വിജയത്തിലേക്ക് നേരായ വഴി ഒന്നേയുള്ളൂവെന്ന് വിശ്വസിക്കുന്നയാളാണ് അബ്ദുറസാഖ് ചീരാപുരത്ത്. ആ വഴി കഠിനാധ്വാനത്തിന്‍റേതാണ്. യു.എ.ഇയിൽ നാലരപതിറ്റാണ്ടിന്‍റെ ജീവിതാനുഭവം അദ്ദേഹത്തിനുണ്ട്. മൂല്യങ്ങളും ശരികളും മുറുകെപ്പിടിച്ച് അധ്വാനിച്ചതിന്‍റെ ഫലമായി അഭിമാനകരമായ ഒരു സ്ഥാപനം കെട്ടിപ്പടുത്തു. ജോലി തേടിവന്ന സാധാരണ നാട്ടിൻപുറത്തുകാരനിൽ നിന്ന് ഇന്ന് 200ലേറെ തൊഴിലാളികളുള്ള വലിയ കമ്പനിയുടെ ഉടമയായി അദ്ദേഹം വളർന്നു. ആ വഴിയിൽ തണലായി നിന്ന ഇമാറാത്തിലെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു....
1977 ആഗസ്റ്റ് 31, കേരളത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ദുബൈയിൽ വിമാനമിറങ്ങി. ഗൾഫെന്ന സ്വപ്നഭൂമിയിലേക്ക് മലയാളി യുവാക്കളുടെ കുടിയേറ്റം ശക്തിപ്പെട്ടു തുടങ്ങിയ ആദ്യകാലമായിരുന്നു. കേട്ടറിഞ്ഞ കഥകളിലെ സ്വർഗഭൂമി പക്ഷേ ആ യുവാവിനെ സ്വീകരിച്ചത് കൊടും ചൂടിലേക്കാണ്. നേരത്തെയെത്തിയ ജ്യേഷ്ഠൻ ഹാരിസിന്‍റെ ഫുജൈറ മസാഫിയിലെ മിലിറ്ററി ക്യാമ്പിലെ ജോലി സ്ഥലത്തേക്കാണ് നേരെ പോയത്.
പട്ടാളക്കാർക്കുള്ള ഈസാ മൂസ എന്നയയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റോറും അതിനോടനുബന്ധിച്ചുള്ള താമസ സ്ഥലവുമായിരുന്നു. മിലിട്ടറിക്കാർക്കുള്ള ഭക്ഷണമാണ് ലഭിച്ചിരുന്നത്. ഈത്തപ്പനയോലകൾ കൊണ്ടുണ്ടാക്കിയ റൂമിലെ ഫാനിന് ചുവടെ ചൂട് കാറ്റിൽ കിടന്ന രാത്രി കാലങ്ങളിൽ കട്ടിൽ പുറത്തെടുത്തിട്ട് തെളിഞ്ഞ ആകാശത്തിന് കീഴിൽ കിടന്നുറങ്ങാറുണ്ടായിരുന്നു. എയർകണ്ടീഷനോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യമായിരുന്നു.
വന്നതിന്‍റെ പിറ്റേന്ന് മുതൽ ജോലി അന്വേഷിച്ചു നടക്കാൻ തുടങ്ങി. ദുബൈയിൽ വന്നത് ഹൗസ് ബോയ്യുടെ വിസയിലായതിനാൽ പഠിച്ച സിവിൽ എൻജിനീറിങുമായി ബന്ധപ്പെട്ട ജോലി കിട്ടിയെങ്കിലും സ്‌പോൺസറുടെ റിലീസ് കിട്ടാൻ ബുദ്ധിമിട്ടായതിനാൽ അതൊന്നും നടന്നില്ല. വരുമ്പോൾ ഇത്രയും ചൂട് പ്രതീക്ഷിക്കാത്തതിനാൽ കഠിനമായിരുന്നു ആദ്യ ദിനങ്ങൾ.
