ദുബൈ: ലഹരി ഉപയോഗം കുടുംബം തകർക്കുമെന്നും ഇത് സമൂഹത്തിന് നല്ലതല്ലെന്നും ചലച്ചിത്ര താരം മാധവൻ. ഇന്ത്യയിലെ ലഹരി ഇടപാടിൽ ചലച്ചിത്ര താരങ്ങളും പ്രതിചേർക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായാണ് മാധവൻ ഇക്കാര്യം വ്യക്തമാക്കിയത്.ചലച്ചിത്ര മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പറയാനില്ലെന്നും ഇതേ കുറിച്ച് പഠിച്ചിട്ടില്ലെന്നും മാധവൻ പറഞ്ഞു.
ദുബൈയിൽ ചിത്രീകരിക്കുന്ന സെവൻത് സെൻസ് എന്ന വെബ്സീരീസുമായി ബന്ധപ്പെട്ട് വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിൽ നിന്ന് അതിവേഗം മുക്തമായ നാടാണ് യു.എ.ഇ. ഇവിടെ എല്ലാം സുരക്ഷിതമാണ്. ചലച്ചിത്ര ചിത്രീകരണത്തിനായി ആദ്യം തുറന്നുകൊടുത്തതും ദുബൈയാണ്. ജനജീവിതം സാധാരണ രീതിയിൽ എത്തിക്കാൻ ദുബൈ ഗവൺമെൻറ് സ്വീകരിച്ച നടപടികൾ പ്രശംസനീയമാണ്. അനന്ത സാധ്യതകൾ നൽകുന്ന പ്ലാറ്റ്ഫോമാണ് ഒ.ടി.ടി. എങ്കിലും തിയറ്ററിൽ പോയി സിനിമ കാണുന്നതുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല.
ലോകത്തെവിടെയും ഇരുന്ന് ഒ.ടി.ടിയിൽ സിനിമ കാണാൻ കഴിയും. ഇത് ഉത്തരവാദിത്തം കൂട്ടുന്നുണ്ട്. സിനിമയേക്കാൾ കൂടുതൽ വിശാലത വെബ്സീരീസുകൾക്കുണ്ട്. കൂടുതൽ കഥ പറയാനും ദൃശ്യവത്കരിക്കാനും കഴിയും. കോവിഡ് കാലത്ത് സിനിമയെ കുറിച്ചുള്ള ഗവേഷണങ്ങളിലായിരുന്നു.പൂർണമായും മൊബൈലിൽ ചിത്രീകരിച്ച മലയാള സിനിമ സി യു സൂൺ കാണാൻ കഴിഞ്ഞില്ല. ഇത്തരം ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും സ്വാഗതാർഹവുമാണ്.
സെവൻത് സെൻസ് വെബ് സീരീസ് സസ്പെൻസ് ത്രില്ലറായിരിക്കുമെന്നും പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിർമാതാവ് ഗൗരങ് ധോഷി, നടിമാരായ സന സഈദ്, എല്ലി അവിരാം, അസോസിയറ്റ് നിർമാതാക്കളായ മധു ഭണ്ഡാരി, മുനിർ അവാൻ, അമെയ് ഡി. നാർഗോൽകർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.