ഗള്‍ഫിലെ ഡ്രൈവിങ് ലൈസന്‍സ് കിട്ടുക എന്നത് പ്രവാസികളെ സംബന്ധിച്ച് ജീവിതത്തിലെ വലിയൊരു നേട്ടമായാണ് ഇന്നും കണക്കാക്കുന്നത്. നാട്ടിലെ ഡ്രൈവിങ് രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഗള്‍ഫിലേത്. ഗതാഗത നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ശനമായി പാലിക്കണം. ഗള്‍ഫിലെ ഡ്രൈവിങ് ലൈസന്‍സിന് ലോകോത്തര നിലവാരമുണ്ട്. പ്രത്യേകിച്ച് യു.എ.ഇയിലെ ഡ്രൈവിങ് ലൈസന്‍സിന്. അതിനൊരു പ്രത്യേക കാരണവുമുണ്ട്.
യുഎ.ഇയിലെ കുറ്റമറ്റ ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും മികവ്. കാലോചിതമായ മാറ്റം നടപ്പിലാക്കി കൃത്യത ഉറപ്പ് വരുത്തുന്നതില്‍ ഇവിടെ അധികാരികള്‍ ഏറെ ശ്രദ്ധാപൂര്‍വ്വം പരിശ്രമിക്കുന്നുണ്ട്. അജ്മാന് ട്രാഫിക്ക് വകുപ്പ് ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതില്‍ ഏറെ മുന്നിലാണ്. ഇത് വരെയുള്ള ഡ്രൈവിങ് ടെസ്റ്റുകളില്‍ ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ട്രാഫിക്ക് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ അതുണ്ടാകില്ല. പകരം ദുബൈയിലേതു പോലെ അത്യാധുനിക സംവിധാനങ്ങളിലൂടെ അധികൃതര്‍ നിരീക്ഷിച്ച് വിജയിക്കുന്നവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക.
പൊലീസ് കൺട്രോള് സെൻററിലിരുന്ന് ഡ്രൈവിങ് ടെസ്റ്റ് നിരീക്ഷിക്കാന്‍ പാകത്തില്‍ വാഹനത്തില്‍ നിരവധി സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് ട്രാഫിക്ക് വകുപ്പ്. വാഹനത്തിൽ ഘടിപ്പിച്ച വിഷ്വൽ, ഓഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റം വഴിയായിരിക്കും പരീക്ഷാർഥിയുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുക. ഉദ്യോഗസ്ഥർ അടുത്തില്ലെന്നു വെച്ച് ആൾമാറാട്ടമൊന്നും നടക്കില്ല. ടെസ്റ്റിന് എത്തുന്നവരെ തിരിച്ചറിയാൻ വാഹനത്തിൽ മുഖം തിരിച്ചറിയൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്.
ഓരോ പരിശോധനക്കും മുമ്പും ശേഷവും ടെസ്റ്റ് വാഹനം അനുനശീകരണം നടത്താൻ വിദൂരമായി നിയന്ത്രിക്കുന്ന ഓട്ടോമേറ്റഡ് അണുനശീകരണ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടമായാണ് സ്മാർട്ട് ബ്രിഡ്ജ് സിസ്റ്റം എന്ന പേരില്‍ പരീക്ഷ സംവിധാനം ആരംഭിച്ചതെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിംഗ് വിഭാഗം വെഹിക്കിൾ ലൈസൻസിംഗ് വിഭാഗം മേധാവി മേജർ ഖൽഫാൻ മുഹമ്മദ് അൽ ഷാലി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരുക്കുന്ന ഈ സംവിധാനം വഴി ഉപഭോക്താവിന് കാര്യക്ഷമവും കൃത്യതയുമാര്‍ന്ന സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.