അരനൂറ്റാണ്ടു മുമ്പ് പൊന്നുവിളയുന്ന പേർഷ്യൻ മരുഭൂമി ലക്ഷ്യമാക്കി സാഹസികയാത്ര ചെയ്ത തലമുറയാണ് മലയാളിയുടെ ഗൾഫ്
പ്രവാസത്തിന്‍റെ തുടക്കക്കാർ. പത്തേമാരിയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ സഞ്ചരിച്ച് സ്വപ്നതുല്യമായ ജീവിതം പടുത്തുയർത്തിയ
പ്രവാസത്തിന്‍റെ കാരണവരുടെ ആ തലമുറയിലെ ചിലർ ഇന്നുമുണ്ട്. അക്കാലത്ത് യു.എ.ഇയിലെത്തിയ, ലോകത്തോളം വളർന്ന ഈ നാടിനൊപ്പം സഞ്ചരിച്ച ഒരാളാണ് ജലീൽ ട്രേഡേഴ്സ് സ്ഥാപകനും ചെയർമാനുമായ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി. അനുഭവങ്ങളുടെ തീച്ചൂളയിൽ വിളയിച്ചെടുത്ത സുവർണത്തിളക്കമുള്ള ഓർമകൾ പങ്കുവെക്കുകയാണദ്ദേഹം...
1960കളുടെ രണ്ടാം പാതി. കോഴിക്കോടുനിന്ന് ഖ്വാജാ മൊയ്തീൻ എന്ന പത്തേമാരി പേർഷ്യയിലേക്ക് പുറപ്പെടുന്നു. മുമ്പ് പുറപ്പെട്ടുപോയ പല ലോഞ്ചുകളും പാതിവഴിയിൽ തകർന്നതും യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ടതുമൊക്കെ വാർത്തകളായി അന്തരീക്ഷത്തിലുണ്ട്. എങ്കിലും ജീവിതത്തിന്‍റെ മറുകരയിലെത്താൻ ഈ പായക്കപ്പലാണ് നിയോഗമെന്ന വിശ്വാസത്തിലാണ് യാത്രികർ. 23 പേരാണ് ലോഞ്ചിലുള്ളത്. കാറ്റിൽ മാത്രം സഞ്ചരിക്കുന്നതാണ് പായക്കപ്പൽ. കാറ്റ് ചതിച്ചാൽ പേർഷ്യക്കു പകരം മറ്റേതെങ്കിലും സ്ഥലത്തുമെത്താം. തകർന്നടിയുകയുമാകാം. എന്നാൽ, മിക്കവരെയും പ്രാരബ്ധങ്ങളുടെ ഭാണ്ഡവും യൗവനത്തിന്‍റെ ആവേശവും പിന്തിരിയാൻ സമ്മതിക്കുമായിരുന്നില്ല.
കൂട്ടത്തിൽ തൃശൂർ ജില്ലയിലെ വടക്കേകാട് സ്വദേശി കുഞ്ഞുമുഹമ്മദുമുണ്ട്. 13ാം വയസ്സിൽ പഠനമുപേക്ഷിച്ച് കോയമ്പത്തൂരിൽ പത്രവിൽപനയും അരിക്കച്ചവടവുമൊക്കെ നടത്തി വിജയിക്കാൻ കഴിയാതെ വന്നതോടെയാണ് അദ്ദേഹം കടൽകടക്കാൻ തീരുമാനിച്ചത്. നേരത്തേ ഷാർജയിലും മറ്റുമെത്തിയ നാട്ടുകാരായ ചിലരുടെ സഹായം പ്രതീക്ഷിച്ചാണ് പുറപ്പെട്ടത്. ആ പത്തേമാരി മലബാറിന്‍റെ കര വിട്ട് അറബിക്കടലിനെ കീറിമുറിച്ച് സഞ്ചരിച്ചു. 40 ദിവസത്തെ സമുദ്രസഞ്ചാരത്തിനൊടുക്കം പേർഷ്യയെന്ന് അന്ന് വിളിച്ച ഗൾഫിന്റെ മണ്ണിൽ അവർ എത്തിച്ചേർന്നു. ഒമാൻ തീരദേശത്താണ് വന്നിറങ്ങുന്നത്. പുലർച്ചെയായിരുന്നു. പുറത്തിറങ്ങി അടുത്തുള്ള ഒരു തോട്ടത്തിലേക്കു പോയി വെള്ളം കുടിച്ചു. അപ്പോൾ പള്ളിയിൽനിന്ന് ബാങ്ക് വിളി കേട്ടു. പള്ളിയിൽ പോയപ്പോൾ സ്വദേശിയായ ഒരാൾ 'മുസാഫിറുകളെ' വീട്ടിലേക്കു കൊണ്ടുപോയി. പത്തേമാരിയിൽ എത്തിയവരിൽ ഹിന്ദി അറിയുന്ന ഒരാളുണ്ടായിരുന്നു. അയാളാണ് സ്വദേശിയോട് സംസാരിച്ചത്. സ്നേഹനിധിയായ ഒമാനി എല്ലാവർക്കും ചായയും 'ബാലാലിയത്' എന്ന സേമിയ പോലുള്ള അറബികളുടെ ഭക്ഷണവും നൽകി. പിന്നീട് പൊലീസ് വന്ന് കുഞ്ഞുമുഹമ്മദ് അടക്കം എല്ലാവരെയും കൊണ്ടുപോയി.
