ദുബൈ: മയക്കുമരുന്ന് അടിമത്തത്തിൽനിന്ന് മോചിതരാകാൻ ദുബൈ പൊലീസിന്റെ സംവിധാനം ഉപയോഗിച്ചത് 576 പേർ. അഞ്ചുവർഷത്തിനിടെയാണ് ഇത്രയുംപേർ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഹിമായ ഇന്റർനാഷനലിന്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ഹിമായ ഇന്റർനാഷനൽ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. യു.എ.ഇ മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ ആനുകൂല്യം ഇത്തരക്കാർക്ക് ലഭിച്ചിട്ടുണ്ട്. നിയമത്തിന്റെ ആർട്ടിക്ൾ 89പ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സ്വയമോ കുടുംബങ്ങൾ വഴിയോ വിമുക്തി നേടുന്നതിന് പെലീസിനെ സമീപിച്ചാൽ നേരത്തേ ചെയ്തതിന് കേസെടുക്കുകയില്ല. ഇതിലൂടെ നിരവധി പേരാണ് ചികിത്സക്ക് പേടിയില്ലാതെ പൊലീസിനെ സമീപിക്കാൻ തുടങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ദുബൈ പൊലീസ് മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ വാർഷിക വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവലോകന യോഗത്തിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. മയക്കുമരുന്ന് കടത്തുകാരെയും വിൽപനക്കാരെയും കണ്ടെത്തുന്നതിനും പിടികൂടുന്നതിനും നൂതനമായ സംവിധാനങ്ങൾ വികസിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ പ്രവർത്തനങ്ങളെ കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു. വാർഷിക റിപ്പോർട്ടനുസരിച്ച് കഴിഞ്ഞവർഷം ആറു ടൺ 634 കിലോ മയക്കുമരുന്നും ഗുളികകളും വകുപ്പ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞവർഷം, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആൻറി നാർക്കോട്ടിക്സ്, 27 രാജ്യങ്ങളിലേക്ക് 89 സുരക്ഷ മുന്നറിയിപ്പുകൾ കൈമാറിയിട്ടുണ്ട്. ഇതിലൂടെ 36 അന്താരാഷ്ട്ര പ്രതികളെ അറസ്റ്റ്ചെയ്യാനായി. മയക്കുമരുന്ന് കടത്തും വിൽപനയുമായി ബന്ധപ്പെട്ട 340 വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.