എന്നാൽ ജീവിതത്തിന്‍റെ പൊള്ളുന്ന യാഥാർഥ്യങ്ങളിൽ നിന്ന്, ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് വന്നിറങ്ങിയ ആ ചെറുപ്പക്കാരന് ഈ നാട് തണലായി. പതിയെയാണെങ്കിലും വളർത്തിവലുതാക്കി. നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോൾ കഠിനാധ്വാനത്തിലൂടെ 'കെമക്സ്' എന്ന സുപരിചത ബ്രാൻഡ് യു.എ.ഇയിലും മറ്റ് രാജ്യങ്ങളിലും നമ്മുടെ കേരളത്തിലും എത്തിക്കുവാൻ കഴിഞ്ഞു. ഇന്ന് ഇമാറാത്തിന്‍റെ മണ്ണിൽ തലയുയർത്തി നിൽക്കുന്ന ആ വ്യക്തിത്വമാണ് അബ്ദുറസാഖ് ചീരാപുരത്ത്.
കണ്ണൂർ ജില്ലയിലെ തലശ്ശേരി നാരങ്ങാപ്പുറം പ്രദേശത്ത് ജനിച്ച അബ്ദുറസാഖിന്റെ പിതാവ് സി.എൻ അബ്ദുൽഖദർ എന്ന സി.എൻ കാവു കുരുമുളക് കയറ്റുമതി ബിസിനസുകാരനായിരുന്നു. എന്നാൽ കിഡ്നി രോഗം കാരണം 42വയസാകുമ്പോഴേക്ക് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഇതോടെ ചീരാപുരത്ത് പാത്തുട്ടിയെന്ന ഉമ്മ മാത്രമായി 11മക്കൾ അടങ്ങിയ കുടുംബത്തിന്‍റെ തണൽ. മൂത്ത മകൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവിന്‍റെ മരണം.
അന്ന് അബ്ദുറസാഖ് ആറാം ക്ലാസിലായിരുന്നു. ബാല്യം കടക്കുന്നതിന് മുമ്പ് പൊരുതി ജീവിക്കാനായിരുന്നു വിധി. മിടുക്കനായി തന്നെ പഠിച്ചു. അന്നത്തെ കാലത്ത് എസ്.എസ്.എൽ.സി വരെ ഒരു ക്ലാസിലും തോൽക്കാതെ വിജയിക്കുക എന്നത് ശ്രമകരമായിരുന്നു. അത് നേടിയെടുത്തത് പഠനത്തിൽ പ്രോൽസാഹനമായി. ഇന്നു തലശ്ശേരിയിലെ ഏറ്റവും കൂടുതൽ ബിൽഡിംഗ് സമുച്ചയങ്ങളുള്ള നാരങ്ങാപ്പുറം അക്കാലത്ത് അഞ്ചു പത്തേക്കറോളം നെൽ വയലായിരുന്നു. അന്ന് ഓരോ സീസണിലും ആ വയലിൽ ഭാരത് സർക്കസ്, ഗ്രേറ്റ് ഇൻഡ്യൻ സർക്കസ് എന്നിവ മാറി മാറി വരാറുണ്ടായിരുന്നു.
ആ സമയങ്ങളിൽ അബ്ദുറസാഖ് വീട്ടിന്‍റെ മുൻവശത്ത് ചെറിയ പെട്ടിക്കട പോലെ ഉണ്ടാക്കി ഓറഞ്ചും സർബത്തുമൊക്കെ വിൽക്കുമായിരുന്നു. അങ്ങനെ ചെറുപ്പത്തിലേ ഒരു കച്ചവട മനസ് ഉണ്ടായി. പിതാവിന്‍റെ പാരമ്പര്യത്തിലും മാതാവിന്‍റെ കുടുംബത്തിലും എല്ലാം കച്ചവടം അലിഞ്ഞുചേർന്നിരുന്നു.
