ദുബൈ: യു.എ.ഇ നിവാസികൾക്ക് വൈകാതെ വായുവിൽനിന്ന് ഉൽപാദിപ്പിക്കുന്ന ശുദ്ധജലവും കുടിക്കാം. ദുബൈ ആസ്ഥാനമായുള്ള ‘മാ ഹവ’ എന്ന കമ്പനിയാണ് വായുവിൽനിന്ന് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന ഡിസ്പെൻസറുകൾ നിർമിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം സമാപിച്ച സാങ്കേതികവിദ്യ പ്രദർശനമായ ജൈടെക്സിലാണ് ഡിസ്പെൻസറുകൾ അവതരിപ്പിച്ചത്.
വൻകിട കോർപറേറ്റ് കമ്പനികൾക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി കുടിവെള്ളം പരിമിതമായ അളവിൽ നിലവിൽ ലഭ്യമാണ്. വൈകാതെ മുഴുവൻ നിവാസികൾക്കും ലഭിക്കത്തക്ക രീതിയിൽ ചെറുകിട വിപണികളിലും വായുവിൽനിന്നുള്ള കുടിവെള്ളം എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 330 മില്ലി ലിറ്ററിന് മൂന്നു ദിർഹവും 700 മില്ലി ലിറ്റർ വെള്ളത്തിന് ആറു ദിർഹവുമാണ് വില.
ഒന്നിലധികം നടപടികളിലൂടെയാണ് വായുവിനെ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളമാക്കി മാറ്റുന്നത്. ശുദ്ധീകരിച്ച വായുവിനെ ആദ്യം ഡിസ്പെന്‍സറുകൾ വലിച്ചെടുത്ത് തണുപ്പിച്ചാണ് വെള്ളം വേർതിരിച്ചെടുക്കുക. ഈ വെള്ളം പ്രത്യേക ട്രീറ്റ്മെന്റിലൂടെയാണ് ശുദ്ധമാക്കി മാറ്റുന്നതെന്ന് ‘മാ ഹവ’ മാർക്കറ്റിങ് ഡയറക്ടർ ആംറോ അസ്മയിൽ വിശദീകരിച്ചു. നിരവധി ഫിൽട്ടറുകൾ ഉപയോഗിച്ച് ആദ്യ വായുവിനെ ശുദ്ധീകരിക്കും. ഈ വായുവിനെ ജലമാക്കി മാറ്റുന്നതിനാണ് ഡിസ്പെന്‍സറുകൾ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വെള്ളം ബഫർ ടാങ്കിൽ ശേഖരിക്കും. തുടർന്ന് ഫിൽട്ടറേഷന്റെ മൂന്നു ഘട്ടങ്ങളിലൂടെ കടത്തിവിടും. അവസാന ഘട്ടം അണുക്കളെ നശിപ്പിക്കുന്നതിനായി വെള്ളത്തിലൂടെ യു.വി രശ്മികളെ കടത്തിവിടും. അഡ്നക്, ഗവൺമെന്റ് സ്ഥാപനങ്ങൾ, എക്സിബിഷൻ സെന്ററുകൾ, പാർക്കുകൾ, കോർപറേറ്റ് സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്.
എന്നാൽ, ചെറുകിട വിപണികളിൽ ലഭ്യമായിട്ടില്ല. പ്രതിദിനം 30 ലിറ്റർ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഡിസ്പെൻസറിന് 14,000 ദിർഹമാണ് വില. ജെൻ.എം എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്പെൻസറുകൾ വീടുകളിലും ചെറുകിട ഓഫിസുകളിലും ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ ബോക്സ് എന്ന ഡിസ്പെൻസറുകൾ പ്രതിദിനം 25 ലിറ്റർ വെള്ളം ഉൽപാദിപ്പിക്കും. ഇതിന് 18,500 ദിർഹമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.