റാസല്‍ഖൈമ: നാട്ടിലെ ലഹരിമരുന്ന് തേരോട്ട വാര്‍ത്തകളില്‍ ഞെട്ടലോടെ പ്രവാസലോകം. മയക്കുമരുന്ന് മാഫിയ ചെറിയ കുട്ടികളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നുവെന്നത് ഏറെ അസ്വസ്ഥയുളവാക്കുന്നതാണെന്ന് വേള്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് ആക്ഷന്‍ കൗണ്‍സില്‍ (ഡബ്ല്യൂ.എച്ച്.ആര്‍.എ.സി) ചെയര്‍മാന്‍ അനില്‍ കുളത്തൂര്‍ അഭിപ്രായപ്പെട്ടു. പ്രൈമറിതലം മുതല്‍ ബിരുദ വിദ്യാര്‍ഥികള്‍വരെ ലഹരി ഉപയോഗിക്കുന്നതിന്‍റെ വിഡിയോകളും അനുഭവക്കുറിപ്പുകളുമാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നതിനൊപ്പം പ്രാദേശിക തലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ജാഗ്രതാസമിതികള്‍ രൂപവത്കരിക്കണം. ഇതിലൂടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ അനില്‍ കുളത്തൂര്‍ പറഞ്ഞു.
കൊഴുത്തുവളരുന്ന ലഹരി മാഫിയയില്‍നിന്ന് സമീപ ഭാവിയില്‍ മോചനം നേടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കേരള പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആര്‍.പി. മുരളി പറഞ്ഞു. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
പൊലീസിനും എക്സൈസിനുമൊപ്പം സമൂഹവും ഇതിന് ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തിന് കര്‍ശനമായും പ്രായപരിധി നിശ്ചയിക്കണമെന്നും മുരളി അഭിപ്രായപ്പെട്ടു.
യുവാക്കളില്‍ കേന്ദ്രീകരിച്ചിരുന്ന ലഹരി മാഫിയയുടെ പ്രവര്‍ത്തനം കുരുന്നുകളെ ലക്ഷ്യമിടുന്നുവെന്നത് രാജ്യത്തിന്‍റെ ഭാവിയെ തുലാസിലാക്കുന്നതാണെന്ന് കവിയും എഴുത്തുകാരനുമായ ഹുസൈന്‍ അണ്ടത്തോട്. സമൂഹത്തിലെ അരുതായ്മകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ട യുവതലമുറ ലഹരിക്കടിപ്പെടുകയും അതിന്‍റെ വിപണനത്തില്‍ പങ്കാളികളാകുന്നതും നാടിന്‍റെ ദുര്യോഗമാണ്. ലാഭത്തില്‍ മാത്രം കണ്ണുനട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കുത്തകകള്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ല.
വിഷം നിറഞ്ഞ കുളത്തിലേക്ക് കുട്ടികളെ തള്ളിവിട്ട് അത് കുടിക്കരുതെന്ന് പറയുന്നതില്‍ കാര്യമില്ല. മുഖം നോക്കാതെയുള്ള അധികൃതരുടെ നിയമനടപടിയിലൂടെ മാത്രമേ നാടിനെ കരിച്ചുകളയുന്ന മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനാകൂവെന്നും ഹുസൈന്‍ പറഞ്ഞു.
കര്‍ശനമായ നിയമനടപടികളിലൂടെ മാത്രമേ നാട്ടില്‍ വ്യാപകമായ ലഹരിമരുന്നുപയോഗത്തിന് തടയിടാനാവുകയുള്ളൂവെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. എം.എ. ബാബു അഭിപ്രായപ്പെട്ടു.
അധികൃതര്‍ ശ്രദ്ധവെച്ചാല്‍ ഞൊടിയിടയില്‍ ഫലം കാണുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് കൊള്ളപ്പലിശക്കാര്‍ക്കെതിരെ നടപ്പാക്കിയ 'ഓപറേഷന്‍ കുബേര'. സമാനമായരീതിയില്‍ മയക്കുമരുന്ന് വ്യാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് വ്യാപനത്തില്‍ പൊറുതിമുട്ടിയ ഘട്ടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ശനമായ നിയമനടപടിയാണ് ആ രാജ്യത്തിന് രക്ഷയായത്. സമാനമായ രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരളസര്‍ക്കാര്‍ അമാന്തമരുത്. ഇതിന് പിന്നിലുള്ള സാമ്പത്തികസ്രോതസ്സുകള്‍ കണ്ടെത്തി തടയാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടി സ്വീകരിക്കണമെന്നും ഡോ. ബാബു പറഞ്ഞു.
ലോകാടിസ്ഥാനത്തില്‍ വേരുകളുള്ള മയക്കുമരുന്നുസംഘത്തെ യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ സമൂഹത്തിനിടയില്‍ തുടര്‍ച്ചയായ ബോധവത്കരണ പരിപാടികളിലൂടെയാണ് തടയിടുന്നതെന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍, ജനവാസ കേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രത്യേക പരിപാടികളാണ് ലഹരിമാഫിയക്കെതിരെ യു.എ.ഇ അധികൃതര്‍ നടത്തുന്നത്.
കസ്റ്റംസ് വിഭാഗവും അതിര്‍ത്തി രക്ഷാസേനയും തീര്‍ക്കുന്ന കരുത്തുറ്റ കവചങ്ങളെ മറികടന്നാണ് മയക്കുമരുന്ന് മാഫിയകളുടെ രംഗപ്രവേശനം.
ഇരകളെ തേടാന്‍ ഓണ്‍ലൈനിലും പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനമുണ്ട്. നിരന്തര ബോധവത്കരണ പരിപാടികളും പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടികള്‍ ഉറപ്പുവരുത്തുന്ന നിയമവാഴ്ചയുമാണ് യു.എ.ഇയില്‍ മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.