ദുബൈ: കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബൈ- അബൂദബി ബസ് സർവീസ് പുനരാരംഭിച്ചു. ഇ101 ബസാണ് സർവീസ് തുടങ്ങിയത്. നിരവധി പേർക്ക് ഉപകാരപ്പെടുന്ന സർവീസാണിത്. നിലവിൽ ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് പോകണമെങ്കിൽ സ്വന്തം വാഹനം ഇല്ലാത്തവർക്ക് ടാക്സിയെ ആശ്രയിക്കണമായിരുന്നു.
ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ) അബൂദബി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററും സഹകരിച്ചാണ് സർവീസ് നടത്തുന്നതെന്ന് ആർ.ടി.എ അറിയിച്ചു. ദുബൈ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് തുടങ്ങി അബൂദബി സെൻട്രൽ ബസ് സ്റ്റേഷനിൽ അവസാനിക്കുന്ന രീതിയിലായിരിക്കും സർവീസ്. തിരിച്ചും ഈ സ്റ്റേഷനുകളിലേക്ക് സർവീസുണ്ടാകും.
ഇരു എമിറേറ്റുകളിലെയും കോവിഡ് നിബന്ധനകൾ ബസ് യാത്രക്കാർക്ക് ബാധകമായിരിക്കും. അബൂദബിയിലേക്ക് പ്രവേശിക്കണമെങ്കിൽ വാക്സിനെടുത്ത യാത്രക്കാർക്ക് അൽ ഹുസ്ൻ ആപ്പിൽ പച്ച സിഗ്നൽ ലഭിക്കണം. അല്ലെങ്കിൽ 'ഇ' ലെറ്ററോ സ്റ്റാറോ ലഭിക്കണം. വാക്സിനെടുക്കാത്തവർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണം. ഇത് അൽഹുസ്ൻ ആപ്പിലും കാണിക്കണം. തുടർച്ചയായ രണ്ട് തവണ ഡി.പി.ഐ ടെസ്റ്റ് ഫലം സ്വീകരിക്കില്ല. എമിറേറ്റിലെ കോവിഡ് നിബന്ധനകൾ മാറുന്നത് യാത്രക്കാർക്കും ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.