എസ്.എസ്.എൽ.സിക്ക് ശേഷം തിരൂർ പോളിടെക്നിക്കിൽ സിവിൽ എൻജിയറിങിന് സെലക്ഷൻ കിട്ടി. ഗൾഫിൽ സിവിൽ എൻജിനീയറിങിന് സാധ്യതയുണ്ടെന്ന് കേട്ടതിനാലാണ് സിവിൽ തെരഞ്ഞെടുത്തത്. ഗൾഫിലുള്ള ജ്യേഷ്ഠന്‍റെയും അമ്മാവൻമാരുടെയും സഹായത്തോടെ ഒക്കെയാണ് അന്ന് പഠനം പൂർത്തിയാക്കിയത്. പഠിച്ച് പാസയ ഉടൻ മാനന്തവാടിയിൽ ഓവർസീയറായി സർക്കാർ സർവീസിൽ കുറച്ചുകാലം ജോലി ചെയ്തു. അപ്പോഴാണ് ഗൾഫിലേക്ക് വിസ വന്നത്.
ഗൾഫിലെത്തിയപ്പോൾ മസാഫയിലെ സ്റ്റോറിൽ ഈത്തപ്പന ഓലകൊണ്ട് മറച്ച റൂമിലായിരുന്നു താമസം. ആദ്യ നാളുകളിൽ തന്നെ ജോലി അന്വേഷണം തുടങ്ങി. നേരത്തെ മനസിലാക്കിയത് പോലെ ജോലി എളുപ്പത്തിൽ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. അക്കാലത്തെ ദുബൈ ഇപ്പോഴും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അന്നത്തെ ദുബൈ അബുദാബി റോഡ് എന്ന ശൈഖ് സായിദ് റോഡിൽ ആകെയുണ്ടായിരുന്നത് രണ്ട് കെട്ടിടമായിരുന്നു. അതിലൊന്നായ വേൾഡ് ട്രേഡ് സെന്‍റർ നിർമാണം നടക്കുകയായിരുന്നു. അതായിരുന്നു അന്നത്തെ യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള െകട്ടിടം. മറ്റൊന്ന് ഇന്നത്തെ ഫസ്റ്റ് ഇന്‍റർചേഞ്ചിനടുത്തുള്ള ഏറ്റവും പഴയ െടായോട്ട ബിൽഡിങായിരുന്നു. ആ ബിൽഡിങ്ങിന് മുകളിൽ ടൊയോട്ടയുടെ അഡ്വെർടൈസ്‌മെന്‍റ് സൈൻബോർഡ് വെച്ചത് കാരണമാണ് അങ്ങിനെ പേര് വന്നത്. അതായിരുന്നു അന്നത്തെ ഒരു ലാൻഡ് മാർക്ക്. തെരുവു വിളക്കുകളൊക്കെ കുറവായിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊക്കെ ഉണ്ടായിവരുന്നതേയുള്ളൂ.
തുടക്കകാലത്ത് കുറേ ദിവസങ്ങൾ ജോലിയില്ലാതെ നടന്നപ്പോൾ റാശിദ് ആശുപത്രിയിൽ മെയിൻറനൻസ് വിഭാഗത്തിൽ ഒരു അഭിമുഖത്തിന് പങ്കെടുത്തു. അത് കഴിഞ്ഞു മടങ്ങുമ്പോഴാണ് അവിടെയുള്ള നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുരുഷൻമാർക്ക് രണ്ടുവർഷ നഴ്സിങ് കോഴ്സുണ്ടെന്ന് അറിഞ്ഞത്. ഹൗസ്ബോയ്യുടെ വിസ ആയതിനാൽ പാസ്പോർട്ടിൽ 10 മാസത്തെ വിസ അടിച്ചിരുന്നില്ല. സ്പോൺസരുടെ റിലീസും കിട്ടിയിരുന്നില്ല. അപ്പോൾ എങ്ങിനെങ്കിലും ഒരു വിസ സ്റ്റാമ്പ് ചെയ്തു കിട്ടാനുള്ള ശ്രമത്തിലായി. നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓരോ ആറു മാസവും 30 പേർക്ക് അഡ്മിഷൻ നൽകുമായിരുന്നു. അപേക്ഷിച്ചപ്പോൾ അഭിമുഖവും പരീക്ഷയും കഴിഞ്ഞ് പ്രവേശനം കിട്ടി.