യു.എ.ഇയുടെ മണ്ണിലേക്ക്
ഇന്നത്തെ യു.എ.ഇയുടെ മണ്ണിലേക്ക് ആ സംഘത്തെ കയറ്റി അയക്കുന്നത് ഒമാനിലെ പൊലീസാണ്. അതിർത്തി കടന്ന് എത്തിയത് ഖോർഫക്കാനിൽ. അവിടെവെച്ച് മൂന്നും നാലു ടീമായി ഒാരോ ട്രക്ക് വണ്ടികളിൽ കയറി പല ഭാഗങ്ങളിലേക്കായി പോയി. കുഞ്ഞുമുഹമ്മദ് ഷാർജ റോളയിലേക്കാണ് വന്നത്. റോളയിൽ നാട്ടുകാരൻ കൂടിയായ എം.പി. മുഹമ്മദ് (ഈശ മുഹമ്മദ്) ഒരു ഹോട്ടൽ നടത്തിയിരുന്നു. സഞ്ചരിച്ച ട്രക്കിന്‍റെ വാടക നൽകിയതും 10 ഖത്തർ റിയാൽ നൽകിയതും അദ്ദേഹമാണ്. അന്ന് യു.എ.ഇയുടെ പ്രദേശങ്ങളിൽ ഇന്ത്യയുടെ രൂപ മാർക്കറ്റിൽ എടുക്കുമായിരുന്നു. ഖത്തറിന്‍റെ റിയാൽ യു.എ.ഇയിൽ പ്രചാരം നേടി വരുന്നതേയുള്ളൂ. റോളയിൽ നിന്ന് ദുബൈയിലേക്ക് അന്ന് 10 കിലോമീറ്റർ മാത്രമായിരുന്നു റോഡുണ്ടായിരുന്നത്. ബാക്കി മരുഭൂമിയിലൂടെ ഒാരോരുത്തരും സ്വന്തമായി വഴി കണ്ടെത്തി സഞ്ചരിക്കുകയായിരുന്നു. അഥവാ ഇന്നുകാണുന്ന വികസനമൊന്നും അന്ന് ഈ മണ്ണിലുണ്ടായിരുന്നില്ലെന്ന് കുഞ്ഞുമുഹമ്മദ് ഹാജി ഓർക്കുന്നു.
