ദുബൈ: സർക്കാർ സേവനങ്ങളും വിവരങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമായി സംവിധാനിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘യു.എഇ’ വെബ്സൈറ്റിന് വൻ സ്വീകാര്യത. കഴിഞ്ഞ ആറു മാസത്തിനിടയിൽ 91 ലക്ഷം പേർ വെബ്സൈറ്റ് സന്ദർശിച്ചതായി ടെലി കമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി(ടി.ഡി.ആർ.എ) അറിയിച്ചു. ഇതോടെ ആകെ സന്ദർശകരുടെ എണ്ണം 1.4 കോടിയായി. ശരാശരി പേജ് കാഴ്ചകളുടെ എണ്ണത്തിൽ കഴിഞ്ഞ മാസങ്ങളിൽ 3.52 ശതമാനം വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. സർക്കാറിന്റെ വിവരങ്ങളും സേവനങ്ങളും ഏകീകൃത സംവിധാനത്തിനു കീഴിലായത് പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ബിസിനസ് മേഖലക്കും ഗുണംചെയ്തതായാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയിൽ നിന്നുള്ളവർതന്നെയാണ് സേവനങ്ങൾക്ക് വെബ്സൈറ്റ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്.
ഉപഭോക്താക്കളിൽ 55.52 ശതമാനം പേരും യു.എ.ഇയിൽ താമസിക്കുന്നവരാണെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യ, സൗദി അറേബ്യ, ഈജിപ്ത്, യു.എസ്, യു.കെ, പാകിസ്താൻ, ജർമനി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പിന്നിലുള്ളത്. വെബ്സൈറ്റ് ഉള്ളടക്കം, ഫെഡറൽ, പ്രാദേശിക സർക്കാറുകളുമായി സഹകരിച്ച് ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യാനും വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. സമീപകാലത്ത് നിർമിതബുദ്ധി ഉപയോഗപ്പെടുത്തി ആശയവിനിമയത്തിന് മികച്ച സംവിധാനമൊരുക്കിയത് ഇതിന്റെ ഭാഗമാണ്. യു.എഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പൂർണമായും സുരക്ഷിതത്വം ഉറപ്പുനൽകിക്കൊണ്ട് ആവശ്യമായ സേവനങ്ങൾ നൽകാനും സാധിക്കുന്നു. നിർമിതബുദ്ധി അൽഗോരിതം ഉപയോഗപ്പെടുത്തുന്നതിനാൽ ഏറ്റവും വേഗത്തിലും കൂടുതൽ സമയം ചെലവഴിക്കാതെയും സേവനങ്ങൾ ലഭിക്കുന്നുണ്ട് -അധികൃതർ വ്യക്തമാക്കി.
യു.എ.ഇയിലെ സർക്കാർ സേവനങ്ങളുടെ ഏറ്റവും പ്രാഥമികമായ ഉറവിടം എന്ന നിലയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിന് അനുദിനം വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സറൂനി പറഞ്ഞു. ഇത് ഒരു സംവിധാനത്തിന്റെ മാത്രം പരിശ്രമത്തിന്റെ വിജയമല്ലെന്നും നിരവധി സംവിധാനങ്ങൾ കൂട്ടായി പരിഗണിച്ചപ്പോൾ ഉണ്ടായിത്തീർന്ന ഗുണഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘യു.എഇ’യിൽ എന്തെല്ലാമുണ്ട്?
ദുബൈ: ‘യു.എഇ’ വെബ്സൈറ്റിൽ അഞ്ചു പ്രധാന സെക്ഷനുകളാണുള്ളത്. വിവരങ്ങളും സേവനങ്ങളും, യു.എ.ഇ, ഇ-പാർട്ടിസിപ്പേഷൻ, മാധ്യമ സെക്ഷൻ, യു ആസ്ക് എന്നിവയാണവ. വിവരങ്ങളും സേവനങ്ങളും എന്ന വിഭാഗത്തിൽതന്നെ തൊഴിൽ, നിക്ഷേപം, ടൂറിസം, വിസ എന്നിവ സംബന്ധിച്ച എല്ലാ സേവനങ്ങളും ലഭ്യമാണ്.
യു.എ.ഇ സെക്ഷനിൽ രാജ്യത്തിന്റെ ചരിത്രവും ഭാവി നയങ്ങളും ലക്ഷ്യങ്ങളുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. മാധ്യമ വിഭാഗത്തിൽ യു.എ.ഇയിലെ ഇവന്റുകൾ, വാർത്തകൾ എന്നിവയും വിഡിയോകളും മറ്റു വിവരങ്ങളും ലഭ്യമാണ്. പുതുതായി ഉൾപ്പെടുത്തിയ ‘യു ആസ്ക്’ വിഭാഗത്തിലാണ് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് ഇടപെടാനും വിവരങ്ങൾ ശേഖരിക്കാനുമുള്ള അവസരമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.