നാലു പതിറ്റാണ്ടിന്‍റെ പ്രവാസ കഥ പറയാനുണ്ട് എം.സി. മുഹമ്മദ് കുട്ടി ഹാജിക്ക്. ദുരിതവും കണ്ണീരും കഷ്ടപ്പാടും സന്തോഷവും വിജയവും അഭിമാനവുമെല്ലാം ആ കഥയിലുണ്ട്. അസാധ്യമായത് ഒന്നുമില്ല എന്ന് ഇടക്കിടെ ഓർമിപ്പിക്കുന്ന ഭരണാധികാരികളുള്ള നാട്ടിൽ മുഹമ്മദ് കുട്ടി ഹാജിയും വെട്ടിപ്പിടിച്ചത് അസാധ്യമെന്ന് തോന്നിക്കുന്ന ലക്ഷ്യങ്ങളായിരുന്നു. ഇമാറാത്തിനൊപ്പമുള്ള ജീവിതകഥ പറയുകയാണ് ഗോള്‍ഡന്‍ സിറ്റി സ്റ്റാര്‍ ട്രേഡിങ് ഉടമ മുഹമ്മദ് കുട്ടി ഹാജി...
'നാല് പതിറ്റാണ്ടുമുമ്പ് ഞാനീ മരുഭൂമിയിലെത്തുമ്പോള്‍ ലക്ഷ്യം കുടുംബത്തിന്‍റെ പട്ടിണിയകറ്റുക എന്നതു മാത്രമായിരുന്നു. ഏഴാംക്ലാസില്‍ പഠിപ്പുനിര്‍ത്തി, വീടുവിട്ട് പുറത്തേക്കിറങ്ങിയതും കൂടപ്പിറപ്പുകള്‍ക്ക് അത്താണിയാകാന്‍ വേണ്ടിയാണ്. ഇന്നീ നിമിഷം ഞാനാലോചിക്കുന്നത് കടന്നുവന്ന ജീവിതവഴികളെക്കുറിച്ചാണ്' -പ്രവാസദുരിതങ്ങളില്‍നിന്ന് ഗോള്‍ഡന്‍ വിസ എന്ന അഭിമാനനേട്ടത്തിലേക്ക് ഉയര്‍ന്ന ഗോള്‍ഡന്‍ സിറ്റി സ്റ്റാര്‍ ട്രേഡിങ് ഉടമ എം.സി. മുഹമ്മദ് കുട്ടി ഹാജി എന്ന പട്ടാമ്പി വിളയൂര്‍ ഓടുപാറ മണ്ണേങ്ങല്‍ ചേരിക്കല്ലിമ്മല്‍ മുഹമ്മദ് കുട്ടി ജീവിതം പറഞ്ഞുതുടങ്ങുകയായിരുന്നു.
41 വര്‍ഷം മുമ്പ്, 1981ല്‍ 18ാം വയസ്സിലാണ് ബോംബെയില്‍നിന്ന് മാംസം കൊണ്ടുവരുന്ന വിമാനത്തിലെ പരിമിതമായ സീറ്റില്‍ ഇടംപിടിച്ച് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത്. സഹോദരന്‍ മൊയ്തീന്‍ എടുത്തുനല്‍കിയ വിസയിലെത്തി ഫുജൈറയിലെ കല്‍ബയില്‍ താമസമാക്കി. പൊരിയുന്ന വെയിലില്‍ കണ്‍സ്ട്രക്ഷന്‍, നാരങ്ങ പെറുക്കല്‍ തുടങ്ങിയ കഠിന ജോലികള്‍ ചെയ്താണ് പ്രവാസം ആരംഭിച്ചത്. അന്നത്തെ കല്‍ബയെക്കുറിച്ചോര്‍ക്കുമ്പോള്‍തന്നെ ഉള്ളിലൊരാളലാണ്, അത്രമാത്രം ദയനീയമായിരുന്നു സ്ഥിതി.
ഒരു വര്‍ഷത്തിനുശേഷം അബൂദബിയിലേക്കു ചേക്കേറി. ലബനാനിയുടെ വീട്ടിലായിരുന്നു പണി. പിന്നീട് യു.എ.ഇ സര്‍ക്കാര്‍ ഡിപ്പാർട്മെന്‍റില്‍ ജോലിക്കാരനായി. 23 വര്‍ഷമാണ് ഇതേ ജോലി തുടര്‍ന്നത്. ആദ്യമായി ഗള്‍ഫിലെത്തി മൂന്നാംവര്‍ഷം നാട്ടിലേക്കു പോയി. തലശ്ശേരി ദേശമംഗലം ശൗര്യംപറമ്പില്‍ വീട്ടില്‍ സുലൈഖയെ ജീവിതസഖിയാക്കി. ജോലിക്കിടയിലെ പ്രയാസങ്ങള്‍ മറികടന്ന് എല്ലാ വര്‍ഷവും നാട്ടിലെത്തുക എന്നത് മുടക്കിയിരുന്നില്ല. എത്ര കഷ്ടപ്പെട്ടിട്ടായാലും നാട്ടിലെത്തി കുടുംബത്തോടൊപ്പം കുറച്ചു ദിവസം കഴിച്ചുകൂട്ടും.
