ദുബൈ: മരുന്നു വാങ്ങാൻ ഇനി ആശുപത്രിയിൽ നേരിട്ട് പോകണ്ട. ഓർഡർ ചെയ്താൽ ഡ്രോണുകൾ വീട്ടുമുറ്റത്ത് എത്തിച്ചുതരും. ദുബൈയിലെ പ്രമുഖ ആശുപത്രിയായ ഫക്കീഹ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലാണ് രോഗികൾക്കായി പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയുടെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന ദുബൈ സിലിക്കൺ ഒയാസിസിലെ (ഡി.എസ്.ഒ) സഡർ വില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഡ്രോൺ മരുന്നുകൾ എത്തിച്ചത്.
ദുബൈ സംയോജിത സാമ്പത്തിക മേഖല അതോറിറ്റിയുടെ ഭാഗവും നോളജ് ആൻഡ് ഇന്നവേഷൻ സ്പെഷൽ സോണുമായ ഡി.എസ്.ഒയിൽ ഒരു വർഷമായി നടത്തിവരുന്ന പരീക്ഷണങ്ങളുടെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡി.എഫ്.എഫ്), ദുബൈ വ്യോമ ഗതാഗത മന്ത്രാലയം എന്നിവരുടെ സഹകരണവും പരീക്ഷണത്തിനുണ്ടായിരുന്നു.
പശ്ചിമേഷ്യയിൽ ഡ്രോൺ വഴി മരുന്നുകൾ വീട്ടിലെത്തിക്കുന്ന ആദ്യ ആശുപത്രിയായി മാറാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഫക്കീഹ് യൂനിവേഴ്സിറ്റി ആശുപത്രി സി.ഇ.ഒ ഡോ. ഫാതിഹ് മുഹമ്മദ് ഗുൽ പറഞ്ഞു. പ്രതികരണ സമയം കുറക്കുന്നതിനും അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനും ഡ്രോൺ സർവിസുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത സംവിധാനം ഇല്ലാതാക്കുന്നതിലൂടെ കാർബൺരഹിത സേവനവ്യവസ്ഥയിലേക്ക് മാറാനും സാധിക്കും. അതോടൊപ്പം റോഡ് ഗതാഗത കുരുക്ക് ഉൾപ്പെടെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ ഡ്രോൺ സർവിസിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.