ദുബൈ: ഡ്രൈവറില്ലാ കാറുകളും മറ്റു വാഹനങ്ങളും തെരുവിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ മാപ്പിങ് തുടങ്ങി. ഗൂഗ്ൾ മാപ്പ് തയാറാക്കുന്ന രൂപത്തിൽ ഓട്ടോണമസ് കാറുകൾക്ക് ശരിയായ ദിശ നിർണയിക്കാൻ കഴിയുന്ന ഡിജിറ്റൽ മാപ്പാണ് തയാറാക്കുന്നത്. അടുത്ത വർഷം മുതലാണ് നഗരത്തിൽ ഡ്രൈവറില്ലാ വാഹനങ്ങൾ തെരുവിലിറക്കാൻ പദ്ധയിട്ടിട്ടുള്ളത്. ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിലെ ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മികച്ച അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരം മാപ്പ് തയാറാക്കി അതനുസരിച്ച് യാത്രയുടെ റൂട്ട് രൂപകൽപന ചെയ്യാനാണ് പദ്ധതി. ഭാവിയിൽ ദുബൈയിലെ ഗതാഗത സംവിധാനത്തിന്റെ ഗണ്യമായ പങ്ക് ഈ മേഖലയിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്. 2030ഓടെ എമിറേറ്റിന്റെ 25 ശതമാനം യാത്രകൾ ഡ്രൈവറില്ലാ വാഹനത്തിലാക്കുക എന്ന ലക്ഷ്യമാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ചിട്ടുള്ളത്.
മികച്ച ഡ്രൈവറില്ലാ വാഹനങ്ങൾ മാറ്റുരക്കുന്ന മത്സരത്തിന് കളമൊരുക്കി വീണ്ടും ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ മൂന്നാമത് ലോക ചാലഞ്ചിൽ പങ്കെടുക്കാൻ എൻട്രി സമർപ്പണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സെൽഫ് ഡ്രൈവിങ് ബസുകളാണ് ഇത്തവണ ചലഞ്ചിൽ ഫോക്കസ് ചെയ്യുന്നത്.
യു.എ.ഇയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച നിർദേശം കഴിഞ്ഞ വർഷം അംഗീകരിക്കപ്പെട്ടിരുന്നു. തുടർന്ന് വിവിധ എമിറേറ്റുകളിൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.