അബൂദബി: അമിത വേഗത്തിൽ വാഹനമോടിക്കരുതെന്ന് ഡ്രൈവർമാരെ ഓർമപ്പെടുത്തി അബൂദബി പൊലീസ്. ഇതിന്റെ അപകടം വ്യക്തമാക്കി സമൂഹമാധ്യമത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്. കാമ്പയിനിൽ മറ്റു വാഹനങ്ങളിൽനിന്ന് മതിയായ അകലം പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. അമിതവേഗത്തിലെ ഡ്രൈവിങ് അപകടമരണങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അമിത വേഗമാണ് ലോകത്തിലെ ഭൂരിഭാഗം അപകടമരണങ്ങൾക്കും കാരണമെന്നാണ് ആഗോള കണക്കുകൾ വ്യക്തമാക്കുന്നതെന്നും പൊലീസ് അറിയിച്ചു.
അമിത വേഗത്തിൽ വാഹനമോടിക്കുന്നതുമൂലം വാഹനം നിയന്ത്രണം വിടുകയും യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. നിയമപരമായ വേഗപരിധി പാലിക്കുകയും മുന്നിൽ പോകുന്ന വാഹനങ്ങളിൽനിന്ന് മതിയായ അകലം പുലർത്തുകയും വേണം -പൊലീസ് ആവശ്യപ്പെട്ടു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകി.
വേഗത്തിൽ പോവുന്ന വാഹനം നിർത്താൻ കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ അപകടമുണ്ടായാൽ ഇടിയുടെ ആഘാതം വർധിപ്പിക്കും.
സ്വന്തത്തിന്റെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്കു വേണ്ടി ഗതാഗതനിയമം എപ്പോഴും പാലിക്കണമെന്ന് പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. നിർദിഷ്ട വേഗപരിധിയിൽ 10 കിലോമീറ്ററിൽ കൂടിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴയും 80 കിലോമീറ്റർ വേഗം ലംഘിച്ചാൽ 3000 ദിർഹവും ലൈസൻസിൽ 23 ബ്ലാക്ക് പോയന്റ് ചുമത്തുകയും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മറ്റു വാഹനങ്ങളിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കാത്ത വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും നാല് ബ്ലോക്ക് പോയന്റും ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.