വിസ അടിച്ചു കിട്ടുമെന്നതിനാൽ രണ്ടുവർഷം പിന്നീട് അവിടെ പഠിക്കാൻ തീരുമാനിച്ചു. അങ്ങിനെ വീണ്ടും ഒരു കോളേജ് ലൈഫ്. എഞ്ചിനീറിങ് കഴിഞ്ഞു വന്ന ഞാൻ ഒരു ബന്ധം പോലുമില്ലാത്ത അനാട്ടമി ഫിസിയോളജി പഠിക്കാൻ തുടങ്ങി. വിസ സ്റ്റാമ്പ് ചെയ്തു കിട്ടി എന്ന ആശ്വാസത്തോടെ ജോലി അന്വേഷണം തുടർന്നു. രണ്ടു വർഷത്തെ കോഴ്സ് പാസായ ശേഷം അവിടെ ഓപറേഷൻ തിയേറ്ററിൽ അനസ്‌തെറ്റിക് ടെക്നീഷ്യൻ ജോലി കിട്ടി. രണ്ട് വർഷത്തിന് ശേഷം അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി എയർപോർട്, സിപോർട്, ജബൽ അലി ക്ലിനിക്കുകൾ തുടങ്ങി ആരോഗ്യ വകുപ്പിൽ തന്നെ പലയിടത്തും ജോലി ചെയ്തു. അതിനിടയിൽ മാഹി പെരിങ്ങാടി സ്വദേശിനി തച്ചർപറമ്പത്ത് റംലയെ വിവാഹം ചെയ്തു. കുടുംബത്തെ ദുബൈയിലേക്ക് എത്തിച്ചു. മക്കളായ ഫാത്തിമ മുഹമ്മദ് നദീം, റിസ്‌വാൻ അബ്ദുറസാഖ് എന്നിവർ ജനിച്ചതും വളർന്നതും ഇവിടെതന്നെയായിരുന്നു.
ജോലിക്കിടയിൽ സ്കോട്ടിഷ് പൗരനായ ഒരാളുടെ കൂടെ ഹൈജീൻ ഉൽപന്നങ്ങളുടെ വിതരണത്തിന് പാർട്ടൈമായി ചേർന്നിരുന്നു. ഇപ്പോൾ ചെയ്യുന്ന ബിസിനസിന്‍റെ തുടക്കമായിരുന്നു അത്. സ്ക്കോട്ടിഷുകാരനുമായിട്ടുള്ള ബന്ധം ഔട്ഡോർ സെയിൽസിന് പ്രോചോദനമായി. അന്ന് റസ്റ്റാറന്‍റുകളും മറ്റും സാധാരണ സോപ്പ് ഉപയോഗിച്ചിരുന്ന കാലമായിരുന്നു. ലിക്വിഡ് ഹാൻഡ് സോപ്പ് എന്നത് പലർക്കും പുതുമയായിരുന്നു. സത്വയിലെ ഷൗക്കത്ത് റസ്റ്ററന്‍റ് ഹംസാക്കയാണ് (അദ്ദേഹം കുറച്ചു വർഷം മുമ്പ് മരണപ്പെട്ടു) ആദ്യമായി ഒരു ഡിസ്പെൻസറും ലിക്വിഡ് ഹാൻഡ് സോപ്പും വാങ്ങിയത്. പിന്നെ ഞാൻ വിൽക്കാൻ ശ്രമം നടത്തിയത് ഡിഷ് വാഷ് ലിക്വിഡ് ആയിരുന്നു.
ആദ്യം അഞ്ചു ലിറ്ററിന് കാനിൽ വിറ്റുപോയത് സത്വയിലെ തന്നേ ഇസ്തംബൂൾ എന്ന തുർക്കിഷ് റസ്റ്ററൻറിലായിരുന്നു. അതോടെ വിറ്റുപോകുമെന്ന ആത്മവിശ്വാസം വന്നു. തുടർന്ന് റസ്റ്ററൻറുകളിലൊക്കെ പോയി വിൽപന തുടങ്ങി. സ്കോട്ടിഷുകാരൻ തന്നെയാണ് ഡിസ്പൻസർ ഘടിപ്പിക്കുകയും മറ്റുമൊക്കെ ചെയ്തിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ സ്കോട്ടിഷ് പൗരൻ നാട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്‍റെ പാർട്ണറായിരുന്ന സ്വദേശി ബിസിനസ് ഏറ്റെടുത്ത് നടത്താൻ ആവശ്യപ്പെട്ടു. അങ്ങനെ 12വർഷത്തിന് ശേഷം 1990ൽ ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്ന് രാജിവെച്ചു. കുറച്ചുകഴിഞ്ഞ് നാട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ കമ്പനി ചില പ്രശ്നങ്ങളൊക്കെയായി പൂട്ടി. അതോടെ വീണ്ടും ഹെൽത് ഡിപാർട്മെൻറിൽ ആംബുലൻസ് വിഭാഗത്തിൽ ജോലിക്ക് പ്രവേശിച്ചു. അതിനിടയിലും കെമിക്കൽസ് വിതരണം ചെയ്യുന്ന ജോലി പാർട്ടൈമായി തുടർന്നു.