ഷാർജയിലുണ്ടായിരുന്ന നാട്ടുകാരുടെ കൂടെ കുറച്ചുകാലം താമസിച്ചു. ജോലി കിട്ടാതെ വന്നതോടെ റാസൽഖൈമയിലേക്കു പോയി. അവിടെയാണ് പ്രവാസജീവിതം പച്ചപിടിച്ചുതുടങ്ങിയത്. ഒരു വീട്ടിൽ കറവക്കാരന്‍റെ ജോലിയാണ് ആദ്യം ലഭിച്ചത്. 100 രൂപയായിരുന്നു കൂലി. പിന്നീട് റാസൽഖൈമയിലെ ഭരണാധികാരിയുടെ വീട്ടിലേക്ക് ജോലിമാറ്റം ലഭിച്ചു. അന്നത്തെ കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം ബ്രിട്ടീഷ് കൗൺസിൽ ഭരണമായിരുന്നു. അവരായിരുന്നു വിസ നൽകിയിരുന്നത്. ട്രൂഷ്യൽ സ്റ്റേറ്റ്സ് കൗൺസിൽ എന്ന പേരിൽ ഏഴ് എമിറേറ്റുകളുടെ കൂട്ടായ്മ അന്നുണ്ടായിരുന്നു. അതിന്‍റെ ചെയർമാനായിരുന്ന റാസൽഖൈമ ഭരണാധികാരി ശൈഖ് സഖ്ർ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വീട്ടിലായിരുന്നു കുഞ്ഞുമുഹമ്മദ് ഹാജിക്ക് 1968ൽ ജോലി ലഭിക്കുന്നത്. അവിടത്തെ ജീവിതം മുന്നോട്ടുള്ള യാത്രക്ക് ഊർജവും പിന്തുണയും നൽകുന്നതായിരുന്നു.
റാസൽഖൈമയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ 1972ലാണ് സ്വന്തമായി ചെറിയ ഒരു ബിസിനസ് തുടങ്ങുന്നത്. കുറച്ച് പഴങ്ങൾ മാത്രമുള്ള ചെറിയ ഷോപ്പായിരുന്നു അത്. പിതാവിലൂടെയും പിതാമഹനിലൂടെയും കച്ചവടപാരമ്പര്യം ഉള്ളതിനാലായിരിക്കണം ജോലിക്കിടയിൽ ബിസിനസിലേക്ക് നീങ്ങാൻ തോന്നിയത്. ശൈഖിന്‍റെ വീട്ടിൽനിന്നാണ് പഴക്കച്ചവടത്തിന് പ്രചോദനം ലഭിച്ചത്. അവർക്കുണ്ടായിരുന്ന തോട്ടത്തിൽനിന്ന് ലഭിക്കുന്ന ഫലങ്ങൾ വീട്ടിലേക്കും കുടുംബങ്ങളിലേക്കും എടുത്ത ശേഷം ബാക്കിയാവുന്നത് വിൽക്കാൻ നൽകുമായിരുന്നു. ഇത് വാങ്ങാനായി ദുബൈയിൽനിന്നും അൽഐനിൽനിന്നും ആളുകൾ വരുമായിരുന്നു. അൽഐനിൽനിന്ന് വരുന്നവരെ സഹായിക്കാനാണ് ആദ്യം കച്ചവടത്തിലിടപെടുന്നത്. അപ്പോഴാണ് ശൈഖിന്‍റെ വീട്ടിൽനിന്ന് വാങ്ങുന്ന പഴങ്ങൾ അഞ്ചിരട്ടി വിലക്കാണ് അൽഐനിൽ വിൽക്കുന്നതെന്ന് മനസ്സിലാക്കിയത്. അൽഐനിലേക്ക് കടൽതീരത്തുകൂടെ പിക്കപ്പിൽ പോകണമായിരുന്നു. അത് എല്ലാവർക്കും സാധിക്കുന്നതായിരുന്നില്ല. അന്ന് ഒരു വണ്ടി വാങ്ങി കച്ചവട മേഖലയിൽ പ്രവേശിച്ചു. 1970ലാണത്. അത് വാങ്ങാനായി പണം തന്നത് ശൈഖിന്‍റെ ഭാര്യയായിരുന്ന മാഹ്റ ബിൻത് ഗുറൈറായിരുന്നു. അക്കാലത്ത് അവരുടെ ഡ്രൈവറായി പ്രവർത്തിക്കുകയായിരുന്നു. നല്ല ഒരു വ്യക്തിത്വമായിരുന്ന അവരോട് എന്നും കടപ്പാടുണ്ടെന്ന് കുഞ്ഞുമുഹമ്മദ് ഹാജി നന്ദിയോടെ സ്മരിക്കുന്നു. കുടുംബത്തിന്‍റെ തോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവരായിരുന്നു നോക്കിനടത്തിയിരുന്നത്. തോട്ടത്തിലെ പഴങ്ങളുടെ വിൽപനയുടെ കണക്കുകൾ കൃത്യമായി നൽകിയിരുന്നതിനാൽ അവർക്ക് കുഞ്ഞുമുഹമ്മദ് ഹാജിയെ വലിയ വിശ്വാസമായി. ഇതാണ് വാഹനം വാങ്ങിത്തരുന്നതിന് കാരണമായത്. ഈ വാഹനവുമായാണ് ബിസിനസിന്‍റെ ആരംഭം. അതിനുശേഷമാണ് ദുബൈയിലേക്ക് ബിസിനസിനായി കൂടുമാറുന്നത്. ശൈഖിന്‍റെ വീട്ടിൽനിന്ന് പിരിയുന്നതിനുമുമ്പ് വിശ്വസ്തനായ ഒരു ഡ്രൈവറെ അവർക്ക് പകരക്കാരനായി നിയമിച്ചുനൽകി.
