ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) രണ്ടാമത്തെ നാനോ സാറ്റലൈറ്റ് ഈ മാസം വിക്ഷേപിക്കും. കാലിഫോർണിയയിലെ വാൻഡെൻബർഗ് എയർഫോഴ്സ് ബേസിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ -9 റോക്കറ്റാണ് ദീവ സാറ്റ്-2വുമായി കുതിക്കുന്നത്. ആദ്യ സാറ്റലൈറ്റ് വിക്ഷേപിച്ച് ഒരുവർഷം പിന്നിടുമ്പോഴാണ് ദീവ അടുത്ത ഉപഗ്രഹം അവതരിപ്പിക്കുന്നത്.
ഭൂമിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് 4.7 മീറ്ററുള്ള ഹൈ റെസല്യൂഷൻ കാമറ ഇതിലുണ്ട്. 2021ൽ ദീവ പ്രഖ്യാപിച്ച സ്പേസ് -ഡി പദ്ധതിയുടെ ഭാഗമായാണ് പുതിയ സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്. ലിത്വാനിയയിലെ നാനോ ഏവിയോനിക്സിന്റെ സഹകരണത്തോടെ ദീവയുടെ ആർ ആൻഡ് ഡി സെന്ററാണ് ഉപഗ്രഹം നിർമിച്ചത്.
വൈദ്യുതി, ജലം തുടങ്ങിയവ വിതരണം ചെയ്യുന്ന ദീവ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ മാപ്പ് ചെയ്യാനും നിരീക്ഷിക്കാനും പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഉപഗ്രഹം ഉപകരിക്കും.
ഈ സ്ഥാപനങ്ങൾക്ക് സേവനങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. വികസന പ്രവർത്തനങ്ങൾക്കായി ലോകത്ത് ആദ്യമായി നാനോ സാറ്റലൈറ്റ് വിക്ഷേപിച്ച യൂട്ടിലിറ്റി സ്ഥാപനം ദീവയാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദീവ സാറ്റ്-1 വിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.