ദന്ത ശുചിത്വവും വദന ആരോഗ്യവും (oral hygiene) ഒരാളുടെ പൊതുവായ ആരോഗ്യനിലയുടെ സൂചകമാണ്. വായിലെ രോഗങ്ങൾ മിക്കപ്പോഴും മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല രോഗങ്ങളുടെയും പ്രാഥമിക ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത് വായിലാണ്.
2017 ലോകാരോഗ്യ സംഘടന നടത്തിയ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് എന്ന പഠനപ്രകാരം, ലോകത്ത് 3.5 ബില്യൺ ജനം വായിലെ രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നു എന്നാണ് കണക്ക്. ലോക ജനസംഖ്യയുടെ 10 ശതമാനത്തോളം കടുത്ത മോണരോഗങ്ങളുടെ പിടിയിലാണ്. 530 ലക്ഷം കുട്ടികളുടെ പാൽപല്ലുകളെ ദന്തക്ഷയം ബാധിച്ചിരിക്കുന്നു. പല ദന്തരോഗങ്ങളും ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, അർബുദം, അമിതവണ്ണം തുടങ്ങിയ പകർച്ചേതര രോഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. ദന്തരോഗങ്ങൾ മിക്കതും ശരിയായ ആരോഗ്യ പരിപാലന ശീലങ്ങളിലൂടെ തടയാൻ കഴിയും എന്നതാണ് സത്യം.
ദന്തശുചിത്വത്തിന്റെ അഭാവമാണ് പല ദന്തരോഗങ്ങളുടെയും അടിസ്ഥാന കാരണം. അതിൽ പ്രധാനപ്പെട്ടതാണ് ദന്തക്ഷയം. പല്ലിനു മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പ്ലാഖ് (plaque) എന്ന മൃദുവായ ബാക്ടീരിയൽ നിക്ഷേപങ്ങൾ വേണ്ടവിധം ബ്രഷ് ചെയ്ത് മാറ്റാത്തതാണ് ദന്തക്ഷയത്തിനുള്ള കാരണം. പ്ലാഖിലെ ബാക്ടീരിയകൾ അന്നജത്തെ വിഘടിപ്പിച്ച് പുറത്തുവിടുന്ന ആസിഡുകൾ പല്ലുകളെ ദ്രവിപ്പിക്കുന്നു. ഇത് പിന്നീട് പല്ലുപുളിപ്പിനും വേദനക്കും വീക്കത്തിനുമെല്ലാം കാരണമാവും. ശരിയായ ശുചിത്വ ശീലങ്ങളുടെ അഭാവത്തിൽ അടിഞ്ഞുകൂടുന്ന ഈ പ്ലാഖ് പിന്നീട് കാൽസിഫിക്കേഷൻ സംഭവിച്ച് കട്ടിയുള്ള കാൽക്കുലസ് ആകുന്നു. ഇതിലെ ബാക്ടീരിയകൾ മോണവീക്കത്തിന് കാരണമാവും.
മോണവീക്കം പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഇൻസുലിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ മോണരോഗം ഉള്ളവരിൽ പ്രമേഹത്തിന്റെ തീവ്രത കൂടും. മോണരോഗം ഒരാളിൽ പ്രമേഹം ഉണ്ടാക്കാനുള്ള സാധ്യതയും കൂട്ടും. വായുടെ ശുചിത്വക്കുറവുമൂലം അപകടകാരികളായ പല ബാക്ടീരിയകളുടെയും വിളനിലമായി വായ് മാറുകയും അവിടെനിന്ന് ഈ രോഗാണുക്കൾ രക്തത്തിലൂടെ ഹൃദയത്തിലെത്തി എൻഡോകാർഡൈറ്റിസ് പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. മോണരോഗങ്ങൾ ഗർഭിണികളിൽ മാസം തികയാതെയുള്ള പ്രസവങ്ങൾക്കും ജനിച്ച കുട്ടികളിലെ തൂക്കക്കുറവിനും കാരണമാകുന്നു. പാർക്കിൻസൺ രോഗത്തിനുവരെ ദന്തരോഗവുമായി ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ദന്തശുചിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം പുകയിലകളുടെയും വെറ്റില മുറുക്കിന്റെയും മദ്യത്തിന്റെയും ഉപയോഗമാണ്. ഇത്തരം ശീലങ്ങൾ അർബുദത്തിനുവരെ കാരണമാകുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന അർബുദം വായിലെ അർബുദമാണ്. ആകെ അർബുദ രോഗികളിൽ 30 ശതമാനം പേർക്കും വദനാർബുദമാണ്. പുകയിലയുടെ ഉപയോഗമാണ് അതിന് പ്രധാന കാരണം.
