ദുബൈ: അമ്മമാർക്ക് ആദരമർപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയ മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിനിലേക്ക് പത്ത് ലക്ഷം ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകമെമ്പാടുമുള്ള ദശലക്ഷണക്കിന് പേർക്ക് വിദ്യാഭ്യാസ സഹായം നൽകാനായി സ്ഥാപിച്ച ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് ഡോ. ഷംഷീറിന്റെ സംഭാവന.
സ്വന്തം അമ്മമാരോടുള്ള ആദരസൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന ഉദ്യമം അധഃസ്ഥിത വ്യക്തികളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാതാപിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യു.എ.ഇയുടെ പങ്ക് ഉയർത്തിക്കാട്ടുക കൂടിയാണ് മദേഴ്സ് എൻഡോവ്മെന്റ്.
ലോകമെമ്പാടുമുള്ള ദുരിതങ്ങൾ ലഘൂകരിച്ചുകൊണ്ട് ദയയിലും അനുകമ്പയിലും ഊന്നിയ യു.എ.ഇയുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് എൻഡോവ്മെന്റ് കാമ്പയിനെന്ന് ഡോ. ഷംഷീർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവിന്റെ സാമൂഹിക പ്രതിബദ്ധതക്കും യു.എ.ഇയുടെ സഹായ സന്നദ്ധതക്കും പിന്തുണയേകിയാണ് കാമ്പയിനിലേക്കുള്ള സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.