അബൂദബി: തിരക്കേറിയ ഹൈവേയിൽ ഡ്രൈവർമാർ അശ്രദ്ധമായി വാഹനങ്ങൾ ലൈൻ മാറ്റിയതു മൂലമുണ്ടായ അപകടങ്ങളുടെ ഭീകര ദൃശ്യം പങ്കുവെച്ച് അബൂദബി പൊലീസ്. പെട്ടെന്നുള്ള ലൈൻ മാറ്റം എങ്ങനെയാണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് വ്യക്തമാക്കാനാണ് റോഡ് കാമറകളിൽ പതിഞ്ഞ വിഡിയോ പൊലീസ് പുറത്തുവിട്ടത്. ഇത്തരം പ്രവണതകൾക്കെതിരെ പൊലീസ് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇരു വാഹനങ്ങളും ലൈനുകളിൽ തുടരുകയോ ലൈൻ മാറുന്നതിനു മുമ്പ് മുൻകരുതൽ സ്വീകരിക്കുകയോ ചെയ്തിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് പൊലീസ് പുറത്തുവിട്ട 49 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ.
വലത്തേ അറ്റത്തുനിന്ന് തിരിഞ്ഞുപോവുന്ന റോഡിലേക്ക് കടക്കാൻ ഇൻഡിക്കേറ്റർ പോലും ഇടാതെ അതിവേഗം ലൈനുകൾ മുറിച്ചുകടന്നെത്തിയ വാഹനം ലോറികൾക്കിടയിലൂടെ വലത്തേക്ക് കയറിയെങ്കിലും ഈ സമയം ഇതേ ലൈനിലൂടെയെത്തിയ വാഹനത്തെ ഇടിക്കുന്നതാണ് ആദ്യ അപകടം. ഇടിയേറ്റ വാഹനം തെറിച്ച് അഞ്ച് ലൈനുകളുള്ള പാതയിലേക്ക് വീഴുകയും ഇവിടെയുണ്ടായിരുന്ന മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു.
രണ്ടാമത്തെ അപകടവും സമാന രീതിയിലായിരുന്നു. അശ്രദ്ധമായി അതിവേഗ ലൈനിലേക്ക് മാറുന്നതിനിടെ എസ്.യു.വി പിക്അപ് ട്രക്കിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടമായ പിക്അപ് ട്രക്ക് വീണ്ടും ഇതേ വാഹനത്തിന്റെ പിന്നിൽ ഇടിക്കുന്നതും എസ്.യു.വി റോഡരികിലെ ഭിത്തിയിൽ ഇടിച്ചുകയറുന്നതുമാണ് വിഡിയോ. പെട്ടെന്നുള്ള ലൈൻ മാറ്റത്തിന് 1000 ദിർഹമും നാല് ബ്ലാക്ക് പോയന്റുമാണ് പിഴ. തെറ്റായ ഓവർ ടേക്കിങ്ങിന് നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 600 ദിർഹം മുതൽ 1000 ദിർഹം വരെ പിഴയീടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.