ദുബൈ: പുതുതലമുറക്കിടയിൽ തരംഗമായി മാറിയ ചാറ്റ് ബോട്ട് സംവിധാനമായ ചാറ്റ് ജി.പി.ടി വഴി സേവനം നൽകാൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ചാറ്റ് ജി.പി.ടി ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ആദ്യ സേവന ദാതാക്കളും യു.എ.ഇയിലെ ആദ്യ സർക്കാർ വകുപ്പുമാണ് ദീവ.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും ഉപഭോക്താക്കൾക്ക് സേവനം നൽകാനുമായിരിക്കും ദീവ ചാറ്റ് ജി.പി.ടി ഉപയോഗിക്കുക. ഇതോടെ, ദീവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചാറ്റ് ജി.പി.ടി വഴി മറുപടി ലഭിക്കും. മൈക്രോസോഫ്റ്റുമായി ചേർന്നാണ് ദീവ പദ്ധതി നടപ്പാക്കുന്നത്.
ദുബൈയിലെ സാങ്കേതിക വളർച്ച ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ദുബൈ 10 എക്സ്’ പദ്ധതിക്ക് ഊർജം പകരുന്നതാവും നടപടിയെന്ന് ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. യു.എ.ഇയിലെ പൊതുമേഖലകളിൽ ചാറ്റ് ജി.പി.ടി വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, മാധ്യമ മേഖലയിൽ ചാറ്റ് ജി.പി.ടിയുടെ സ്വാധീനം എങ്ങനെയാണ് ബാധിക്കുക എന്നതിനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
നമ്മുടെ ചോദ്യങ്ങൾക്ക് നിർമിതബുദ്ധി ഉപയോഗിച്ച് മറുപടി നൽകുന്ന സംവിധാനമാണ് ചാറ്റ് ജി.പി.ടി. ഗൂഗ്ളിൽനിന്ന് വ്യത്യസ്തമായി നമുക്കാവശ്യമായ വിവരങ്ങൾ മാത്രം നൽകുന്നു എന്നതാണ് ചാറ്റ് ജി.പി.ടിയുടെ പ്രത്യേകത. എല്ലാ വിവരങ്ങളും ശരിയല്ലെങ്കിലും വിദ്യാർഥികളും യുവാക്കളും ചാറ്റ് ജി.പി.ടിയെ ഏറ്റെടുത്തുകഴിഞ്ഞു. ഔദ്യോഗിക കത്തുകൾ തയാറാക്കുന്നതിനും സ്കൂളുകളിലെ അസൈൻമെന്റുകൾ എഴുതുന്നതിനും കവിതകളെഴുതാനുമെല്ലാം ചാറ്റ് ജി.പി.ടി സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.