ദുബൈയിലെത്തിയശേഷമാണ് ബിസിനസിൽ പടിപടിയായി വളർച്ച കൈവരിക്കുന്നത്. ദുബൈയുടെ വളർച്ചതന്നെ അത്ഭുതകരമാണെന്ന് കുഞ്ഞുമുഹമ്മദ് ഹാജി ഓർക്കുന്നു. നാട് വളരുന്നതിനൊപ്പം ചെറുതായി ജലീൽ ട്രേഡേഴ്സ് എന്ന കമ്പനിയും വളർന്നു. ഒരു വണ്ടി മാത്രമായിരുന്നത് പതിയെ ഒന്നും രണ്ടും മൂന്നും വാഹനങ്ങളായി. ഒരു ചെറിയ മുറി വാടകക്കെടുത്താണ് ദുബൈയിൽ കച്ചവടം ആരംഭിക്കുന്നത്. പിന്നീട് റാശിദ് അൽ ഹുറൈസ് ബിൽഡിങ്ങിൽ ലൈസൻസോടെ പ്രവർത്തനം തുടങ്ങി. അന്ന് പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ എല്ലാ വസ്തുക്കളും വന്നിരുന്നത് ഇറാനിൽനിന്നാണ്. ഇവരിൽനിന്ന് സാധനങ്ങൾ വാങ്ങിയാണ് കച്ചവടം ചെയ്തിരുന്നത്. പാകിസ്താനിൽനിന്ന് കിനു എന്ന നാരങ്ങ വന്നിരുന്നു. ബോംബെയിൽനിന്ന് 40 ബോക്സ് അൽഫോൺസ് മാങ്ങ ആദ്യമായി എത്തിച്ചത് ഓർമയിലുണ്ട്. പിന്നീട് ഇന്ത്യയിൽനിന്ന് എല്ലാവരും വരുത്താൻ തുടങ്ങി. ദുബൈ അൽ ഹംറിയ മാർക്കറ്റ് ആരംഭിച്ചപ്പോൾ കച്ചവടക്കാർ വളരെ വർധിച്ചു. അക്കാലത്ത് പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും പിടിച്ചുനിന്നു. പിന്നീട് കുവൈത്ത് യുദ്ധമാണ് ബിസിനസിൽ വഴിത്തിരിവായത്. അക്കാലത്ത് സലാലയിൽ കച്ചവടമുണ്ടായിരുന്നതിനാൽ യുദ്ധം കാരണം ചരക്കുനീക്കം നിലച്ചപ്പോഴും യമനിലേക്ക് സാധനങ്ങൾ അയക്കാൻ സാധിച്ചതിനാൽ മികച്ച ലാഭം കിട്ടി. അതിനുശേഷം ഈസ്റ്റേൺ കറിപൗഡറിന്‍റെ ഏജൻസി എടുത്തു. അതോടൊപ്പം മൂത്ത മകൻ സമീർ അമേരിക്കയിലെ പഠനശേഷം ബിസിനസിൽ ചേർന്ന ശേഷമാണ് കൂടുതൽ വിപുലമായ രീതിയിൽ കച്ചവടത്തിലേക്കു കടക്കുന്നത്. പിന്നീടാണ് ദുബൈ അവീർ മാർക്കറ്റ് ആരംഭിക്കുന്നത്. ഇപ്പോഴത്തെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കച്ചവടക്കാർക്ക് വലിയ സാധ്യതകൾ തുറന്നുതന്നു. അദ്ദേഹം അവിടെ എല്ലാ നാട്ടുകാർക്കും അവസരം നൽകി. അവീറിൽ മാർക്കറ്റ് പണിത കാലത്ത് ഇന്ത്യക്കാരും പാകിസ്താൻകാരുമായ കച്ചവടക്കാരുടെ ആവശ്യങ്ങൾ അദ്ദേഹത്തെ അറിയിക്കാൻ അവസരം ഒരുക്കിയിരുന്നു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് എല്ലാവരെയും വിളിച്ചുവരുത്തി ആവശ്യങ്ങൾ ചോദിച്ചു. ഇവിടെ നമ്മളെല്ലാവരും ഒന്നാണ് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. കൂടെയുള്ള രണ്ടുപേരെ ചൂണ്ടിക്കാണിച്ച് മാർക്കറ്റിനെ കുറിച്ച് എന്തു പറയാനുണ്ടെങ്കിലും ഇവരെ അറിയിക്കാമെന്ന് പറഞ്ഞു. അവരിൽ ഒരാൾ നൽകിയ ധൈര്യത്തിലാണ് അവീറിൽ ജലീൽ ട്രേഡേഴ്സ് കടയെടുക്കുന്നത്. അതിൽ പിന്നെ കമ്പനിയുടെ മുഖച്ഛായ തന്നെ മാറി.