ദന്ത ശുചിത്വത്തിന് ഒരാളുടെ ആരോഗ്യത്തിലുള്ള സ്വാധീനം കൂടുതൽക്കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 2021ലെ വേൾഡ് ഹെൽത്ത് അസംബ്ലി (ലോകാരോഗ്യ സംഘടനയുടെ നയരൂപവത്കരണ സമിതി) പ്രത്യേക യോഗം വിളിച്ച് വദനാരോഗ്യത്തെക്കുറിച്ചും അതിൽ സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ചും ചർച്ച ചെയ്തത്. പ്രാഥമികാരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ ദന്താരോഗ്യത്തിന് പ്രത്യേകം പരിഗണന നൽകാനും സാംക്രമണേതര രോഗങ്ങളുടെ പട്ടികയിൽ ദന്തരോഗങ്ങൾക്ക് പ്രഥമസ്ഥാനം നൽകി ദന്തചികിത്സയെ സാർവത്രിക ആരോഗ്യ പരിപാലനത്തിന്റെ (യൂനിവേഴ്സൽ ഹെൽത്ത് കെയർ പ്രോഗ്രാം) ഭാഗമാക്കാനും തീരുമാനിച്ചു. 2022 അവസാനം ദന്താരോഗ്യ പരിപാലനത്തെ സംബന്ധിച്ച് പൊതുപരിപാടി തയാറാക്കാൻ ഈ അസംബ്ലി ഡബ്ല്യൂ.എച്ച്.ഒയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 2023ഓടെ അത് ലോകത്തെങ്ങും നടപ്പാക്കും.
ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആഗസ്റ്റ് വദനാരോഗ്യ മാസമായി (oral hygiene month) ആചരിക്കുന്നത്. ദന്തശുചിത്വത്തെ സംബന്ധിച്ച് പൊതുജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക വഴി ദന്തശുചിത്വം ഉറപ്പാക്കാൻ കഴിയും. ഈ ശീലങ്ങളിൽ പ്രധാനം ശരിയായി ബ്രഷ് ചെയ്യലാണ്. ദിവസവും രണ്ടുനേരം രണ്ടു മിനിറ്റ് വീതം ബ്രഷ് ചെയ്യണം. ദിവസത്തിൽ ഒരു നേരമെങ്കിലും ഫ്ലോസിങ് ശീലമാക്കുക. അത്യാവശ്യഘട്ടങ്ങളിൽ മൗത്ത് വാഷ് ഉപയോഗിക്കാം.
അവ തുടർച്ചയായി ഉപയോഗിക്കുന്നത് അഭിലഷണീയമല്ല. പഞ്ചസാര അടങ്ങിയതും പല്ലിൽ ഒട്ടിപ്പിടിക്കുന്നതുമായ ഭക്ഷണങ്ങളും പാനീയങ്ങളും കഴിവതും ഒഴിവാക്കുക. നാരുകളും ഇലകളും അടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നൽകുക. പുകവലി, മുറുക്ക് തുടങ്ങിയ ശീലങ്ങൾ പൂർണമായും നിർത്തുക. പല്ലുകളുടെ ശുചിത്വക്കുറവ് മറ്റു പല രോഗങ്ങൾക്കും കാരണമാകും. ആരോഗ്യകരമായ ഒരു ജീവിതത്തിന് ദന്തശുചിത്വം അത്യന്താപേക്ഷിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.