സര്‍ക്കാര്‍ ഡിപ്പാർട്മെന്‍റില്‍ രണ്ടര പതിറ്റാണ്ടോളം ജോലി ചെയ്‌തെങ്കിലും ഏതു സമയത്തും അത് നഷ്ടപ്പെടുമോ എന്നൊരു ഭീതിയുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ സാഹചര്യവും. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. 2003ല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ചെറിയൊരു സൈറ്റ് കാന്‍റീന്‍ തുടങ്ങി സ്വന്തം സംരംഭത്തിലേക്ക് കാലെടുത്തുവെച്ചു. അവിടെയായിരുന്നു ഉയര്‍ച്ചയുടെ തുടക്കവും. പിന്നീട് തനിയെയും പാര്‍ട്ണര്‍മാരെ കൂട്ടിയുമൊക്കെ ചെറുതും വലുതുമായ ബിസിനസ് സംരംഭങ്ങള്‍. 2007ല്‍ പ്രമുഖ കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ ലഭിച്ചു. 14 വര്‍ഷത്തോളം ഈ കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറായി. ഇതോടെയാണ് സാമ്പത്തികമായി കൂടുതല്‍ കരുത്തുനേടിയത്. നിലവില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഹോട്ടല്‍, റെന്‍റ് എ കാര്‍ തുടങ്ങിയ ബിസിനസുകളാണുള്ളത്. നാട്ടിലും നിരവധി സംരംഭങ്ങളുടെ ഉടമയാണിദ്ദേഹം.
സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ ഭാഗമാവാതെതന്നെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ശൈലിയാണ് നേരത്തേ മുതലേ മുഹമ്മദ് കുട്ടി ഹാജി സ്വീകരിച്ചുവന്നത്. അര്‍ഹരായവരെ കണ്ടെത്തി അറിഞ്ഞു സഹായിക്കും. വിളയൂര്‍ പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരി പദവി അലങ്കരിക്കുന്നതുതന്നെ ജന്മനാടിനോടുള്ള സ്‌നേഹവും കടപ്പാടുംകൊണ്ടുമാത്രമാണ്. കോവിഡ് മഹാമാരിക്കാലത്ത് മാത്രം നാട്ടിലേക്കു പോകാൻ വിമാന ടിക്കറ്റെടുത്തും മറ്റും നിരവധി പേരെയാണ് സഹായിച്ചത്. താന്‍ അടങ്ങുന്ന ബിസിനസ് സ്ഥാപനങ്ങളിലെ അറുപതിലധികം ജീവനക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടുന്നതിലും അതീവ ശ്രദ്ധാലുവാണ് മുഹമ്മദ് കുട്ടി ഹാജി. ഓടുപാറ പ്രവാസി കൂട്ടായ്മ എന്ന പേരിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ട്. സ്വന്തം നാടായതിനാൽ ഇവിടെയുള്ള ചെറുപ്പക്കാരെയും മറ്റും കൂട്ടിയോജിപ്പിച്ച് പ്രാദേശികമായ സഹായങ്ങളും മറ്റും ചെയ്യുകയാണ് സംഘടനയുടെ പ്രവര്‍ത്തനരീതി.
കാര്‍ഷിക കുടുംബത്തിലാണ് പിറന്നത്. പിതാവ് പരേതനായ പരീക്കുട്ടിയുടെയും മാതാവ് ഇയ്യാത്തൂട്ടിയുടെയും രണ്ടാമത്തെ മകനായിട്ടാണ് ജനനം. ബിസിനസുകള്‍ നോക്കിനടത്തുന്നതിന് നാട്ടിലും ഗള്‍ഫിലുമായി മാറി മാറി നിൽക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്തിനും കൂട്ടായി ഭാര്യ സുലൈഖ ഒപ്പമുണ്ടാവും. നജ്മ, നജ്ബ, നജ്ദ, നദീം എന്നിവരാണ് മക്കള്‍. ജലീല്‍, ഫസല്‍ റഹ്മാന്‍, സൈഫുദ്ദീന്‍ എന്നിവര്‍ മരുമക്കളും. മകന്‍ നദീമാണ് അജ്മാനിലെ പ്രസ്റ്റീജ് റെന്‍റ് എ കാര്‍ എന്ന സ്ഥാപനം നോക്കിനടത്തുന്നത്. മൊയ്തീന്‍, മജീദ്, കോയ, സൈതലവി, സുഹറ, സുലൈഖ എന്നിവരാണ് സഹോദരങ്ങള്‍. 1988ല്‍ പിതാവിന്‍റെ വേര്‍പാട് ഏറെ തളര്‍ത്തിക്കളഞ്ഞു. അതീവ ദുഃഖകരമായ ദിനങ്ങളായിരുന്നു അത്.
പരമാവധി കുടുംബത്തോടൊപ്പം ചെലവഴിച്ച് ബിസിനസുകളുമായി മുന്നോട്ടുപോവാനാണ് മുഹമ്മദ് കുട്ടി ഹാജിയുടെ ആഗ്രഹം. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ വീടുവിട്ട് പുറത്തുപോകാറുമുള്ളൂ. ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങളില്‍ പടച്ചവനെ ഏറെ സ്തുതിക്കുകയാണ്. ജീവിതം കരുപ്പിടിപ്പിച്ച പ്രവാസജീവിതത്തില്‍, ഈ രാജ്യം നല്‍കിയ ഗോൾഡന്‍ വിസ എന്ന ആദരത്തിന് രാഷ്ട്രഭരണാധികാരികളോട് നന്ദി പറയുകയാണ് മുഹമ്മദ് കുട്ടി ഹാജി. ◆
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.