യു.എ.ഇ രൂപവത്കരണത്തിനു മുമ്പ്, എമിറേറ്റുകളിലെ സ്വദേശി പൗരന്മാരുടെ പേരിൽ മാത്രമായിരുന്നു കമ്പനി ലൈസൻസുകൾ അനുവദിച്ചിരുന്നത്. പിന്നീടാണ് മറ്റ് എമിറേറ്റുകളിലെ പൗരന്മാരുടെ പേരിലും ലൈസൻസ് അനുവദിച്ചത്. ഇത് ആദ്യം തുടങ്ങിയത് ദുബൈയിലാണ്. ആദ്യമായി ലിമിറ്റഡ് ലയബിലിറ്റി കമ്പനിനിയമം കൊണ്ടുവന്നതും ഇവിടെതന്നെ. അതുപ്രകാരം പ്രവാസികൾക്കും കമ്പനിയിൽ ഷെയർ അനുവദിച്ചുതുടങ്ങി. 49 ശതമാനം പ്രവാസികൾക്കും 51 ശതമാനം സ്വദേശികൾക്കുമായി നിജപ്പെടുത്തി. പിന്നീട് വിഹിതത്തിൽ 20 ശതമാനം വരെ മാത്രം സ്വദേശിയായ സ്പോൺസർക്ക് നൽകിയാൽ മതിയെന്ന് നിയമം വന്നു. കഴിഞ്ഞ വർഷമാണ് പ്രവാസികൾക്ക് സ്വന്തം നിലയിൽ കമ്പനികൾ തുടങ്ങാമെന്ന നിയമം യു.എ.ഇയിൽ പാസായത്. ഇത്തരത്തിൽ ദുബൈയിൽ പ്രവാസിസൗഹൃദപരമായ കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കിയത് ജലീൽ ഡ്രേഡേഴ്സിനും ഏറെ സഹായകമായി. ആദ്യകാലത്ത് ദുബൈയിലെ പ്രവാസികൾക്ക് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു താമസച്ചെലവ്. സ്വകാര്യ വ്യക്തികളുടെ കീഴിലെ ഫ്ലാറ്റുകൾക്കും വില്ലകൾക്കും സർക്കാർ വാടകയേക്കാൾ മൂന്നുനാല് ഇരട്ടി നൽകേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിൽ
കുഞ്ഞുമുഹമ്മദ് ഹാജിക്ക് ഒരുഘട്ടത്തിൽ കുടുംബത്തെ നാട്ടിൽ അയക്കേണ്ടിവന്നു. ഈ സമയത്താണ് ദുബൈ ഗവൺമെന്‍റ് ഒരു പാർപ്പിട സമുച്ചയം അൽഷാബ് കോളനി എന്ന പേരിൽ ദുബൈയിൽ ആരംഭിച്ചത്. പ്രസ്തുത കോളനിയിൽ ഒരു വില്ല തരപ്പെടുത്തി നാട്ടിൽനിന്ന് കുടുംബത്തെ കൊണ്ടുവന്നു. ദുബൈ ഭരണകൂടത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ നിദർശനമായിരുന്നു ഇത്തരം പദ്ധതികൾ. കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളെല്ലാം ദുബൈയിൽ വളർന്നവരാണ്. മൂത്ത മകൻ സമീറിന് പുറമെ മറ്റുമക്കളായ ഡോ. സാക്കിർ, അബ്ദുൽ ഗഫൂർ എന്നിവരും ഇപ്പോൾ ബിസിനസിൽ ശ്രദ്ധിക്കുന്നു. പെരുമ്പടപ്പ് സ്വദേശിനി സുലൈഖയാണ് കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജീവിതസഖി.