ഫെയ്ഫ കെമിക്കൽസ് ജനറൽ മാനേജർ കണ്ണൂർ സ്വദേശി രാജ്മോഹന്റെ ഉൽപന്നമായിരുന്നു വിറ്റിരുന്നത്. അദ്ദേഹം എന്നും മനസ്സിൽ ഓർമിക്കുന്ന നല്ല വ്യക്തിത്വത്തിന്‍റെ ഉടമയാണ്. കെമിക്കൽ എൻജിനീയർ കൂടിയായതിനാൽ അദ്ദേഹത്തിൽ നിന്നും കെമിക്കൽ ബിസിനസ് പഠിക്കാൻ സാധിച്ചു. പിന്നീട് മുഹമ്മദ് അബ്ദുല്ല ഗാലിബ് കർബാഷ് എന്ന ഇപ്പോഴത്തെ സ്പോൺസർ പാർട്ണറെ യാദൃശ്ചികമായി പരിചയപ്പെട്ടു.
ബിസിനസിൽ അതീവ തൽപരനായ അദ്ദേഹവുമായി ധാരണയായി. ഒരു പൈസപോലും നിക്ഷേപമില്ലാതെ 50-50 എന്ന ധാരണയിലാണ് ബിസിനസിന് തുടക്കമിട്ടത്. ഡെലിവറി, വെയർ ഹൗസ്, ഓഫിസ് എന്നിവ അദ്ദേഹത്തിന്‍റെ പൂർണ ഉത്തരവാദിത്തത്തിലും, മെറ്റീരിയൽ സോഴ്‌സിങ്, പർച്ചെസിങ്, ഫണ്ടിംഗ്, സെയിൽസ് കളക്ഷൻ എന്നീ കാര്യങ്ങൾ എന്‍റെ പൂർണ ഉത്തരവാദിത്തലും ചെയ്യാം എന്ന വാക്കാലുള്ള കരാറോടെ ബിസിനസിന് തുടക്കമിട്ടു. കൂടിക്കാഴ്ചയുടെ ആദ്യദിനം 'നിങ്ങളുടെ ഒരു ഫിൽസ് ഞാൻ എടുക്കില്ല' എന്ന എന്‍റെ വാക്കിന് 'നിന്‍റെ അര ഫിൽസ് ഞാനെടുക്കില്ല' എന്നായിരുന്നു സ്‌പോൺസറുടെ മറുപടി. അങ്ങനെ ഓഫിസ് ജോലിക്കായി അദ്ദേഹത്തിന്‍റെ സ്റ്റാഫായ റഹീം എന്ന ഹൈദരാബാദുകാരനെ നിയമിച്ച് പ്രവർത്തനം തുടങ്ങി.
രണ്ടു വർഷം ഞങ്ങൾ രണ്ടു പേരും പരസ്പര മനസ്സിലാക്കി പഠിച്ച ശേഷം കെമക്സ് എന്ന കമ്പനിക്ക് രൂപം കൊടുത്തു. പാർട്ണറുടെ കമ്പനിയായ മുഹമ്മദ് അബ്ദുല്ല ഗാലിബ് ട്രേഡിങ് എന്ന പേരും ആക്ടിവിറ്റിയും എല്ലാം മാറ്റി പുതിയ ഒരു കമ്പനിയായി.
