ഷാർജ: എമിറേറ്റിലെ വൻകിട കെട്ടിടങ്ങളിലെ തീയണക്കാൻ ഡ്രോൺ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങി ഷാർജ സിവിൽ ഡിഫൻസ്. അടുത്ത വർഷം ആദ്യ പാദത്തോടെ നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച ഡ്രോണുകൾ സിവിൽ ഡിഫൻസിന്റെ ഭാഗമാകും.
ഷാർജ സിവിൽ ഡിഫൻസിന്റെ സാങ്കേതിക വിദ്യ ടീമും യു.എ.ഇ ആസ്ഥാനമായുള്ള ഡ്രോൺ ഫസ്റ്റ് ബിൽഡിങ് സർവിസസ് കമ്പനിയും സംയുക്തമായി ഡ്രോണുകളുടെ പരീക്ഷണ പറക്കലുകൾ വിജയകരമായി പൂർത്തിയാക്കി. ഡ്രോണുകളുടെ പരീക്ഷണ പറക്കൽ വിജയകരമായിരുന്നുവെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സമി അൽ നഖ്ബി പറഞ്ഞു. 27 കിലോ ഭാരമുള്ള ഡ്രോണുകൾ ബാറ്ററി ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം.
ഇതു വഴി തുടർച്ചയായി 12 മണിക്കൂർ വരെ ഇത് ഉപയോഗിക്കാം. 18 സെക്കൻഡിനുള്ളിൽ 40 അടി ഉയരമുള്ള കെട്ടിടത്തിന് സമാനമായി 150 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ ഡ്രോണുകൾക്ക് ശേഷിയുണ്ട്. 5,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ഇന്റേണൽ ടാങ്കിൽ നിന്ന് 15 മീറ്റർ വരെ വെള്ളം സ്പ്രേ ചെയ്യാനും കഴിയും. ഈ വാട്ടർ ടാങ്കിനെ കെട്ടിടത്തിന് താഴേയുള്ള ടാങ്കിൽ നിന്ന് ഹോസ് ഉപയോഗിച്ച് ബന്ധിപ്പിക്കും. ഇതു വഴി ആവശ്യത്തിന് വെള്ളം യഥാസമയം സ്പ്രേ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുള്ള തെർമൻ കാമറകൾ വൻകിട കെട്ടിടങ്ങളിലെ തീപിടിത്തമുണ്ടായ ഇടങ്ങൾ നിർണയിക്കാനും അഗ്നിബാധയുടെ തീവ്രത മനസ്സിലാക്കാനും അഗ്നിശമന സേനയെ സഹായിക്കും. ദ്രുതഗതിയിൽ നടപടിയെടുക്കാൻ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ചൂടിന്റെ തീവ്രത അളക്കുന്ന സെന്‍സർ, രാത്രി ഉപയോഗിക്കാൻ കഴിയുന്ന ലൈറ്റുകൾ, അടിയന്തര ലാൻഡിങ്ങിന് കഴിയുന്ന പാരച്യൂട്ട് സംവിധാനം എന്നിവയും ഡ്രോണുകളിലുൾപ്പെടുത്തിയിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടിത്തം നിയന്ത്രവിധേയമാക്കുന്നതിലെ സമയം കുറക്കുക, പ്രതികരണത്തിന്റെ വേഗത കൂട്ടുക എന്നിവയുമായി ബന്ധപ്പെട്ട് സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ലക്ഷ്യങ്ങൾ നേടുന്നതിന് പുതിയ സാങ്കേതിക വിദ്യകൾ സുപ്രധാനമായ പങ്കുവഹിക്കും.
പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ നിലവിൽ തീയണക്കുന്നതിനായി അതോറിറ്റി ഉപയോഗിക്കുന്ന പരമ്പരാഗത രീതികളിൽ നിന്ന് ഏറ്റവും നൂതനവും ക്രിയാത്മകവുമായ രീതികളിലേക്ക് മാറുകയാണ് ലക്ഷ്യം. നിലവിൽ 60 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന ഏണികൾക്ക് 55 ലക്ഷം ദിർഹം വരെയാണ് ചെലവ്. ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ ഇത് ലാഭിക്കാനാവുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.