അജ്മാൻ: അജ്മാനില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ (സച്ചു- 17) മൃതദേഹം നാട്ടിലേക്കയക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. അജ്മാന് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് സച്ചു. ചേംബര്‍ ഓഫ് കോമേഴ്സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാം നിലയില്‍നിന്നായിരുന്നു സച്ചു വീണത്.
തിങ്കളാഴ്ച പുലർച്ച അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനു താഴെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടികള്‍ യു.എ.ഇയിലെ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിയമനടപടികള്‍ അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും സലാം പാപ്പിനിശ്ശേരി അറിയിച്ചു.
അജ്മാൻ പൊലീസാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിക്കുന്നതിന് തലേന്ന് രാത്രി ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ കൊയ്ത്തുത്സവത്തിൽ റൂബൻ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു. അജ്മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബൈ അൽ തവാറിൽ നഴ്സായ ആശ പൗലോസിന്റെയും മകനാണ്. വിദ്യാർഥിനികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരികളാണ്. സംസ്കാരം നാട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.