ദുബൈ: 2030ലെ ഹരിത ഗതാഗത നയത്തിന്റെ ഭാഗമായുള്ള നടപടികൾ ത്വരിതപ്പെടുത്തി ദുബൈ ജല-വൈദ്യുതി അതോറിറ്റി (ദീവ). ഇതിന്റെ ഭാഗമായി ആഗോള തലത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായ ചാർജിങ് ഇന്റർഫേസ് ഇനിഷ്യേറ്റിവിൽ (ചാരിൻ) ദീവ പ്രധാന അംഗമായി ചേർന്നു. ഇ.വി വാഹന ചാർജിങ് സംവിധാനങ്ങളുടെ ചെലവ് കുറക്കുന്നതിനും ഹരിത ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും പുതിയ ചാരിനിലെ അംഗത്വം സഹായിക്കും.
ഇലക്ട്രിക് ചാർജിങ് രംഗത്ത് പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിനായി ദീവ നടത്തുന്ന പ്രയത്നങ്ങൾക്കും നടപടി വേഗം നൽകും. എല്ലാത്തരം വാഹനങ്ങൾക്കും കമ്പൈൻഡ് ചാർജിങ് സിസ്റ്റം (സി.സി.എസ്), മെഗാവാട്ട് ചാർജിങ് സിസ്റ്റം (എം.സി.എസ്) എന്നിവ പോലുള്ള പരസ്പര പ്രവർത്തനക്ഷമവും ഏകീകൃതവുമായ ചാർജിങ് മാനദണ്ഡങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരായ 320ലധികം അംഗങ്ങളുള്ള പ്രമുഖ ആഗോള അസോസിയേഷനാണ് ചാരിൻ.
ഗതാഗത, വാർത്തവിനിമയ രംഗത്ത് കാർബൺ ബഹിർഗമനം കുറക്കാൻ ലക്ഷ്യമിടുന്ന ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഹരിത സമ്പദ്വ്യവസ്ഥയിലും സുസ്ഥിര വികസന രംഗത്തും ആഗോള തലസ്ഥാനമായ ദുബൈയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള നടപടികൾക്ക് ദീവ പ്രതിജ്ഞാബദ്ധമാണെന്ന് എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ദുബൈ നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്ന ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശങ്ങളെ പിന്തുണക്കുന്നതാണ് ദീവയുടെ നടപടികൾ. ഹരിത ഗതാഗത രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈയിൽ നിലവിൽ 680 ചാർജിങ് പോയന്റുകൾ അടങ്ങിയ 370 ചാർജിങ് സ്റ്റേഷനുകൾ ദീവ വിജയകരമായി സ്ഥാപിച്ചുകഴിഞ്ഞു. വൈകാതെ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 1000 ആയി വർധിപ്പിക്കാനുള്ള നടപടികളും പുരോഗമിച്ചുവരുകയാണ്. നടപ്പുവർഷം ഏപ്രിൽ വരെ 2,36,700 ടൺ കാർബൺ ബഹിർഗമനം കുറക്കാൻ ദുബൈക്ക് സാധിച്ചുവെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.