ഷാർജ: കഴിഞ്ഞ ആഗസ്റ്റിൽ മലീഹയിൽ ഉൽപാദനമാരംഭിച്ച മലീഹ പാൽ വിപണിയിൽ തരംഗമായതോടെ ഫാമിലേക്ക് കൂടുതൽ പശുക്കളെ കൂടി ഇറക്കുമതി ചെയ്തു. ഡെൻമാർക്കിൽനിന്ന് 1300 പശുക്കളെ ശനിയാഴ്ച വൈകീട്ടോടെയാണ് വിമാനത്തിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
മലീഹ ഗോതമ്പ് പാടത്തോടനുബന്ധിച്ച് തുടങ്ങിയ മലീഹ പാലും പാലുൽപന്നങ്ങളും വിപണി കീഴടക്കുകയാണ്. നിലവിൽ ഏകദേശം 4,000 ലിറ്റർ പാലാണ് പ്രതിദിനം ചെലവാകുന്നത്. 2025നുമുമ്പ് തൈര് അടക്കമുള്ള പാൽ ഉൽപന്നങ്ങളുടെ ഉൽപാദനം വിപുലീകരിക്കുകയാണ് ലക്ഷ്യം.
ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുകയാണ് മലീഹ ഡെയറി ഫാമിന്റെ ലക്ഷ്യം. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഫാമിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തത്.
മലീഹയിലെ വിശാലമായ ഗോതമ്പ് പാടത്തിന് സമീപം തന്നെയാണ് ഫാമും സ്ഥിതി ചെയ്യുന്നത്. കൂടാതെ കോഴി വളർത്തലും പദ്ധതിയുടെ ഭാഗമാണ്. രണ്ടാമത്തെ ബാച്ച് കൂടി എത്തിയതോടെ ആകെ പശുക്കളുടെ എണ്ണം 2,500 ആയി ഉയർന്നു.
2025ന്റെ അവസാനത്തോടെ ഫാമിലെ പശുക്കളുടെ എണ്ണം 8,000 ആയി ഉയർത്താനും പദ്ധതിയുണ്ട്. ഗുണനിലവാരമുള്ള പാൽ ഉൽപാദനം ഉറപ്പാക്കാനായി എല്ലാ പശുക്കൾക്കും ജൈവ തീറ്റയാണ് നൽകിവരുന്നത്.
മലീഹ പാടത്തെ ഗോതമ്പ് കൃഷിയിൽനിന്നാണ് ജൈവ തീറ്റ കണ്ടെത്തുന്നതും. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഫാമിലേക്ക് 1,500 പുതിയ പശുക്കളെ കൂടി എത്തിക്കും.
മൂന്നു വർഷത്തിനുള്ളിൽ 20,000 പശുക്കളെ കൂടി എത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രാദേശിക വിപണിയിലെ ആവശ്യകതക്കനുസരിച്ച് ഘട്ടം ഘട്ടമായി ഫാമിലെ പശുക്കളുടെ എണ്ണം ഉയർത്താൻ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചിരുന്നു. പശുക്കളുടെ എണ്ണം 20,000ത്തിലെത്തിച്ച് പ്രാദേശിക വിപണികൾക്കൊപ്പം ഗൾഫ് വിപണികളിൽ കൂടി പാൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.