ദുബൈ: ഡെങ്കിപ്പനി നേരിടാൻ നടപടി ശക്തമാക്കിയ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം പ്രത്യേകമായി ഒമ്പത് സംഘങ്ങളെ ചുമതലപ്പെടുത്തി. ഫെഡറൽ നാഷനൽ കൗൺസിൽ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്.
നടപടികൾ സജീവമാക്കിയ സർക്കാർ വൃത്തങ്ങൾ ഇതിനകം 409 കൊതുക് പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കുകയും പ്രത്യേക ലബോറട്ടറി സജ്ജമാക്കുകയും 1,200 സർവേകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചാണ് നടപടികൾ സ്വീകരിച്ചത്.
രാജ്യത്ത് ഡെങ്കിപ്പനിക്ക് ശരിയായ ചികിത്സ നൽകുന്ന 134 ആരോഗ്യ സംവിധാനങ്ങളുണ്ട്. കഴിഞ്ഞ മാസം പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഡെങ്കിപ്പനി സംബന്ധിച്ച ആശങ്ക വർധിച്ചത്. മഴക്കെടുതി അവസാനിച്ചയുടൻ കൊതുകുകൾ പ്രജനനം നടത്തുന്ന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ സജീവമായ നടപടികൾ സ്വീകരിച്ചിരുന്നു.
കൊതുകുകൾ വളരുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്താനും കൊതുകുകളെ ഇല്ലാതാക്കുന്ന ഏറ്റവും നൂതനമായ ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് പറഞ്ഞു. വടക്കൻ എമിറേറ്റുകളിലെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനാണ് ഒമ്പത് സംഘങ്ങളെ നിയോഗിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.