ദുബൈ: എമിറേറ്റിലെ വൈദ്യുതി, ജല അതോറിറ്റി (ദീവ)ക്ക് ഈ വർഷം ആദ്യ പാദത്തിൽ വരുമാനത്തിൽ വലിയ മുന്നേറ്റം. കഴിഞ്ഞ വർഷത്തെ ഇതേ സമയത്തേക്കാൾ 6.7 ശതമാനം വരുമാനം വർധിച്ച് 580 കോടി ദിർഹമായി. എമിറേറ്റിൽ വൈദ്യുതി, ജലവിതരണ ചുമതലയുള്ള ‘ദീവ’ 2024ലെ ഒന്നാം പാദത്തിൽ 65.1കോടി ദിർഹമാണ് അറ്റാദായം കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 76.3 കോടി ദിർഹത്തിൽനിന്ന് അറ്റാദായത്തിൽ കുറവുണ്ട്. എന്നാൽ ഈ വർഷം ജനുവരി-മാർച്ച് കാലയളവിൽ പ്രവർത്തന ലാഭം 11.6 ശതമാനം ഉയർന്ന് 99.5 കോടി ദിർഹമായിട്ടുണ്ട്.
വൈദ്യുതിയിൽ 6.4 ശതമാനവും ജലത്തിൽ 5.9 ശതമാനവും ആവശ്യക്കാർ ഉയർന്നതോടെയാണ് അസാധാരണമായ പ്രവർത്തന ഫലങ്ങളുണ്ടായതെന്ന് ‘ദീവ’ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. സുസ്ഥിരമായ വളർച്ച കൈവരിക്കുക, മികച്ചതും നൂതനവുമായ പ്രവർത്തന മികവിൽ മുൻപന്തിയിൽ നിൽക്കുക, എല്ലാ പങ്കാളികൾക്കും മികച്ച വരുമാനം നൽകുക എന്നീ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ നയങ്ങളും സംരംഭങ്ങളും മൂലധന പ്രതിബദ്ധതയും ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബൈ നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നിവയിൽ വിവരിച്ചിരിക്കുന്ന ഊർജ പരിവർത്തന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യോജിച്ചാണെന്നും, 2050ഓടെ ശുദ്ധമായ ഊർജ സ്രോതസ്സുകളിൽനിന്ന് ആവശ്യമായ ഊർജത്തിന്റെ 100 ശതമാനവും ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ആദ്യ പാദത്തിൽ കമ്പനിയുടെ മൊത്തം വൈദ്യുതി ഉൽപാദനം 10.3 ടെറാ വാട്ട് മണിക്കൂർ ഉയർന്ന് കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ 9.7 ടെറാവാട്ട് മണിക്കൂറിൽനിന്ന് 6.2 ശതമാനം വർധന രേഖപ്പെടുത്തിയതായും അധികൃതർ വെളിപ്പെടുത്തി. -മൂന്നു മാസത്തിൽ ‘ദീവ’യുടെ മൊത്തം കടൽവെള്ളത്തിൽനിന്നുള്ള ജല ഉൽപാദനം മുൻ വർഷത്തെ അപേക്ഷിച്ച് 5.36 ശതമാനം വർധിച്ച് 34 ബില്യൺ ഇംപീരിയൽ ഗാലൻ എന്ന റെക്കോഡിലെത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.