അബൂദബി: 'ഡിജിറ്റല്‍ ട്വിന്‍' പദ്ധതിയുമായി അബൂദബി നഗര, ഗതാഗത വകുപ്പ്. ദുബൈയിൽ സമാപിച്ച ജൈടെക്സ് ടെക് മേളയിലാണ് പദ്ധതി പുറത്തിറക്കിയത്.
എമിറേറ്റിന്റെ വികസന പ്രവൃത്തികളുടെ ത്രിമാന രൂപങ്ങളാണ് ഡിജിറ്റല്‍ ട്വിന്‍ പദ്ധതിയിലൂടെ പ്രദര്‍ശിപ്പിക്കുക. ഇത് മുഖേന പദ്ധതികള്‍ സംബന്ധിച്ച് അവലോകനങ്ങള്‍ നടത്താനും എമിറേറ്റിലെ നഗരങ്ങളുടെ ദൃശ്യഭംഗി ബോധ്യപ്പെടാനും സാധിക്കും.
പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്ലാനര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയുടെ ഭാഗമായി വികസന പ്രവൃത്തികള്‍ ത്രിമാനരൂപത്തില്‍ കാണാനും വിവരങ്ങള്‍ അവലോകനം ചെയ്യാനും ഡിജിറ്റല്‍ ട്വിന്‍ അവസരമൊരുക്കുന്നുണ്ട്.
കെട്ടിട നിര്‍മിതികളുടെയും മറ്റും പൂര്‍ണമായ ദൃശ്യാവതരണമാണ് ഇതില്‍ കാണിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് സംവിധാനവുമായി ബന്ധപ്പെട്ട പാട്ടക്കരാറുകള്‍, വാടക സൂചികകള്‍, വില്പന, വാങ്ങല്‍ സൂചികകള്‍, നഗര ഇടങ്ങള്‍, ഇതര സാമൂഹിക സൗകര്യങ്ങള്‍, കെട്ടിട പെര്‍മിറ്റുകള്‍, നഗരാസൂത്രണം, വാണിജ്യ ലൈസന്‍സ് തുടങ്ങിയ അനേക രേഖകളും യഥാസമയം അപ്ഡേറ്റ് ചെയ്യുന്നുണ്ടോയെന്ന് ഡിജിറ്റല്‍ ട്വിന്‍ ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.