അബൂദബി: സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ച് ഡെലിവറി റൈഡർ സുരക്ഷ പദ്ധതി ആരംഭിച്ചു. റോഡ് സുരക്ഷയും ഡെലിവറി റൈഡർമാരുടെ ക്ഷേമവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംയോജിത ഗതാഗത കേന്ദ്രം വികസിപ്പിച്ച പദ്ധതിയിൽ ഡെലിവറി സൂപ്പർവൈസർമാരെയും പരിശീലന പങ്കാളികളാക്കും. അപകടങ്ങളും പരിക്കുകളും കുറയ്ക്കുക, സുരക്ഷ വർധിപ്പിക്കുക തുടങ്ങിയ സുരക്ഷ മുൻകരുതലുകൾ പദ്ധതിയുടെ ഭാഗമാണ്.
അപകടം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, അധികൃതരെ എങ്ങനെ ബന്ധപ്പെടണം തുടങ്ങിയ കാര്യങ്ങളിൽ ഡെലിവറി റൈഡർമാർക്ക് മാർഗനിർദേശം നൽകും. റൈഡർ സുരക്ഷ വർധിപ്പിക്കുന്നതിന് പരിശീലനം നൽകുകയും ചെയ്യുന്ന ഗതാഗത കേന്ദ്രത്തിന്റെ നടപടികളെ ഡെലിവറി പ്രവർത്തന വകുപ്പ് മേധാവി യാസീൻ അബു റഖബെഹ് പ്രശംസിച്ചു. രാജ്യത്തുടനീളം ഭക്ഷണം വിതരണം ചെയ്യുമ്പോൾ എങ്ങനെ സുരക്ഷിതമായി റോഡ് ഉപയോഗിക്കാമെന്നതിന് റൈഡർമാരെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മണിക്കൂറില്‍ 100 കിലോമീറ്ററോ അതിലധികമോ വേഗം നിഷ്കര്‍ഷിച്ചിട്ടുള്ള പ്രധാനപാതകളിൽ വലത്തേ അറ്റത്തുള്ള ലൈന്‍ മാത്രമേ ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ നിർദേശം നൽകിയിരുന്നു. അതിവേഗപാതകളായ ഇടത്തേ അറ്റത്തുള്ള ലൈനുകളില്‍ മോട്ടോര്‍സൈക്കിളുകള്‍ പ്രവേശിക്കാന്‍ പാടില്ല. ഈ ലൈനില്‍ 100ന് മുകളിൽ ആണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. പ്രധാന ഹൈവേകളിലും എക്സ്പ്രസ് വേകളിലുമാണ് ഈ വേഗം നിശ്ചയിച്ചിരിക്കുന്നത്. നഗരത്തിലെ റോഡുകളില്‍ 60 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ് വേഗപരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.