ദുബൈ: എമിറേറ്റിലെ ബീച്ച് ഭാഗത്തെ സൈക്കിൾ ട്രാക്കുകൾ ശുചീകരിക്കുന്നതിന് നൂതന ഇലക്ട്രിക് ഡ്രൈവറില്ലാ വാഹനം ഉപയോഗിക്കും. സംവിധാനം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി ദുബൈ മുനിസിപ്പാലിറ്റി നേതൃത്വത്തിൽ പരീക്ഷണയോട്ടം ആരംഭിച്ചു. ജുമൈറ, ഉമ്മു സുഖൈം ഭാഗത്തെ ബീച്ച് സൈക്കിൾ ട്രാക്കുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കാൻ ആലോചനയുള്ളത്.
ദുബൈയിലെ മുഴുവൻ വിനോദസഞ്ചാര പ്രദേശങ്ങളുടെയും ശുചിത്വവും വൃത്തിയും മികച്ചതാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് നൂതനമായ ഡ്രൈവറില്ലാ വാഹനം ഏർപ്പെടുത്തുന്നത്. ബീച്ചിലെത്തുന്ന സന്ദർശകർക്ക് മികച്ച അനുഭവം നൽകുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇലക്ട്രിക് വാഹനമുപയോഗിക്കുന്നതുവഴി പാരിസ്ഥിതികമായ മലിനീകരണവും തടയാൻ സാധിക്കും.
തൊഴിലാളികൾ നേരിട്ട് ശുചീകരിക്കുന്നതിനേക്കാൾ വേഗതയിലും കൂടുതൽ മികവോടെയും പ്രവർത്തിക്കാൻ സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിർമിച്ച വാഹനത്തിലെ സെൻസറുകൾ ട്രാക്കുകളിലെ തടസ്സങ്ങൾ കണ്ടെത്തുകയും നീക്കുകയും ചെയ്യും.
ഒരു തവണ ചാർജ് ചെയ്താൽ എട്ട് മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിപ്പിക്കാവുന്നതാണിത്. പരമാവധി മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് വാഹനം സഞ്ചരിക്കുക. ദുബൈയിലെ റോഡ് ശുചീകരണത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളടങ്ങിയ വാഹനങ്ങൾ നേരത്തെ മുനിസിപ്പാലിറ്റി പുറത്തിറക്കിയിരുന്നു. ഇതുവഴി 2,250 കിലോമീറ്റർ ഭാഗം വേഗത്തിൽ ശുചീകരിക്കാൻ സാധിക്കുന്നുണ്ട്.
ദുബൈയിലെ പബ്ലിക്ക് ബീച്ചുകൾ ശുചീകരിക്കുന്നതിന് 72 തൊഴിലാളികളടങ്ങിയ സംഘം പ്രവർത്തിച്ചുവരുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി 12 ജീവനക്കാരുമുണ്ട്. പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തി ഈ സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്ന പദ്ധതികളും മുനിസിപ്പാലിറ്റി നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.