ദുബൈ: യു.എ.ഇയിൽ ഫോൺ, ഇൻറർനെറ്റ് ബില്ലടക്കാൻ വൈകിയതിനെ തുടർന്ന് സർവിസ് നിർത്തലാക്കിയാൽ റീകണക്ഷൻ ഫീസ് കൂടി അടക്കേണ്ടിവരുമെന്ന് ടെലികോം കമ്പനിയായ ഇത്തിസാലാത്ത് അധികൃതർ അറിയിച്ചു.
ബില്ലടക്കാൻ വൈകുന്നത് ഉപഭോക്താവിെൻറ ക്രെഡിറ്റ് സ്കോർ കുറക്കുമെന്നും ഇത് യു.എ.ഇയിലെ ബാങ്കുകളിൽ നിന്ന് വ്യക്തിഗത ധനകാര്യ സേവനങ്ങൾ നേടുന്നതിനെ സ്വാധീനിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇത്തിസാലാത്ത് എല്ലാ മാസവും ആദ്യമാണ് ബില്ലുകൾ നൽകാറുള്ളത്. പിഴകൂടാതെ അടച്ചുതീർക്കാനുള്ള അവസാന തീയതി ഒാരോ മാസവും 15 ആണ്.
ഇത് കഴിഞ്ഞാൽ സേവനങ്ങൾ നിർത്തലാക്കപ്പെടും. സേവനങ്ങൾ പുനഃസ്ഥാപിക്കാൻ പിന്നീട് വാറ്റ് അടക്കം 26.25 ദിർഹം റീകണക്ഷൻ ഫീസ് അടക്കേണ്ടിവരും. എല്ലാ മാസവും ബില്ലുകൾ തടസ്സരഹിതമായി അടക്കാൻ ഉപഭോക്താക്കളെ അവരുടെ ക്രെഡിറ്റ് കാർഡ് 'ഓട്ടോ പേ'ക്കായി ഇത്തിസാലാത്തിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.
അതേസമയം, തങ്ങളുടെ സേവനങ്ങൾക്ക് റീകണക്ഷൻ ഫീസ് നൽകണ്ടേതില്ലെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപറേറ്ററായ 'ഡു' അധികൃതർ അറിയിച്ചു. എന്നാൽ, 100 ദിവസത്തിനകം കുടിശ്ശിക ബിൽ അടച്ചാലേ ഈ സൗകര്യമുണ്ടാകൂവെന്നും കമ്പനി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.