പ്രയാസപൂർണമായ സാഹചര്യത്തിൽ ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാൻ കടൽകടന്നെത്തിയ കുഞ്ഞുമുഹമ്മദ് ഹാജിക്ക് യു.എ.ഇയിലെ ജനങ്ങളെക്കുറിച്ച് നല്ല ഓർമകൾ മാത്രം. പല രാജ്യങ്ങളിൽ സന്ദർശിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തെങ്കിലും ഇമാറാത്തികളെപ്പോലെ സൽസ്വഭാവികളും വഞ്ചിക്കാത്തവരുമായ ജനങ്ങളെ മറ്റെവിടെയും കണ്ടിട്ടില്ല. അക്കൂട്ടത്തിൽ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം ഏറ്റവും മാതൃകാ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ എല്ലാവർക്കും വിശ്വാസമായിരുന്നു. ആ നന്മ ഇവിടത്തെ എല്ലാവർക്കുമുണ്ട്. സ്പോൺസറായിരുന്ന മുഹമ്മദ് സാലിഹ് അബ്ദുറഹ്മാൻ അൽ റഈസി ഇത്തരത്തിൽ ഒരാളായിരുന്നു എന്ന് കുഞ്ഞുമുഹമ്മദ് ഹാജി നന്ദിയോടെ സ്മരിക്കുന്നു. ബിസിനസിലെ കോടിക്കണക്കിന് സ്വത്ത് അദ്ദേഹത്തിന്‍റെ പേരിലുണ്ടായിരുന്നു. എന്നാൽ, മരണത്തിനു മുമ്പ് മക്കളോട് അദ്ദേഹം പറഞ്ഞത് എന്‍റേത് ഇതിൽ ഒന്നുമില്ലെന്നായിരുന്നു. 100 ശതമാനം വിദേശികൾക്ക് കമ്പനി ഉടമകളാകാമെന്ന നിയമം വന്നപ്പോൾ ഒരു മടിയുമില്ലാതെ എല്ലാ പേപ്പറുകളും അദ്ദേഹത്തിന്‍റെ മൂത്തമകൻ ഒപ്പിട്ടുതന്നു. കമ്പനി രേഖകൾ മാറ്റുന്നതിന് പല പ്രാവശ്യം സർക്കാർ ഓഫിസിൽ ഒരു മടിയുമില്ലാതെ വന്നു. ഇത്ര നന്മയുള്ള മനുഷ്യരെവിടെയാണുണ്ടാവുക -കുഞ്ഞുമുഹമ്മദ് ഹാജി പറയുന്നു.
എന്നും കടപ്പാടുള്ള ഇമാറാത്തികൾ അദ്ദേഹത്തിന് ധാരാളമുണ്ട്. പ്രവാസത്തിന്‍റെ ആദ്യകാലത്ത് ജോലിയും സഹായങ്ങളും നൽകിയ റാസൽഖൈമ ഭരണാധികാരി ശൈഖ് സഖ്ർ ബിൻ മുഹമ്മദ് അൽ ഖാസിമി, അദ്ദേഹത്തിന്‍റെ പത്നിയായിരുന്ന മാഹ്റ ബിൻത് ഗുറൈറ് എന്നിവരിൽ തുടങ്ങി ദുബൈയിലെ ബിസിനസിൽ സഹായിച്ചവരും ചേർത്തുനിർത്തിയവരുമായി നിരവധി പേരുണ്ട്. ഈ നാടിനോടും ഭരണാധികാരികളോടും എക്കാലവും കടപ്പാട് മാത്രമാണെന്ന് കുഞ്ഞുമുഹമ്മദ് ഹാജി നിറഞ്ഞ സംതൃപ്തിയോടെ പറയുന്നു.