ബിസിനസ് വളർന്നുതുടങ്ങിയപ്പോഴാണ് കെമക്സ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത് ഉൽപന്നം പുറത്തിറക്കാൻ തുടങ്ങിയത്. 1992ലാണിത്. ഫ്രീലാൻസായി ബിസിനസ് ചെയ്തിരുന്ന കാലത്ത് സ്കോട്ടിഷുകാരന്റെ കമ്പനിയുടെ പേര് കെമിക്കൽ എക്സ്പ്രസ് എന്നായിരുന്നു. അദ്ദേഹത്തിന്‍റെ ഓർമക്കായാണ് 'കെമക്സ്-കെമിക്കൽ ആൻഡ് ഹൈജീൻ പ്രൊഡക്റ്റ്സ് എൽ.എൽ.സി'എന്ന് പേര് സ്വീകരിച്ചത്.
ഇന്നും അബ്ദുറസാഖിന്റെ റോൾ മോഡൽ ആരെന്ന ചോദ്യത്തിന് സ്കോട്ടിഷുകാരൻ എന്ന മറുപടിയാണ് നൽകുക. അതിനിടെ ബിസിനസ് കൂടിയതിന്നനുസരിച്ച് സ്റ്റോറേജ് ആവശ്യമായി വന്നതോടെ ധാരണ പ്രകാരം പാർട്ണർ വീടിന്നടുത്തുള്ള അദ്ദേഹത്തിന്‍റെ സ്ഥലം സ്റ്റോറേജിന് വേണ്ടി ഉപയോഗപ്പെടുത്തി. അതും തികയാതെ വന്നപ്പോൾ പിന്നീട് സ്വന്തമായി അൽ ഖൂസിൽ പതിനായിരം സ്ക്വയർ ഫീറ്റ് ഭൂമി ലീസിനെടുത്ത് രണ്ടു വെയർ ഹൗസ് പണിതു.
അവിടെയാണ് ഞങ്ങളുടെ കെമക്സ് ഹൈജീൻ കൺസപ്റ്റ്സിന്റെ ഇപ്പോഴത്തെ ഷോറൂമും റീറ്റെയ്ൽ കൗണ്ടറും സ്ഥിതി ചെയ്യുന്നത്. അതിന് ശേഷം ഉത്പന്നങ്ങൾ സ്വന്തമായി തന്നെ ഉണ്ടാക്കിക്കൂടെ എന്ന ആലോചന വന്നു. അങ്ങനെ രണ്ട് വെയർഹൗസ് ഉണ്ടായിരുന്നതിൽ ഒന്ന് ഫാക്ടറിയാക്കി. 1999ലാണ് ഫാക്ടറി ഒരുക്കുന്നത്. അതാണ് കെമക്സ് ഡിറ്റർജെന്‍റ് ആൻഡ് ഡിസ്ഇൻഫെക്ടന്റ് ഫാക്ടറി. പിന്നീട് അതോടു കൂടി തന്നെ പ്ലാസ്റ്റിക് ബോട്ടിലുകൾ, ഗാർബേജ് ബാഗ്‌സ് എന്നിവ നിർമിക്കുന്ന കെമക്സ് പ്ലാസ്റ്റിക് ഫാക്ടറിയും തുടങ്ങി.
ക്ലീനിങ് ആൻഡ് ഹൈജീൻ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ എന്നാ ലോഗോയുമായി എല്ലാ ഉൽപന്നങ്ങളും ഒരു കമ്പനിയിൽ നിന്ന് എന്ന കൺസെപ്റ്റ് എല്ലാവര്ക്കും സ്വീകാര്യമായി. ഈ കാഴ്ചപ്പാട് മാർക്കറ്റിൽ ആദ്യമായി അവതരിപ്പിക്കുന്നത് കെമക്സാണ്. പിന്നീട് ബിസിനസ് കുത്തനെ കൂടി. അതോടെ വെയർഹൗസുകൾ കൂടുതലായി വന്നു. പിന്നീടത് അഞ്ചു വെയർഹൗസുകളായി. വെയർഹൗസുകൾക്ക് വലിയ പണം ചിലവഴിക്കുന്നത് ഒഴിവാക്കുക എന്ന ചിന്തയിൽ പിന്നീട് ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ അഞ്ച് വർഷം മുമ്പ് 49വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്തു. ഇവിടെ സ്വന്തമായി കെട്ടിടം പണിത് ഫാക്ടറിയുണ്ടാക്കി. കൂടാതെ രണ്ട് വർഷം മുമ്പ് അതിന്‍റെ തൊട്ടടുത്ത് വെയർ ഹൗസും തുടങ്ങി. ഇപ്പോൾ നാലുവർഷമായി ഓഫിസും വെയർഹൗസും എല്ലാം അവിടേക്ക് മാറ്റി.
