അബൂദബി: ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിവേഗത്തിൽ കേസുകൾ തീർപ്പാക്കി അബൂദബി നീതിന്യായ വകുപ്പ്. നടപ്പു വർഷം ശരാശരി 41 ദിവസം മാത്രമാണ് ഒരു കേസ് തീർപ്പാക്കാൻ എടുത്ത സമയം. മുന്‍വര്‍ഷമിത് 56 ദിവസമെടുത്തിരുന്നു. 2023 ആദ്യ പകുതിയില്‍ ഓൺലൈനായി സമര്‍പ്പിക്കപ്പെട്ട 4,09,000ത്തിലേറെ അപേക്ഷകളും കോടതിയില്‍ നേരിട്ട് സമര്‍പ്പിച്ച 3,74,678 അപേക്ഷകളും പ്രോസിക്യൂഷന് ഓഫിസുകളില്‍ സമര്‍പ്പിച്ച 34,325 അപേക്ഷകളും പൂര്‍ത്തിയാക്കാന്‍ ജുഡീഷ്യല്‍ വകുപ്പിനായി. ഇതിനുപുറമേ സിവില്‍, ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് 1,24,723 വിഡിയോ കോണ്‍ഫറന്‍സ് വാദങ്ങളും വകുപ്പ് നടത്തി. 10,518 കേസുകള്‍ കുടുംബകോടതിയിലും 9005 കേസുകള്‍ അബൂദബി വാണിജ്യകോടതിയിലും 3944 കേസുകള്‍ അബൂദബി തൊഴില്‍ കോടതിയിലും തീര്‍പ്പാക്കാനായി.
2990 വിവാഹ കരാറുകള്‍, 5086 മധ്യസ്ഥതകളും അനുരഞ്ജനങ്ങളും, 6670 കുടുംബ മാര്‍ഗനിര്‍ദേശം, 7857 രമ്യമായി തീര്‍പ്പാക്കിയ കേസുകള്‍ മുതലയാവയും ഈ കാലയളവില്‍ നിയമവകുപ്പിന് കീഴില്‍ തീര്‍പ്പാക്കപ്പെട്ടു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹയാന്റെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി അന്താരാഷ്ട്ര നിലവാരം നീതിന്യായവകുപ്പില്‍ നടപ്പില്‍ വരുത്തിയതാണ് ഇത്തരമൊരു നേട്ടത്തിന് സഹായിച്ചതെന്ന് അബൂദബി ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി കൗണ്‍സലര്‍ യൂസുഫ് സഈദ് അല്‍ അബ്രി പറഞ്ഞു.
നിര്‍മിതബുദ്ധി, മെഷീന് ലേണിങ് അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളാണ് ഇത്തരമൊരു നേട്ടത്തിന് നീതിന്യായ വകുപ്പിനെ സഹായിച്ചതെന്നും ഇത്തരം നടപടികള്‍ അനുവര്‍ത്തിക്കുന്നതിന് വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും നീതിന്യായ വകുപ്പ് മേധാവിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആൽ നഹയാന്റെ മേല്‍നോട്ടം സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.