ദുബൈ: ലോകജനതക്ക് മുമ്പിൽ പടുകൂറ്റൻ എക്സ്പോ കവാടങ്ങൾ തുറന്നിരിക്കുന്നു. ഭൂമിയുടെ ഹൃദയബിന്ദുപോലെ നഗരി നിലക്കാതെ തുടിച്ചുതുടങ്ങിയിരിക്കുന്നു. എല്ലാ മനുഷ്യർക്കും തൊഴിലിനും കച്ചവടത്തിനും വാതിലുകൾ തുറന്നിട്ട ദുബൈ നഗരത്തിനകത്ത്, ചരിത്രത്തിലെ തനിയാവർത്തനം പോലെയോ വിശാല കാഴ്ചപ്പാടിെൻറ പ്രതീകമെന്ന പോലെയോ ഭേദങ്ങളില്ലാതെ മനുഷ്യരുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. ഇനി വരുന്ന ആറുമാസക്കാലം വിവിധ ദിക്കുകളിൽ നിന്ന് ലക്ഷങ്ങൾ ഇവിടെ വന്നുനിറയും. കണ്ടും പറഞ്ഞും പങ്കുവെച്ചും ആഹ്ലാദിച്ചും ആസ്വദിച്ചും അവരീ മണ്ണിൽ നിന്ന് പുതുപ്രതീക്ഷയുമായി തിരിച്ചുപോകും.
മഹാമാരി സൃഷ്ടിച്ച ആലസ്യത്തിൽ നിന്ന് ലോകത്തെ തൊട്ടുവിളിച്ചുണർത്തുകയാണ് എക്സ്പോ. കോവിഡിന് ശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയാണിത്. ഒളിമ്പിക്സ് ജപ്പാനിൽ അരങ്ങേറിയെങ്കിലും ജനപങ്കാളിത്തമുണ്ടായിരുന്നില്ല. വാക്സിനേഷനിലൂടെ സുരക്ഷിതരായ ലോകത്തിെൻറ കരുത്ത് തിരിച്ചറിയാനുള്ള സന്ദർഭം കൂടിയാവും എക്സ്പോ. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി വിരുന്നെത്തുന്ന മേള ഒരു കാര്യം വിളിച്ചു പറയുന്നുണ്ട്. വികസനത്തിെൻറയും പുരോഗതിയുടെയും ലോകഭൂപടത്തിൽ യു.എ.ഇ എന്ന രാജ്യത്തെ അവഗണിക്കാനാവില്ലെന്നതാണത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ആശീർവാദത്തോടെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ നടന്ന കൃത്യമായ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനമാണ് ഈ മഹാമേളയെ യാഥാർഥ്യമാക്കിയത്.
Duഅബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഉന്നതനേതൃത്വത്തിനൊപ്പം ചേർന്ന് ദിശനിർണയിക്കുക കൂടി ചെയ്തു. അവർക്ക് കീഴിൽ ഇമാറാത്തിെൻറ ഭാവി വാഗ്ദാനങ്ങളായ യുവാക്കളും യുവതികളും അണിനിരക്കുകയും ലോകരാജ്യങ്ങളിലെ ആയിരക്കണക്കിന് പ്രതിഭാശാലികൾ കൂട്ടുചേരുകയും ചെയ്തപ്പോഴാണ് ഇക്കാണുന്ന മഹാമേളയുടെ സ്വപ്നതുല്യമായ അരങ്ങേറ്റമുണ്ടായത്.
വ്യഴാഴ്ച രാത്രി അൽ വസ്ൽ പ്ലാസയിൽ ക്ഷണിക്കപ്പെട്ട അഥിതികൾക്ക് മുമ്പിൽ നടന്ന ഉദ്ഘാടന ചടങ്ങ് വരുംദിവസങ്ങളിൽ എക്സ്പോ ലോകത്തെ വിസ്മയിപ്പിക്കുമെന്നതിെൻറ സാക്ഷ്യമായിരുന്നു.
പ്രൗഢമായ സദസ്, ഒളിമ്പിക്സ് ആരംഭദിനങ്ങളെ വെല്ലുന്ന കലാപ്രകടനങ്ങൾ, കണ്ണഞ്ചിമ്മിപ്പിക്കുന്ന ശബ്ദ-വെളിച്ച വിന്യാസങ്ങൾ തുടങ്ങിയവ ചടങ്ങിനെ ശ്രദ്ധേയമാക്കി. മേളയുടെ തീം സോങിലെ ആദ്യ വാചകമായ 'ഇത് നമ്മുടെ സമയമാണ്' എന്നത് ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നും പരിപാടി വീക്ഷിച്ചവർ മനസിൽ കുറിച്ചിട്ടുണ്ടാവും.
ഒരു വൈറസിന് മുന്നിൽ എല്ലാം നിലച്ച് വിറങ്ങലിച്ച ലോകത്തിന് ഉയിർപ്പിെൻറ സമയം വന്നെത്തിയെന്ന ആത്മവിശ്വാസം ചടങ്ങ് പകർന്നിട്ടുണ്ടാകണം. ഒന്നര മണിക്കൂറിലേറെ നീണ്ട ചടങ്ങ് വിവിധ ചാനലുകൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. എക്സ്പോ വെബ്സൈറ്റിലൂടെയും ടി.വിയിലൂടെയും ലോകത്തെമ്പാടുമുള്ളവർ ചടങ്ങ് വീക്ഷിച്ചു. യു.എ.ഇയിൽ 430 സ്ഥലങ്ങളിൽ ബിഗ് സ്ക്രീൻ പ്രദർശനവുമുണ്ടായിരുന്നു.
ഇനിയുള്ള ദിനരാത്രങ്ങളിൽ വിജ്ഞാനവും ശാസ്ത്രവും, കലയും കായികവും, ബിസിനസും സംരഭകത്വവും തുടങ്ങി വിവിധ അഭിരുചികളുള്ളവർ അറിയാനും ആസ്വദിക്കാനുമായി എക്സ്പോ നഗരിയിലെത്തും. ദുബൈയിലെ നാലര സ്ക്വയർ കിലോമീറ്റർ ചുറ്റളവുള്ള മേള മൈതാനിയിൽ വെളിച്ചമണയുന്നത് അടുത്ത വർഷം മാർച്ച് 31ന് മാത്രമായിരിക്കും. അതുവരെ ലോകത്തിന് ആഥിത്യമരുളാൻ ദുബൈയുടെ മണ്ണും മനസും പൂർണ സജ്ജം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.