ബിസിനസിലേക്കു കടന്നുവരുന്ന പുതുതലമുറക്ക് വലിയ ഉപദേശത്തിന്‍റെ ആവശ്യമൊന്നും ഇല്ലെന്നാണ് കുഞ്ഞുമുഹമ്മദ് ഹാജിയുടെ പക്ഷം. ശരിയായ രീതിയിൽ പ്രവർത്തിക്കുകയും പടച്ചവന്‍റെ സഹായം ലഭിക്കുകയും ചെയ്താൽ വിജയിക്കും. മറ്റു ചിലർ പരാജയപ്പെടുകയും ചെയ്യും. ആറു പതിറ്റാണ്ടിലേറെ നീണ്ട കച്ചവട അനുഭവത്തിന്‍റെ വെളിച്ചത്തിൽ സത്യസന്ധതയാണ് ബിസിനസിൽ ഏറ്റവും ആവശ്യമായ മൂല്യമെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഒമ്പതു വയസ്സുള്ളപ്പോൾ മൂത്തമ്മയുടെ പറമ്പിൽനിന്ന് ചോദിക്കാതെ തേങ്ങയെടുത്തപ്പോൾ ഉമ്മ ശാസിച്ചുകൊണ്ട് പകർന്ന പാഠമാണത്. ആ മൂല്യം എക്കാലവും സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റൊരാളുടെ പണംകൊണ്ട് കച്ചവടം വിജയിപ്പിക്കാനാവില്ല. ഇന്ന് കൊടുക്കേണ്ടത് ഇന്നുതന്നെ നൽകണം. നാളേക്ക് വെക്കരുത്. സ്ഥാപനം വളരണമെങ്കിൽ കൂടെയുള്ളവരെ പരിഗണിക്കണം. അവരുടെ പ്രയാസസന്ദർഭങ്ങളിൽ സഹായിക്കാൻ കഴിയണം. യു.എ.ഇയിലെ ആദ്യകാല പ്രവാസി കച്ചവടക്കാർ അത്തരത്തിൽ വളർന്നവരാണ്. എം.എ. യൂസുഫലി ദുബൈയിൽ ആദ്യമായി കറാമയിൽ സ്റ്റോർ തുടങ്ങിയ കാലത്ത് അദ്ദേഹത്തിൽനിന്ന് ബിസിനസിലെ അഭിവൃദ്ധിക്കായി ഉപദേശങ്ങൾ സ്വീകരിക്കാൻ ധാരാളം പേർ എത്തുമായിരുന്നു. അവർക്കെല്ലാം പരിഹാരം നിർദേശിക്കാൻ യൂസുഫലി എന്നും തൽപരനായിരുന്നു. ബിസിനസ് എന്തായാലും കാലഘട്ടത്തിനനുസരിച്ച് ഗുണമേന്മയുള്ള ഉൽപന്നങ്ങളും മെച്ചപ്പെട്ട വിൽപനാനന്തര സേവനവും ലഭ്യമാക്കാൻ തയാറായാൽ അഭിവൃദ്ധിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. തന്‍റെ പിതാവിൽനിന്ന് കൈമാറിക്കിട്ടിയതും തനിക്കറിയാവുന്നതുമായ റീട്ടെയ്ൽ മേഖലയിൽ ഒരു മാസ്റ്ററാവുക എന്നതാണ് അദ്ദേഹത്തിന്‍റെ ബിസിനസ് ലൈൻ. പലരും പല പദ്ധതികളുമായി അദ്ദേഹത്തെ സമീപിക്കുമ്പോൾ തന്‍റെ പ്രവർത്തനപാതയിൽനിന്നു വ്യതിചലിച്ചിട്ടില്ല. അതാണ് അദ്ദേഹത്തിന്‍റെ വിജയരഹസ്യമെന്നാണ് യൂസുഫലിയുടെ കൂടെ ഒന്നിലേറെ തവണ ദീർഘയാത്ര ചെയ്യാൻ അവസരം കിട്ടിയ കുഞ്ഞുമുഹമ്മദ് ഹാജി അഭിപ്രായപ്പെടുന്നത്. ആദ്യകാല ബിസിനസ് വിജയികളുടെ പാത പിന്തുടർന്നാൽ പുതുതലമുറക്കും വിജയത്തിലെത്താമെന്ന് അദ്ദേഹം അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.