മസ്കത്ത്: യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ നേരിടുകയെന്നത് സ്വപ്നമാണെന്ന് യു.എ.ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മലയാളിയുമായ റിസ്വാൻ റഊഫ്. 'എന്റെ ഡ്രീം മാച്ച് ആണത്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കാൻ കഴിയുന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്. സ്വന്തം രാജ്യത്തിനെതിരെ മറ്റൊരു രാജ്യത്തിന്റെ നായകനായി കളിക്കുകയെന്നത് അപൂർവമായി സംഭവിക്കുന്ന ഒന്നുമാണ്. ഇത് സാധിക്കുമെന്നാണ് വിശ്വാസം' -റിസ്വാൻ പറയുന്നു. ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നതിന് മസ്കത്തിലെത്തിയ റിസ്വാൻ 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.
യു.എ.ഇ ടീമിന്റെ നായകനാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഈ പദവി ഉത്തരവാദിത്തം വർധിപ്പിക്കുകയാണെന്നും കണ്ണൂർ തലശ്ശേരി സ്വദേശിയായ റിസ്വാൻ പറഞ്ഞു. കരിയറിലെ പ്രധാന വഴിത്തിരിവാണിത്. ഉത്തരവാദിത്തം പൂർണമായും നിറവേറ്റി ലക്ഷ്യത്തിലെത്താൻ പരമാവധി ശ്രമിക്കും. ഏഷ്യ കപ്പിലേക്ക് യോഗ്യത നേടിയാൽ ഇന്ത്യയും പാകിസ്താനും പോലുള്ള മികച്ച ടീമുകളുമായി കളിക്കാൻ കഴിയുന്നത് യു.എ.ഇ ടീമിന്റെ വളർച്ചക്കും ഗുണം ചെയ്യും. ഒരു ദേശീയ ടീമിനെ നയിക്കുകയെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്. പ്രവാസിയായി ദുബൈയിലേക്ക് വിമാനം കയറുമ്പോൾ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കേരള രഞ്ജി ടീമിൽ അംഗമായിരുന്നപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നത് സ്വപ്നം കണ്ടിരുന്നു. പടിപടിയായി വളർന്ന് ദൈവാനുഗ്രഹം കൊണ്ട് അത് സാധിച്ചു. യോഗ്യത മത്സരങ്ങൾ നന്നായി കളിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഏഷ്യ കപ്പിലെ മത്സരങ്ങളെ കുറിച്ച് ഇതുകഴിഞ്ഞേ ആലോചിക്കുന്നുള്ളൂയെന്നും റിസ്വാൻ പറഞ്ഞു.മികച്ച ടീമാണ് യു.എ.ഇ. മത്സരം വിജയിപ്പിക്കാൻ കഴിയുന്ന നിരവധി കളിക്കാർ ടീമിലുണ്ട്. ടീമിലുള്ള മറ്റ് മലയാളികളായ ബാസിൽ ഹമീദ് മികച്ച ഓൾ റൗണ്ടറും അലിഷാൻ ഷറഫു യു.എ.ഇ അണ്ടർ19 ടീമിന്റെ മുൻ നായകനുമാണ്. മുഹമ്മദ് വസീം ട്വന്റി20 റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ളയാളാണ്. റോഹൻ മുസ്തഫയും നല്ല ഫോമിലാണ്. സാധ്യതകൾ ഉപയോഗപ്പെടുത്തി കളിച്ചാൽ യു.എ.ഇ ഏഷ്യ കപ്പ് യോഗ്യത ലഭിക്കുമെന്ന പ്രത്യാശയും റിസ്വാൻ പങ്കുവെച്ചു. റിസ്വാന്റെ നായകത്വത്തിൽ യു.എ.ഇ ടീമിന് ഏറെ ആത്മവിശ്വാസമുണ്ടെന്ന് കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് പറഞ്ഞു. 'റിസ്വാനും ഞാനും കരിയറിലെ വളർച്ച പരസ്പരം കണ്ട് വലുതായവരാണ്. ഞങ്ങൾ നാട്ടിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ടീമിന്റെ ജയത്തിനായി ഒരുമിച്ച് നിരവധി സംഭാവനകൾ നൽകിയിട്ടുമുണ്ട്. റിസ്വാന്റെ നേതൃത്വത്തിൽ യു.എ.ഇ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് പ്രതീക്ഷ' -ബാസിൽ ഹമീദ് പറഞ്ഞു.
മസ്കത്ത്: അവസാന നിമിഷം വരെ ആവേശം നിലനിന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് യോഗ്യതമത്സരത്തിൽ യു.എ.ഇക്കെതിരെ കുവൈത്തിന് ഒരു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത് ഒരു പന്ത് ബാക്കിനിൽക്കേ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. ടോസ് നേടിയ കുവൈത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.