ദുബൈ: ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി രൂക്ഷം. മൃതദേഹങ്ങൾ യു.എ.ഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. യു.എ.ഇയിൽ നിന്ന് എംബാം ചെയ്യാത്ത മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ദുബൈ വിമാന സർവിസ് കമ്പനിയായ എമിറേറ്റ്സ് എയർലൈൻ മാത്രമാണ്. എന്നാൽ, എമിറേറ്റ്സ് എയർലൈൻസിന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും മാത്രമാണ് നിലവിൽ സർവിസുള്ളത്. തിരുവനന്തപുരത്തേക്ക് ദിവസവും രാവിലെ 9.30ന് പുറപ്പെടുന്ന ഒരു സർവിസും കൊച്ചിയിലേക്ക് പുലർച്ചയുള്ള രണ്ട് സർവിസുകളുമാണിത്.
കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ എമിറേറ്റ്സിന് സർവിസില്ല. ഇതുമൂലം കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ച കണ്ണൂർ സ്വദേശിയായ 50കാരിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ച് അവിടെ നിന്ന് ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലാണ് കണ്ണൂരിലെത്തിച്ചത്. ഇത് പ്രവാസികളുടെ ബന്ധുക്കൾക്ക് മാനസികവും സാമ്പത്തികവുമായി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ മാസം 21ന് മരിച്ച തിരുവനന്തപുരം സ്വദേശിയായ 30കാരൻ അജിതിന്‍റെ മൃതദേഹം മൂന്നു ദിവസം പിന്നിട്ട് ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുത്തതോടെ തിങ്കളാഴ്ച രാവിലെ 9.30ന് ഉണ്ടായിരുന്ന എമിറേറ്റ്സ് സർവിസിൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. അതോടെയാണ് ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടിവന്നത്.
ആറുമാസം മുമ്പ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തെ തുടർന്ന് എംബാം ചെയ്ത മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും പ്രതിസന്ധി തുടരുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് എംബാമിങ് ചെയ്ത സർട്ടിഫിക്കറ്റ് ഏത് എയർലൈൻസിലാണോ നാട്ടിലേക്ക് കൊണ്ടുപോകുന്നത് ആ എയർലൈൻസിന്‍റെ നാട്ടിലെ ഓഫിസിലേക്ക് അയക്കണം. ഇവർ ഇത് ഡൽഹിയിലെ ഓഫിസിലേക്ക് അയച്ച് ഇവിടെ നിന്ന് അനുമതി നൽകിയാൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ കഴിയൂ. ഡൽഹിയിൽ നിന്ന് അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. എംബാമിങ്ങിന് നാലു മുതൽ അഞ്ചു മണിക്കൂർ വരെ സമയമെടുക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ കേന്ദ്ര സർക്കാറിന് പലതവണ അപേക്ഷ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.