അബൂദബി: മാനവനന്മക്ക് ബഹുസ്വരതയും പരസ്പര സ്നേഹവും അനിവാര്യമാണെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എം.പി. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ‘മദീനയിലേക്കുള്ള പാത’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗരികതകളും ജനസമൂഹങ്ങളും പരസ്പര ധാരണയില്‍ ഒന്നിച്ചുവര്ത്തിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മനുഷ്യസമൂഹത്തിന്റെ ഐക്യവും ബഹുസ്വരതയും കാത്തുസൂക്ഷിച്ചുമാത്രമേ സ്വാസ്ഥ്യവും സമാധാനവുമുള്ള ലോകക്രമം സാധ്യമാവുകയുള്ളൂ.
വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും രഞ്ജിപ്പും ഐക്യവും കെട്ടിപ്പടുക്കാനാണ് പ്രവാചകൻ ലോകത്തെ സജ്ജമാക്കിയത്. വംശീയമായ മുന്‍വിധികളും വിദ്വേഷങ്ങളുമാണ് ലോകത്ത് രാഷ്ട്രീയവും സാമൂഹികവുമായ അജണ്ടകള്പോലും നിർണയിക്കുന്നതെന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. മൂല്യരാഹിത്യത്തിലേക്ക് ലോകത്തെ നയിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. ധാർമിക തകര്‍ച്ചയുടെ കൂലംകുത്തിയൊഴുക്ക് സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടി ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ബാവഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ സലാം, നസീം ബാഖവി, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങല്‍, സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍റഊഫ് അഹ്സനി, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ഇസ്ലാമിക് സെന്റര്‍ മതകാര്യവിഭാഗം സെക്രട്ടറി ഹാരിസ് ബാഖവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.