നിലവിൽ യു.എ.ഇ ഔഖാഫിന്‍റെ കീഴിലെ എല്ലാ പള്ളികളിലും ഹൈജീൻ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് കെമക്സാണ്. അതിനിടെ മറ്റു രാജ്യങ്ങളിലും സ്വന്തം നാടായ കേരളത്തിലും കെമക്സിനെ വളർത്തി. കേരളത്തിൽ കണ്ണൂർ മട്ടന്നൂരിൽ പ്രവർത്തിക്കുന്ന കമ്പനി, അബ്ദുറസാഖിന്റെ കൂടെ വളരെ സത്യസന്ധതയോടെയും ആത്മാർഥതയോടെയും തുടക്കം മുതൽ ഉണ്ടായിരുന്ന നത്താൽപുരയിൽ ബഷീർ എന്ന പരിചയ സമ്പന്നനായ കെമിസ്റ്റിന്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.
സത്യസന്ധതയും പരസ്പര വിശ്വാസവും നേർവഴിക്കുള്ള ബിസിനസ് മാത്രം മതിയെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല എന്നതും തുടക്കം മുതലേ സ്വീകരിച്ച നിലപാടാണ്. അത് അബ്ദുറസാഖിന്റെ ബിസിനസ് ധാർമികതയുടെ അടിസ്ഥാനമാണ്. ഇന്നോളം ബാധ്യതകൾ വരുത്തിവെക്കാതെയാണ് മുന്നോട്ടുപോയത്. ദൈവ സഹായത്താൽ ഇത് വരെയും ഒന്നിനും ഒരു ബാങ്കിനെയും സമീപിച്ചിട്ടില്ല. ചെയ്യുന്ന ബിസിനസ് നന്നായി ചെയ്യുക, മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക എന്നത് എക്കാലവും സ്വീകരിച്ച നയമാണ്. ബിസിനസ് തുടങ്ങുന്ന കാലത്ത് എന്തുകൊണ്ട് ഹോട്ടൽ, ഗ്രോസറി പോലുള്ള മേഖലകൾ തിരഞ്ഞെടുക്കുന്നില്ലെന്ന് പലരും ചോദിക്കാറുണ്ടായിരുന്നു. പെട്ടെന്ന് പണം പെട്ടിയിൽ വീഴുമെന്നതാണ് അത്തരം ബിസിനസുകൾക്ക് പലരും കണ്ട ഗുണം. എന്നാൽ ദീർഘദൃഷടിയോടെ ബിസിനസ് എന്ന കാഴ്ചപ്പാടാണ് സ്വീകരിച്ചത്.
കെമക്സ് തുടങ്ങിയ ആദ്യ അഞ്ചുവർഷം ചിലവിനുള്ള പണമല്ലാതെ ലാഭമായി ഒന്നും കമ്പനിയിൽ നിന്ന് എടുത്തിരുന്നില്ല. പെട്ടെന്ന് കാഷുണ്ടാക്കാൻ ശ്രമിച്ചാൽ തകർന്നുപോകും. അതിനാൽ സ്വാഭാവിക വളർച്ചയാണ് എപ്പോഴും നല്ലതെന്ന ഉപദേശമാണ് പുതുതലമുറയോട് പങ്കുവെക്കാനുള്ളത്.
