ഷാർജ: പതിറ്റാണ്ടിനപ്പുറം ഈ നാടിന്റെ രൂപവും ഭാവവും എന്തായിരിക്കുമെന്ന് മനസ്സിൽ കുറിച്ചിട്ട് ഭരിക്കുന്നവരാണ് ഇമാറാത്തിന്റെ രാഷ്ട്രനായകർ. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മരം നടുകയും വനം വളർത്തുകയും ചെയ്ത ഭരണാധികാരികൾ ഈ നാടിനെയൊന്നടങ്കം പച്ചപുതപ്പിക്കാനുള്ള പുറപ്പാടിലാണ്. കാലാവസ്ഥ വ്യതിയാനം പോലുള്ള വമ്പൻ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് പ്രകൃതിയെ സംരക്ഷിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ പരിസ്ഥിതി സൗഹൃദ സ്വഭാവം വളർത്താനും സന്ദേശം പകരാനും അവബോധം സൃഷ്ടിക്കാനും മുൻപന്തിയിലുണ്ട് യു.എ.ഇ. ‘നാളേക്കായി ഇന്ന്’ എന്ന മുദ്രാവാക്യമുയർത്തി 2023 സുസ്ഥിരത വർഷമായി പ്രഖ്യാപിച്ച യു.എ.ഇയുടെ ദീർഘവീക്ഷണത്തിന് നമുക്കൊരു ബിഗ് സല്യൂട്ട് നൽകാം. കരുതലിന്റെ കരങ്ങളാൽ നമ്മെ ചേർത്തുപിടിച്ച അറബ് നാടിന്റെ സുസ്ഥിരത വർഷത്തിന് പ്രവാസ ലോകത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ‘ഗൾഫ് മാധ്യമം’ കമോൺ കേരള. മഹാമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച കേരളത്തിന്റെ സാംസ്കാരികത്തനിമയും ഐക്യവും വിളിച്ചോതി നടക്കുന്ന ‘ഹാർമോണിയസ്’ കേരള വേദിയിലാണ് യു.എ.ഇയുടെ സുസ്ഥിര വർഷത്തിന് പ്രവാസമലയാളത്തിന്റെ പിന്തുണ പ്രഖ്യാപിക്കുന്നത്. മലയാളി ഐക്യത്തിന്റെ നെടുംതൂണുകളായ സംഘടന നേതാക്കൾ ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വേദിയിൽ ഇന്ത്യൻ ജനതയെ പ്രതിനിധാനംചെയ്ത് പാർലമെന്റ് അംഗങ്ങളായ കെ. മുരളീധരൻ എം.പിയും ജോൺ ബ്രിട്ടാസ് എം.പിയും എത്തും. നല്ല നാളെക്കായി ഭാവി തലമുറ പ്രതിജ്ഞയെടുക്കുമ്പോൾ പ്രവാസലോകത്തിന്റെ പ്രതിനിധികൾ ഒരേസ്വരത്തിൽ ഏറ്റുചൊല്ലും. ഞായറാഴ്ച വൈകീട്ട് 4.30നാണ് പരിപാടി.
കടൽകടന്നെത്തിയവരെ മാറോടണച്ച നാടിന്റെ സംരക്ഷണം നമ്മുടെ കൂടി കടമയാണെന്ന ബോധ്യത്തോടെയാണ് പ്രവാസികളുടെ മുഖപത്രമായ ‘ഗൾഫ് മാധ്യമം’ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഈ രാജ്യത്തിന്റെ കാലാവസ്ഥയിൽ കലർപ്പു പകരാതിരിക്കാൻ മുൻകൈയെടുക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശം പകർന്നുനൽകുന്നതായിരിക്കും വേദിയും സദസ്സും. ഇതേ വേദിയിലായിരിക്കും മലയാളത്തിന്റെ ഐക്യം വിളിച്ചോതുന്ന ‘ഹാർമോണിയസ്’ കേരള ഗാനസന്ധ്യ അരങ്ങേറുന്നത്. ഗൾഫ് നാടുകളിലുടനീളം തരംഗമായി മാറിയ ‘ഹാർമോണിയസ് കേരള’ ആദ്യമായാണ് യു.എ.ഇയിൽ നടക്കുന്നത്. കുഞ്ചാക്കോ ബോബനായിരിക്കും മുഖ്യാതിഥി. അഭിനയത്തികവിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട കുഞ്ചാക്കോ ബോബനുമായി ഓർമകൾ പങ്കിടാൻ സംഗീത സംവിധായകൻ ഔസേപ്പച്ചനുമുണ്ടാകും. കുഞ്ചാക്കോയുടെ ആദ്യ ചിത്രമായ അനിയത്തിപ്രാവിന്റെ സംഗീതം നിർവഹിച്ച ഔസേപ്പച്ചന്റെ സാന്നിധ്യം മലയാളികളെ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. മിഥുൻ രമേശ് അവതാരകനായെത്തുന്ന വേദിയിൽ ബിജു നാരായണൻ, മഹേഷ് കുഞ്ഞുമോൻ, ശ്വേത അശോക്, ക്രിസ്റ്റകല, ലിബിൻ സ്കറിയ എന്നിവർ പാടിത്തകർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.