ തിരഞ്ഞെങ്കിലും ഒന്നും കാണുന്നില്ല. യഥാർഥ വഴി തേടിയുള്ള അലച്ചിലിൽ വീണ്ടും വഴിതെറ്റി 15 കിലോമീറ്ററോളം ഉള്ളിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ വാഹനത്തിന്റെ ടയറുകൾ മണലിൽ താണു. കാർ വീണ്ടും റേസ് ചെയ്തെങ്കിലും താണുകൊണ്ടിരുന്നു. ബോണറ്റ് വരെ മണൽ മൂടി. ഇത്തരം അപകടങ്ങളിൽ കുടുങ്ങിയാലുള്ള റിക്കവറി ഇൻഷുറൻസ് വാഹനത്തിനുണ്ടായിരുന്നതിനാൽ ഇൻഷുറൻസ് കമ്പനിയെ ബന്ധപ്പെട്ടു.
ലൊക്കേഷൻ അയച്ചുകൊടുക്കാൻ അവർ പറഞ്ഞതനുസരിച്ച് ശ്രമിച്ചെങ്കിലും അയക്കാൻ പറ്റുന്നില്ലായിരുന്നു. ഇതോടെ അവർ കൈയൊഴിഞ്ഞു. പൊലീസിന്റെ 999 നമ്പറിലേക്ക് വിളിക്കാം എന്ന ആശയം ഉദിച്ചത് അപ്പോഴായിരുന്നു. സമയം രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. പൊലീസുകാരുടെ സംശയങ്ങൾക്കൊന്നും മറുപടി കൊടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു റഹീം. ഏത് എക്സിറ്റിലൂടെയാണ് തിരിഞ്ഞുപോയതെന്നോ ഏതു വഴിയിലൂടെയാണ് കയറിയതെന്നോ പൊലീസിനോട് പറഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ല.
എങ്കിലും, അവർ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ടെന്നും ഞങ്ങൾ എത്തുമെന്നും സമാധാനമായിരിക്കണമെന്നും അവർ പറഞ്ഞു. ഇടക്കിടെ പൊലീസ് വിളിച്ചുകൊണ്ടിരുന്നു. എവിടെനിന്നെങ്കിലും വെളിച്ചം കാണുന്നുണ്ടോ എന്ന് ചോദിക്കും. ഇല്ല എന്ന് മറുപടി പറയും. ഫോണിന്റെ ലൊക്കേഷൻ കണ്ടുപിടിച്ചായിരുന്നു പൊലീസിന്റെ രക്ഷാപ്രവർത്തനം. 29 കിലോമീറ്റർ അകലെയാണ് നിങ്ങൾ എന്ന് ഇടക്ക് പൊലീസ് പറഞ്ഞു. ചൂടുകാറ്റായതിനാൽ ഇടക്ക് കാറിൽ കയറി എ.സി ഓൺചെയ്ത് ഇരുന്നു. മൊബൈൽ ഫോണും ചാർജ് ചെയ്തു. രാത്രി വൈകിയപ്പോൾ കിലോമീറ്ററുകൾ അകലെ ചെറുതായി വെളിച്ചം തെളിയുന്നതായി തോന്നി. ഇക്കാര്യം പൊലീസിനെ അറിയിച്ചു. തങ്ങൾ ലൈറ്റ് ഓഫ് ചെയ്യാമെന്നും ഇപ്പോൾ കാണുന്നുണ്ടോ എന്നും പൊലീസ് ചോദിച്ചു.
ഇല്ലെന്ന് മറുപടി കൊടുത്തതോടെ അത് പൊലീസ് വാഹനം തന്നെയാണെന്ന് ഉറപ്പാക്കി. അവിടെ നിന്ന് നേരെ വന്നാൽ മതി എന്ന് പൊലീസിനോട് പറഞ്ഞു. ഒരുമണിക്കൂർ യാത്രക്കൊടുവിൽ പൊലീസ് ലക്ഷ്യസ്ഥാനത്തെത്തി. ചീത്തവിളി പ്രതീക്ഷിച്ചാണ് റഹീം പൊലീസിനെ വരവേറ്റത്. എന്നാൽ, വെള്ളവും ഭക്ഷണവും നൽകി കുടുംബത്തെ സമാധാനിപ്പിക്കുകയായിരുന്നു പൊലീസ്. എന്തിനാണ് ഈ വഴി യാത്രചെയ്തതെന്നു പോലും അവർ ചോദിച്ചില്ല. പൊലീസുകാർ അറിയിച്ചതനുസരിച്ച് റിക്കവറി വാഹനം എത്തി മണലിൽനിന്ന് കാർ ഉയർത്തി. അവരുടെ വാഹനത്തിൽ തന്നെ റഹീമിനെയും കുടുംബത്തെയും തിരികെ മെയിൻ റോഡിൽ എത്തിച്ചു. അപ്പോൾ സമയം പുലർച്ച ഒരുമണി കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.