1977ൽ ദുബൈയിൽ ജോലി അന്വേഷിച്ചു നടന്ന കാലത്ത് ഇവിടുത്തെ പ്രതാപമൊക്കെ അവസാനിച്ചല്ലോ ഇപ്പോഴാണോ വരുന്നതെന്ന് ഒരാൾ ചോദിച്ചത് അബ്ദുറസാഖ് ഇപ്പോഴും ഓർക്കുന്നുണ്ട്. എന്നാൽ എല്ലാ പ്രതിസന്ധി കാലങ്ങളും വിജയകരമായി അതിജീവിച്ച് യു.എ.ഇ മുന്നേറിയതിന് സാക്ഷിയാകാൻ സാധിച്ചു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെയും ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദിന്റെയും കാഴ്ചപ്പാടുകളാണ് ഇതിന് സഹായിച്ചത്.
യു.എ.ഇ എന്നത് ശരിക്കുമൊരു ബ്രാൻഡായി ഇന്ന് വളർന്നുകഴിഞ്ഞു. ലോകത്ത് പലഭാഗങ്ങളിലും പോകുമ്പോൾ ദുബൈയിൽ നിന്നാണെന്ന് പറയുമ്പോൾ ലഭിക്കുന്ന സ്വീകാര്യത അനുഭവിച്ചിട്ടുണ്ട്. എമിറേറ്റിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എല്ലാ മേഖലയിലും ഇടപെട്ട് നവീകരണം കൊണ്ടുവന്നു.
എക്സ്പോ കൂടി വന്നപ്പോൾ ബ്രാൻഡ് കൂടുതൽ വലുതായി. ഇമാറാത്തിൽ തന്നെ ജനിച്ചു വളർന്ന അബ്ദുറസാഖിന്റെ മക്കളും നിലവിൽ ഇവിടെ തന്നെയാണ് കുടുംബ ജീവിതം നയിച്ചുവരുന്നത്. മകൻ റിസ്‌വാൻ കെമക്‌സിലും അവരുടെതന്നെ മറ്റൊരു സ്ഥാപനമായ യൂറോടെക് എക്വുപ്മെന്റ് ട്രേഡിങ് എന്ന കമ്പനിയുടെ അധിപനായും മരുമകൻ സി.പി മുഹമ്മദ് നദീം ഷ്നൈഡർ എന്ന മൾട്ടിനാഷണൽ കമ്പനിയിൽ ട്രേഡ് കോംപ്ലിയൻസ് മാനേജറായും ജോലിചെയ്യുന്നു. തലമുറകളായി യു.എ.ഇയുടെ സുകൃതം അങ്ങനെ നീണ്ടുപോവുകയാണെന്ന് അബ്ദുറസാഖ് നന്ദിയോടെ സ്മരിക്കുന്നു.
അബ്ദുറസാഖിന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഇമാറാത്തി പൗരൻ പാട്ണറായ മുഹമ്മദ് അബ്ദുല്ല ഗാലിബ് കർബാഷാണ്. കണ്ടുമുട്ടിയതു മുതൽ ഇന്നുവരെ പരസ്പരം വാക്ക് പാലിച്ചു മുന്നോട്ടുപോയി. ഇന്നും ബന്ധം തുടരുന്നു. എനിക്കൊരു സഹോദരനുണ്ടെങ്കിൽ അത് നീയാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഒരിക്കലും സാമ്പത്തിക വിഷയങ്ങളിൽ പരസ്പരം സംശയിക്കുന്ന ഒന്നും ഉണ്ടായില്ല. കുടുംബത്തിലെ കാര്യങ്ങൾ പോലും ഏൽപിക്കുന്ന രൂപത്തിൽ വിശ്വാസമുണ്ട്. എല്ലാവരെയും സഹായിക്കുന്ന മനസുള്ള ആളാണ്. ഇതുവരെ തനിക്ക് എത്തിച്ചേരാൻ കാരണക്കാരൻ അദ്ദേഹമാണെന്ന് പറയാൻ അബ്ദുറസാഖിന് മടിയില്ല. പ്രവാസലോകത്ത് മലയാളികൾക്ക് അഭിമാനമായ എം.എ യൂസുഫലിയും ആസാദ് മൂപ്പനുമെല്ലാം ഏറെപ്രചോദനം നൽകിയ ആളുകളാണെന്നും അദ്ദേഹം ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.