ഷാർജ: ആറു മാസത്തിനിടെ എയർ അറേബ്യ യാത്രക്കാരിൽനിന്ന് ഷാർജ ചാരിറ്റി ഇന്റർനാഷനലിന് സംഭാവനയായി ലഭിച്ചത് 5,56,000 ദിർഹം. സഹാബ് അൽ ഖൈർ പദ്ധതിയുടെ ഭാഗമായാണ് ഷാർജ ചാരിറ്റി ഇന്റർനാഷനൽ പണം സ്വരൂപിച്ചത്. എയർ അറേബ്യ വിമാനത്തിലെ സീറ്റുകളിൽ വെച്ച കവറുകളിൽ സംഭാവന നൽകുന്ന പദ്ധതി ‘ബോർഡ് ഓൺ എൻവലപ്’. ഇതുവഴി പിരിച്ചെടുത്ത പണം പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും ബാധിച്ച രാജ്യങ്ങളിൽ ആശുപത്രികൾ നിർമിക്കുക, ഭക്ഷണം ലഭ്യമാക്കുക, ജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഷാർജ ചാരിറ്റി അസോസിയേഷന്റെ പങ്കാളികളായ എയർ അറേബ്യ ലോകത്തുടനീളം 120 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്.
ഷാർജ ചാരിറ്റി അസോസിയേഷന്റെ സംരംഭങ്ങളെ പിന്തുണക്കാൻ ആഗ്രഹിക്കുന്നവരിൽനിന്ന് സംഭാവന ശേഖരിക്കാനായി എയർ അറേബ്യയുമായി ചേർന്നാണ് ‘ഓൺ ബോർഡ് എൻവലപ്’ പദ്ധതി നടപ്പാക്കിയതെന്ന് പ്രോജക്ട് ഹെഡ് മുഹമ്മദ് ഹംദാൻ അൽ സാരി പറഞ്ഞു. 2006ൽ സ്ഥാപിതമായത് മുതൽ ഷാർജ ചാരിറ്റി അസോസിയേഷൻ വിവിധ രാജ്യങ്ങളിൽ ആറ് ക്ലിനിക്കുകൾ സ്ഥാപിക്കുകയും മറ്റ് 24 എണ്ണം പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സർജറി ആവശ്യമുള്ള നേത്രരോഗികൾ, ഗുരുതര ഹൃദ്രോഗമുള്ള രോഗികൾ എന്നിവർക്കായി 11 മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. ആഫ്രിക്ക, സിറിയ, ഫലസ്തീൻ, ബംഗ്ലാദേശ് തുടങ്ങിയ യുദ്ധം ബാധിച്ച രാജ്യങ്ങളിൽ എട്ട് ജീവകാരുണ്യ പ്രോഗ്രാമുകളും നടത്തിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.